22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 12, 2024
November 10, 2024
October 26, 2024
October 17, 2024
October 16, 2024
October 12, 2024
October 11, 2024
October 7, 2024

ലൈഫ് ഇൻഷുറൻസ് കോർപറേഷനും സ്വകാര്യമേഖലയ്ക്ക്

കെ പി ശങ്കരദാസ്
October 6, 2021 5:41 am

രാജ്യത്തിന്റെ അഭിമാനസ്തംഭമായ പൊതുമേഖലാസ്ഥാപനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയിൽ ഒന്നായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇന്ന് സ്വകാര്യവൽക്കരണത്തിന്റെ ഭീഷണിയിലാണ്. ഒരു കാലഘട്ടത്തിൽ രാജ്യത്തെ പൊതുജനങ്ങളെ വമ്പിച്ച ചൂഷണത്തിനു വിധേയമാക്കിക്കൊണ്ടിരുന്ന സ്വദേശവിദേശ കോർപറേറ്റുകളെ ഒഴിവാക്കാനായിരുന്നു 1956ൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനും 1972ൽ ജനറൽ ഇൻഷുറൻസ് കോർപറേഷനും 1969ൽ ബാങ്കുകളും ദേശസാൽക്കരിച്ചത്. അതോടെ ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ക്കും രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്കും അമൂല്യമായ സംഭാവനകളാണ് ഇവയിൽ നിന്നു ഉണ്ടായിട്ടുള്ളതെന്നും കാണാവുന്നതാണ്. ഈവക പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്നതും എൽഐസിയാണ്.

1956 ൽ അഞ്ച് കോടി രൂപ മൂലധനത്തോടെ ആരംഭിച്ച എൽഐസിയുടെ ഇന്നത്തെ ആസ്തി 38 ലക്ഷം കോടി രൂപയാണ്. 34 ലക്ഷം കോടിയുടെ ലൈഫ് ഫണ്ടുള്ള ലോകോത്തര സ്ഥാപനമാണ്. ഇതുവരെ രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 32 ലക്ഷം കോടി രൂപ. ഇതിനു പുറമെ റോഡ് നിർമ്മാണം, ഭവനനിർമ്മാണം, കുടിവെള്ള വിതരണം, ജലസേചനം, വൈദ്യുതി, ആരോഗ്യസംരക്ഷണം എന്നിവയ്ക്കായി 24 ലക്ഷം കോടി രൂപയും വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി 31 ലക്ഷം കോടി രൂപയും ചെലവഴിച്ചു. 37 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. നടപ്പുസാമ്പത്തികവർഷം റയിൽവേ വികസനത്തിനായി ഒന്നരലക്ഷം കോടിയും പുതിയ ദേശീയപാതയുടെ നിർമ്മാണത്തിന് ഒന്നേകാൽ ലക്ഷം കോടി രൂപയുമാണ് എൽഐസി നീക്കിവച്ചിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ എന്തുകൊണ്ട് കര്‍ഷകരെ ഭയപ്പെടുന്നു?


 

രാജ്യത്തിന്റെ വികസനത്തിനായി സമർപ്പിതമായിരിക്കുന്ന ഒന്നാമത്തെ സേവന ശൃംഖലയായ എൽഐസിയുടെ ജനവിശ്വാസ്യത ഏറിവരുന്നതായാണ് സൂചന. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിനപ്പുറത്തും അവയുടെ പ്രവർത്തനം നിർണായകമാണ്. വികസിത പിന്നാക്കപ്രദേശങ്ങളിലും ഒറ്റപ്പെട്ട തുരുത്തുകളിലും ഉൾനാടൻ ഗ്രാമങ്ങളിലും മലപ്രദേശങ്ങളിലുംവരെ സേവനം വ്യാപിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. വർഷംതോറും 2500 കോടി രൂപയിലേറെയാണ് ലാഭവിഹിതമായി സർക്കാരിന് നൽകുന്നത്. 2019–2020 വർഷം നൽകിയ ലാഭവിഹിതം 2697 കോടി.

ലോകത്ത് 14 രാജ്യങ്ങളിൽ എൽഐസിയുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ, ബ്രാൻഡ് ഇൻഷുറൻസ് സർവെ പ്രകാരം ലോകത്തെ മൂന്നാമത്തെ ശക്തമായ ഇൻഷുറൻസ് ബ്രാൻഡാണ് എൽഐസി. ഇതര പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായ മാനുഷിക‑സേവന മുഖമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് സ്ഥാപനങ്ങൾക്കുള്ളത്. വൻലാഭം ഉണ്ടാക്കുന്നവയാണ് ഇവയെങ്കിലും ലാഭേച്ഛയെക്കാൾ ഉപരിയായി കലർപ്പില്ലാത്ത പൊതുതാല്പര്യ കാഴ്ചപ്പാടും നാടിന്റെ വികസനത്തോടുള്ള പ്രതിബദ്ധതയും മാനുഷിക പ്രവർത്തനങ്ങളുംകൊണ്ട് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ രാജ്യത്തെ ജനങ്ങളുടെ ആശ്രയകേന്ദ്രങ്ങളാണ്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കലവറയില്ലാത്ത സാമ്പത്തിക സഹായം ലഭ്യമാക്കിയ ചരിത്രവും ഇവയ്ക്കുണ്ട്. തകർച്ചയിലായ ആയിരക്കണക്കിന് വ്യവസായ‑വ്യാപാര സ്ഥാപനങ്ങളെ കരകയറ്റാനും പുനരുദ്ധരിക്കാനുമായി അനുവദിച്ചതും നൂറുകണക്കിന് കോടി രൂപയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി 2008ൽ ലോകരാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുകയും വൻ സാമ്പത്തിക ശക്തിയായ അമേരിക്കയിലടക്കം പരശതം കൂറ്റൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും ചീട്ടുകൊട്ടാരംപോലെ തകർന്ന് വീണപ്പോഴും സാമ്പത്തികകെടുതികൾ രൂക്ഷമാകാതെ ഇന്ത്യയെ സംരക്ഷിച്ചു നിർത്തിയത് ഇവിടത്തെ പൊതുമേഖല ബാങ്കുകളും ദേശസാൽകൃത ഇൻഷുറൻസ് കമ്പനികളുമായിരുന്നു.

 


ഇതുകൂടി വായിക്കൂ: പന്‍ഡോറ പട്ടികയില്‍ മുന്നൂറിലധികം ഇന്ത്യക്കാരും


 

ലോക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അമേരിക്കയും മറ്റ് വികസിത രാജ്യങ്ങളും ദേശസാൽക്കരണ നയങ്ങളിലേക്ക് അതിവേഗം തിരിച്ചുപോകുന്ന ദൃശ്യമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ കാണാൻ കഴിഞ്ഞത്. ദേശസാൽക്കരണത്തിന്റെ ശാസ്ത്രീയതയും പ്രായോഗികതയും തിളക്കമേറിയ ഒട്ടേറെ പരീക്ഷണങ്ങളെ വിജയകരമായി അതിജീവിച്ച ഈ സിദ്ധാന്തത്തിന്റെ അനിവാര്യത ലോകത്തിനു മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് അതിനെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്നത്. ജനങ്ങൾക്കായി ഭാവനാപൂർണമായ സാമൂഹിക സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ച് നീതിപൂർവമാംവിധം നടപ്പാക്കുന്നതിൽ ജാഗ്രത പാലിക്കുന്ന പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ സ്വകാര്യ മുതലാളിമാരുടെ കൈകളിലെത്തുമ്പോൾ അവയുടെ സേവനമുഖം നഷ്ടമാകും. പരമാവധി ലാഭം കൊയ്യാനുള്ള വ്യഗ്രതയിൽ പോളിസി ഉടമകൾ പകൽകൊള്ളയടിക്കു വിധേയരാകുകയും ചെയ്യും. സ്വകാര്യവൽക്കരണ നിഗ്രഹത്തിന് ഏറ്റവും ഒടുവിൽ ഇരയായിരിക്കുന്നത് സമ്പദ്ഘടനയിൽ ദശകങ്ങളായി മികച്ച സ്വാധീനം ചെലുത്തുന്ന പൊതുമേഖല ഇൻഷുറൻസ് കമ്പനികളാണ്.

രാജ്യത്തെ ഒന്നാംകിട പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിക്കാൻ മാത്രമല്ല, വിദേശവൽക്കരിക്കാൻ കൂടിയാണ് മോഡി സർക്കാരിന്റെ പുറപ്പാട്.

ദേശസാൽക്കരണത്തിന് മുൻപ് ഇൻഷുറൻസ് മേഖല കൈയടക്കിയിരുന്നത് സ്വകാര്യ, വിദേശകമ്പനികളായിരുന്നു. അവർ ജനങ്ങളെ വൻചൂഷണത്തിന് ഇരയാക്കുകയായിരുന്നു. അതിന് അറുതിവരുത്തുന്നതിനായി നടപ്പാക്കിയ ദേശസാ­ൽക്കരണം വൻ വിജയമായി മാറുകയായിരുന്നു. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ സേവനതുറയിൽ മാത്രമല്ല, നാടിന്റെ വികസനപ്രക്രിയയിലും സമ്പദ്ഘടനയിലും ശാക്തീകരണത്തിലും തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുള്ളതായിട്ടാണ് അനുഭവം സാക്ഷ്യപ്പെടുത്തുന്നത്.

 


ഇതുകൂടി വായിക്കൂ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മുന്‍ പ്രധാനമന്ത്രി വരെ: പാന്‍ഡോറ നികുതിവെട്ടിപ്പുകളുടെ ചുരുളഴിക്കുമ്പോള്‍


 

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയും സി സി ദേശ്‌മുഖ് കേന്ദ്രമന്ത്രിയുമായിരിക്കെ 1956 സെപ്റ്റംബർ ഒന്നിനാണ് ലൈഫ് ഇൻഷുറൻസ് മേഖല സമ്പൂർണമായും ദേശസാൽക്കരിച്ചത്. 152 സ്വകാര്യ ഇൻഷുറൻസ് കമ്പനികളെയും 16 വിദേശ കമ്പനികളെയും നഷ്ടപരിഹാരം നൽകി ഗവൺമെന്റ് ഏറ്റെടുത്താണ് രാജ്യത്തെ ഏക ലൈഫ് ഇൻഷുറൻസ് സ്ഥാപനമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ പൊതുമേഖലയിൽ സ്ഥാപിതമായത്.

എൽഐസിയുടെയും ജിഐസിയുടെയും ചിറകുകൾ ഓരോന്നായി അരിയുന്നതിലൂടെ ഇൻഷുറൻസ് മേഖലയിൽ പൊതുമേഖലകളുടെ പ്രമാണിത്തം പടിപടിയായി ഇല്ലാതാക്കുന്നതിന് കഴിഞ്ഞ ഏഴു വർഷവും മോഡി സർക്കാർ നിരന്തരം ശ്രമിച്ചുവെങ്കിലും രാജ്യത്തെ ജനങ്ങൾ സ്വകാര്യമേഖലയിലേക്ക് പോകാതെ പൊതുമേഖലയ്ക്കൊപ്പം നിലകൊള്ളുകയായിരുന്നു.

സർക്കാരിന്റെ പൂർണ പിന്തുണയോടെ ഇൻഷുറൻസ് മേഖലയിൽ ബിസിനസ് കൊഴുപ്പിക്കാമെന്ന സ്വകാര്യ കമ്പനികളുടെ മോഹം എട്ടുനിലയിൽ പൊട്ടിയപ്പോഴാണ് പൊതുമേഖല കമ്പനികളിൽ നുഴഞ്ഞുകയറി പിടിമുറുക്കാം എന്ന ത­ന്ത്രത്തിലേക്ക് അവർ നീങ്ങിയത്. സ്വകാര്യ മൂലധനശക്തികളുടെ ഇംഗിതമനുസരിച്ചാണ് ഇ­പ്പോൾ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ഗവൺമെന്റ് ഓഹരികൾ ഭീമമായ തോതിൽ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനും ഈ കമ്പനികളിലെ പ്രത്യക്ഷ വിദേശനിക്ഷേപം 70 ശതമാനംവരെയായി ഉയർത്താനും ഉള്ള നിയമനിർമ്മാണം മോഡി സർക്കാർ നടത്തിയിരിക്കുന്നത്.

ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് 26 ശതമാനം ആയിരുന്നുവെങ്കിൽ മോഡി സർക്കാർ അത് 49 ശതമാനമായി വർധിപ്പിച്ചതോടൊപ്പം കമ്പനികളുടെ പൂർണമായ നിയന്ത്രണം വിദേശികളുടെ കൈകളിലെത്തിക്കാനുള്ള നടപടിയും കൈക്കൊള്ളുകയായിരുന്നു.

ദേശസാൽക്കരണത്തെയും പൊതുമേഖല സ്ഥാപനങ്ങളെയും സംബന്ധിച്ച് പ്രതിപക്ഷത്തിരുന്നപ്പോൾ കൈക്കൊണ്ടതിന് നേർ വിപരീതമായ നിലപാടും നടപടികളുമാണ് ഭരണം കിട്ടിയശേഷം ബിജെപി സ്വീകരിക്കുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 49 ശതമാനം ഓഹരികൾ കൈയടക്കാൻ സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകാന്‍ 2011 ൽ ഡോ. മൻമോഹൻസിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ തീരുമാനിച്ചപ്പോൾ അന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി ശക്തമായി എതിർത്തു. ബിജെപി നേ­താവ് യശ്വന്ത്സിൻഹ ആ എതിർപ്പിന്റെ കുന്തമുനയായി നിലകൊണ്ടു. അദ്ദേഹം അധ്യക്ഷനായ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇൻഷുറൻസ് മേഖലയിൽ 26 ശതമാനത്തിൽ കൂടുതൽ ഓഹരി വില്പന പാടില്ലെന്ന നിലപാടാണ് എടുത്തത്. അതിനു വിരുദ്ധമായ നിലപാടാണ് തുടർന്ന് അധികാരത്തിൽ വന്ന മോഡി സർക്കാർ സ്വീകരിച്ചത്.

 


ഇതുകൂടി വായിക്കൂ: ഭാരത്ബന്ദിന്റെ ദിശാമുഖം


 

വൻകിട മുതലാളിമാരുടെ വായ്പകൾ കിട്ടാക്കടമായി എഴുതിത്തള്ളിയതും നോട്ടുനിരോധനവും ജിഎസ്‌ടിയുമൊക്കെയാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്ത­ൽ. കിട്ടാക്കടം എഴുതിതള്ളിയത് 68,607 കോടി. കിട്ടാക്കടം വകയിൽ ബാക്കി നിൽക്കുന്നത് 1.53 ലക്ഷം കോടി. ഇവയെല്ലാം മറച്ചുവച്ചുകൊണ്ടാണ് രാജ്യത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി വളർന്നുവന്നിട്ടുള്ള നവരത്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതുമേഖലകളും പൊതുസമ്പത്തും വൻകിട മുതലാളിമാർക്ക് കൈമാറാനുള്ള നീക്കം. റയിൽവേ, വൈദ്യുതി, ദേശീയപാത, തുറമുഖം, വിമാനത്താവളം തുടങ്ങിയ 20 പ്രധാന മേഖലകളാണ് കൈമാറ്റപ്പട്ടികയിലുള്ളത്. ഇപ്പോൾ തന്നെ രാജ്യത്തെ സമ്പത്തിന്റെ 74 ശതമാനവും നിയന്ത്രിക്കുന്നത് 10 ശതമാനം ആളുകളാണെന്നാണ് ‘ന്യുവേൾഡ് വെൽത്ത്’ റിപ്പോർട്ട്. ലോകത്ത് സാമ്പത്തിക അസമത്വത്തിന്റെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുകയാണ്. ദിവസങ്ങൾ കഴിയുംതോറും സാധാരണ ജനങ്ങളുടെ ജീവിതം ദയനീയാവസ്ഥയിലേക്കാണ്. 2021 സെ­പ്റ്റംബർവരെ തൊഴിലില്ലായ്മനിരക്ക് 8.34 ശതമാനമാണ്. ഇതിനു പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് ദേശീയ ധനസമാഹരണ പദ്ധതിയെന്ന പേരിൽ ആറുലക്ഷം കോടി രൂപ സമാഹരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

വിദേശ കോർപറേറ്റുകളുടെ ശതകോടികളുടെ നികുതി കുടിശിക എഴുതിതള്ളുന്ന നിയമഭേദഗതി ബില്ല് കഴിഞ്ഞ ലോക്‌സഭയിൽ പാസാക്കിയെടുത്തത്. ഏറെ വികസനസാധ്യതയും തൊഴിൽ സാധ്യതയുമുള്ള റയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപറേറ്റുകൾക്ക് കൈമാറുന്നത് രാജ്യത്ത് രൂക്ഷമായ സാമ്പത്തിക അരാജകത്വത്തിന് വഴിതെളിക്കും.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.