22 December 2024, Sunday
KSFE Galaxy Chits Banner 2

അയോധ്യാവിധി പോലെ, ജമ്മു കശ്മീർ വിധി

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
December 24, 2023 4:11 am

അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി കേസിൽ സംഭവിച്ചതുതന്നെ ജമ്മു കശ്മീർ വിധിയിലും സംഭവിച്ചു. സംസ്ഥാനത്തിന് ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 370 പ്രകാരം നൽകിയിരുന്ന പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനെതിരെയും ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതിനെതിരെയുമുള്ള ഹര്‍ജിയിലെ സുപ്രീം കോടതി വിധിയാണ് ഇന്ന് വ്യാപകമായി നിയമവൃത്തങ്ങൾ ചർച്ച ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ വിധിയിൽ ഗുരുതരമായ ഒരു ഭരണഘടനാ ലംഘനത്തെ കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞുമാറിയിരിക്കുകയാണ്. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനെടുത്ത തീരുമാനത്തിന്റെ ചരിത്ര പശ്ചാത്തലം അറിഞ്ഞുകൂടാത്ത ആളുകൾക്ക് അനുച്ഛേദം 370 റദ്ദ് ചെയ്തുകൊണ്ട് ഇത് ഒരു താൽക്കാലിക സംവിധാനത്തെയാണ് വ്യക്തമാക്കുന്നത് എന്ന് നിയമപരമായി വാദിക്കാം. എന്നാൽ അവർക്കുപോലും ഉത്തരം മുട്ടുന്ന ഒന്നാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ സാധുത. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തനിക്കും ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവർക്കു വേണ്ടിയും എഴുതിയ വിധിയും, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പ്രത്യേകമായി എഴുതിയ വിധിയും ജസ്റ്റിസ് സഞ്ജീവ് ഖന്ന എഴുതിയ മറ്റൊരു വിധിയുമുള്‍പ്പെടെ മൂന്നു വിധിപ്രസ്താവങ്ങളാണ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ഫെഡറൽ സ്വഭാവമുള്ളതാണോ എന്നു പരിശോധിക്കുന്നതിനായി ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ വ്യാഖ്യാനങ്ങളുടെ ചരിത്രം അന്വേഷിച്ചു പോയ ബഹുമാനപ്പെട്ട സുപ്രീം കോടതി, ജമ്മു കശ്മീരിന്റെ ഇന്ത്യൻ യൂണിയനിലേക്കുള്ള ”പ്രവേശന കരാറി”ന്റെ ചരിത്രം പരിശോധിക്കാതിരുന്നത് വിചിത്രമായി തോന്നുന്നു.

 


ഇതുകൂടി വായിക്കൂ; സ്വേച്ഛാധിപത്യം കടുപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം


ചീഫ് ജസ്റ്റിസ് എഴുതിയ വിധിയിൽ അദ്ദേഹത്തിന്റെ നിഗമനങ്ങൾ വിശദമാക്കുന്ന 514-ാം ഖണ്ഡികയിൽ ‘ലഡാക്ക് ഒഴികെയുള്ള ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന സോളിസിറ്റർ ജനറലിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമാക്കി പുനഃസംഘടിപ്പിക്കുന്ന നടപടി അനുച്ഛേദം മൂന്ന് പ്രകാരം അനുവദനീയമാണോ എന്നത് പരിശോധിക്കേണ്ടുന്ന ആവശ്യമില്ല’ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ കേന്ദ്ര സർക്കാർ അഭിഭാഷകന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തുകൊണ്ട് സർക്കാർ നടപടിയുടെ ഭരണഘടനാ സാധുത പരിശോധിക്കാതെ വിടുകയാണ് ചെയ്തിട്ടുള്ളത്. ‘എന്നിരുന്നാലും സംസ്ഥാനത്തെ വിഭജിച്ച് ലഡാക്ക് എന്നൊരു കേന്ദ്രഭരണ പ്രദേശം രൂപീകരിച്ച നടപടിയെ ഞങ്ങൾ സാധൂകരിക്കുന്നു’ എന്നും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനോട് 2024 സെപ്റ്റംബർ 30നകം ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ച സുപ്രീം കോടതി എത്രയുംവേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിന് ഒരു സംസ്ഥാനത്തെ ഒന്നിലേറെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റുവാൻ അധികാരമുണ്ടോ എന്ന നിയമപ്രശ്നങ്ങൾ ചർച്ചകൾക്കായി ‘ഞങ്ങൾ തുറന്നിടുന്നു’ എന്നാണ് വിധിപ്രസ്താവം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ വിധിയിൽ, ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനോ, ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഭൂവിസ്തൃതി കുറയ്ക്കാനോ അതിരുകൾ ഭേദഗതി വരുത്താനോ അല്ലെങ്കിൽ നിലവിലുള്ള സംസ്ഥാനത്തിന്റെ പേര് ഭേദഗതി ചെയ്യാനോ ഉള്ള നിയമ നിർമ്മാണത്തിന് പാർലമെന്റിന് അധികാരം നൽകുന്നു എന്നത് എടുത്തു പറയുന്നു.

 


ഇതുകൂടി വായിക്കൂ; പ്രതിപക്ഷവേട്ട വീണ്ടും ശക്തമാക്കി ഇഡി; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്


 

അനുച്ഛേദം മൂന്നിന്റെ ഒന്നാം വിശദീകരണത്തിൽ, ഈ അനുച്ഛേദത്തിൽ പറയുന്ന ‘സംസ്ഥാനം’ എന്നതിൽ ‘യൂണിയൻ ടെറിട്ടറി‘യും ഉൾപ്പെടുമെന്നു വ്യക്തമാക്കിയിട്ടുള്ളതിനെ കോടതി വളരെ വിചിത്രമായിട്ടാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള നിയമം നിർമ്മിക്കുന്ന പാർലമെന്റിന് പുതിയ കേന്ദ്രഭരണ പ്രദേശം ഉണ്ടാക്കുന്നതിനും നിയമം നിർമ്മിക്കാമെന്ന് വാദത്തിന് സമ്മതിക്കാമെങ്കിലും ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലെ ഏതു വ്യവസ്ഥയനുസരിച്ചാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി പരിവർത്തനം ചെയ്യിക്കാൻ അനുവദിക്കുന്നത്. ‘സംസ്ഥാനം’ എന്നതിൽ കേന്ദ്രഭരണ പ്രദേശവും ഉൾപ്പെടുന്നു എന്ന വിശദീകരണത്തിന്റെയർത്ഥം സംസ്ഥാനത്തിന്റെ അതിർത്തി ഭേദഗതി ചെയ്യുന്നതുപോലെയോ, ഭൂവിസ്തൃതി കുറയ്ക്കുന്നതു പോലെയോ പേരു മാറ്റുന്നതുപോലെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയും പേരു മാറ്റുകയോ അതിരു മാറ്റുകയോ ഭൂവിസ്തൃതി കുറയ്ക്കുകയോ ചെയ്യാമെന്നാണ്.
വിധിയുടെ 109-ാം ഖണ്ഡികയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കുന്നതിങ്ങനെ: ‘ഒരു സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കാമോ എന്നതിന്റെ ആഴത്തിലുള്ള പരിശോധനയ്ക്ക് ഞങ്ങൾ ഇപ്പോൾ പോകുന്നില്ല, കാരണം കേന്ദ്ര സര്‍ക്കാരിന്റെ സൊളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഉറപ്പ്, എത്രയുംവേഗം തെരഞ്ഞെടുപ്പ് നടത്തി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നാണ്’. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രത്യേക വിധിയിൽ ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ഒരു പൗരന് തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിനെ നിഷേധിക്കുന്നതും ഫെഡറലിസത്തെ തടസപ്പെടുത്തുന്നതുമാണ്. ഒരു സംസ്ഥാനത്തെ വിഭജിച്ച് ഒരു കേന്ദ്ര ഭരണ പ്രദേശമുണ്ടാക്കുമ്പോൾ ശക്തവും യുക്തിഭദ്രവുമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അതിനെ നീതീകരിക്കാൻ കഴിയുകയുള്ളൂ. അനുച്ഛേദം മൂന്നിന്റെ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ് എന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. പക്ഷെ എന്ത്? എങ്ങനെ? ശരിയും തെറ്റും ഏത്? തിരുത്തൽ വേണമോ എന്നതിലേക്കൊന്നും പോകാൻ കോടതി തയ്യാറാകുന്നില്ല.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മൂന്നുവിധി പ്രസ്താവങ്ങളും പരിശോധിക്കുമ്പോൾ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 370 താല്‍ക്കാലിക വ്യവസ്ഥയായിരുന്നു എന്നും അത് റദ്ദ് ചെയ്തതിൽ തെറ്റില്ലായെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ‘ലഡാക്ക്’ എന്ന ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കപ്പെട്ടത് കോടതി സാധൂകരിക്കുന്നു. ലഡാക്ക് ഒഴികെയുള്ള ജമ്മു കശ്മീരിന് സംസ്ഥാന പദവി താമസംവിനാ പുനഃസ്ഥാപിക്കപ്പെടുമെന്ന് കോടതി പ്രത്യാശിക്കുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന് തൽക്കാലം ആശ്വാസം നൽകാൻ വേണ്ടിയുള്ള ഒരു വിധിയാണെന്ന് മാത്രമെ വിലയിരുത്താൻ കഴിയുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.