സംസ്ഥാനത്തെ കന്നുകാലികളുടെ പൂര്‍ണ വിവരങ്ങള്‍ ഇനി മൃഗസംരക്ഷണവകുപ്പിന് വിരല്‍ത്തുമ്പില്‍ ലഭിക്കും. റീബിൽഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അതിസൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർഎഫ്ഐഡി)വഴിയാണ് ആധുനിക രീതിയിലുള്ള വിവരശേഖരണം നടപ്പാക്കുന്നത്.
മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ പി ആർ ചേംബറിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ കൗശികനും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥും പദ്ധതിയുടെ ധാരണാപത്രം കൈമാറി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളും സന്നിഹിതയായിരുന്നു. പദ്ധതിയുടെ പൂര്‍ണ നടത്തിപ്പ് ചുമതല ഡിജിറ്റൽ സർവകലാശാല കേരളയ്ക്കാണ്. മൃഗസംരക്ഷണ വകുപ്പിന്റെ പൂർണമായ ഡിജിറ്റൽവത്ക്കരണം ലക്ഷ്യം വെച്ച് ഇന്ത്യയിൽ ആദ്യമായാണ് ഇ സമൃദ്ധ പദ്ധതി നടപ്പാക്കുന്നത്.
7.2 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പത്തനംതിട്ടയിൽ പരീക്ഷണാടിസ്ഥാനത്തിൽ അനിമൽ ഐഡന്റിഫിക്കേഷൻ ട്രേസബിലിറ്റി നടപ്പാക്കുക. ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എഴുപത്തി അയ്യായിരത്തോളം കന്നുകാലികളെ ചിപ്പ് ഉപയോഗിച്ച് ഡിജിറ്റൽ ടാഗ് ചെയ്ത ഡാറ്റാബേസ് നിർമ്മിക്കും.
കാർഡ് റീഡറോ സ്മാർട്ട് ഫോണോ ഉപയോഗിച്ച് ടാഗ് ചെയ്ത ഓരോ മൃഗത്തിന്റേയും വിശദാംശങ്ങൾ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിജിറ്റലായി ലഭ്യമാകും. ഇതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനും പുതിയതും സങ്കീർണവുമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉല്പാദനശേഷിയും പ്രതിരോധശേഷിയും കൂടുതലുള്ള കന്നുകാലികളെ കണ്ടെത്തി കൃത്രിമ ബീജസങ്കലനത്തിലൂടെ പാൽ ഉല്പാദനം കൂട്ടി കർഷകരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കും.
ഏപ്രിൽ മാസത്തോടെ പത്തനംതിട്ട ജില്ലയിലെ എല്ലാ കന്നുകാലികളുടെയും ടാഗിങ് പൂർത്തിയാക്കി വിവരശേഖരണം ആരംഭിക്കും. തുടക്കത്തില്‍ പശുക്കളിലായിരിക്കും ആധുനിക രീതിയിലുള്ള വിവരശേഖരണമെങ്കിലും പിന്നാലെ മറ്റ് ഉരുക്കളുടെ വിവരങ്ങളും ഇതേ രീതിയില്‍ ശേഖരിക്കുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
English Summary:Livestock information on new steps in the field of animal husbandry is now at your fingertips
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.