24 December 2024, Tuesday
KSFE Galaxy Chits Banner 2

2000 രൂപ തിരിച്ചടക്കാത്തതിനാൽ ലോൺ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ന ഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

Janayugom Webdesk
അമരാവതി
December 11, 2024 5:51 pm

2000 രൂപ തിരിച്ചടക്കാത്തതിനാൽ ലോൺ ആപ്പുകൾ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആന്ധ്രപ്രദേശിൽ യുവാവ് ആത്മഹത്യ ചെയ്തു. ലോൺ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകൾ മോർഫ് ചെയ്‌ത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുകൊടുത്തതിൽ മനംനൊന്താണ് 25 കാരനായ നരേന്ദ്ര ജീവനൊടുക്കിയത്. മറ്റൊരു ജാതിയിൽപെട്ട യുവതിയുമായുള്ള പ്രണയവിവാഹമായിരുന്നു. ഒക്‌ടോബർ 28 നായിരുന്നു യുവാവിന്‍റെ വിവാഹം.

മത്സ്യത്തൊഴിലാളിയായിരുന്ന നരേന്ദ്രൻ വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. മോശം കാലാവസ്ഥ മൂലം കടലിൽ പോകാൻ കഴിയാതിരുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. ചെലവുകൾക്കായി നരേന്ദ്ര ഒരു ആപ്പിൽ നിന്ന് 2000 രൂപ കടമെടുത്തിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽ, ലോൺ ആപ്പ് ഏജൻ്റുമാർ ലോൺ തിരിച്ചടയ്ക്കാത്തതിൽ യുവാവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.

കൂടാതെ, ഇയാളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. ചിത്രങ്ങൾ കിട്ടിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും സംഭവത്തെ പറ്റി അന്വേഷിച്ചു. ഇതിൽ മനംനൊന്താണ് നരേന്ദ്ര ജീവിതം അവസാനിപ്പിച്ചത്.

ആന്ധ്രാപ്രദേശിൽ നിന്ന് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ലോൺ ആപ്പ് ഏജൻ്റുമാരുടെ പീഡനം നേരിട്ട് നന്ദ്യാൽ ജില്ലയിൽ ഒരു യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വി അനിത കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചിരുന്നു. സർക്കാർ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ആരംഭിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.