തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാരിന് താക്കീതായി കര്‍ഷക മഹാപഞ്ചായത്ത്. കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള ആഹ്ലാദമുഹൂര്‍ത്തത്തിലും സമരോത്സുകത നിറഞ്ഞ മനസുമായാണ് ആയിരങ്ങള്‍ സംസ്ഥാന തലസ്ഥാനത്ത് ഒത്തുചേര്‍ന്നത്. കര്‍ഷകപ്രക്ഷോഭത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അനേകം കര്‍ഷകരുടെ ഓര്‍മ്മകളുമായി ബന്ധുക്കളും നാട്ടുകാരുമെല്ലാം ലഖ്നൗവിലേയ്ക്ക് ഒഴുകിയെത്തി. കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ ആഘാതം വിട്ടുമാറാത്ത ലഖിംപുര്‍ ഖേരിയില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരില്‍ നല്ലൊരു പങ്കും. ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിന്റെ നേര്‍സാക്ഷ്യമായി സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെയുള്ള വലിയ ജനക്കൂട്ടത്തിന്റെ ആവേശോജ്ജ്വലമായ പങ്കാളിത്തം.
“വിഷയങ്ങള്‍ അവസാനിച്ചുവെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റി. നമ്മുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെടുന്നതുവരെ പ്രക്ഷോഭം അവസാനിക്കാന്‍ പോകുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനം”,
മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് നേതാക്കള്‍ വ്യക്തമാക്കി. കുറഞ്ഞ താങ്ങുവില കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ ഇടിച്ചുകയറ്റി കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യവും മഹാപഞ്ചായത്ത് ഉയര്‍ത്തി. “ഞങ്ങളുടെ സഹോദരങ്ങളെയാണ് അന്നത്തെ കൂട്ടക്കുരുതിയില്‍ നഷ്ടപ്പെട്ടത്. ഗവണ്‍മെന്റ് നിര്‍ലജ്ജം ആവശ്യം അവഗണിക്കുകയാണ്. രക്തത്തിന്റെ അവസാനതുള്ളിയും ബാക്കിയുള്ളതുവരെ കൂട്ടക്കുരുതിക്ക് ഇരയായ കര്‍ഷകരുടെ നീതിക്കുവേണ്ടി ഞങ്ങള്‍ പോരാടും” കര്‍ഷകര്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ഒരു വര്‍ഷമായി തുടരുന്ന സമരത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ കര്‍ഷകര്‍ക്ക് രക്തസാക്ഷികളുടെ പദവി നല്‍കണമെന്നും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിനോട് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.
english summary;Lucknow Karshaka Maha Panchayat; Adityanath was warned
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.