ലോകത്തിന്റെയും രാജ്യത്തിന്റെയും പല ഭാഗങ്ങളില്‍ പതിനായിരക്കണക്കിന് കന്നുകാലികളുടെ മരണത്തിനു കാരണമായ ചര്‍മ്മമുഴ രോഗം (ലംപി സ്കിന്‍ ഡിസീസ്) നമ്മുടെ സംസ്ഥാനത്ത് പലയിടങ്ങളിലും കണ്ടെത്തിയിരിക്കുകയാണ്. ഏതാണ്ട് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്ത് സ്ഥിരീകരിച്ച രോഗമാണ് ചര്‍മ്മ മുഴ. 1929ല്‍ സാംബിയയിലാണ് ആദ്യമായി രോഗവ്യാപനം സ്ഥിരീകരിച്ചത്. പിന്നീട് 1940കളിലും 50കളിലും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും രോഗ സാന്നിധ്യവും വ്യാപനവുമുണ്ടായി. 1989ല്‍ ഇസ്രയേലിലും അതേവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഈജിപ്റ്റിലും രോഗം പടരുന്ന സാഹചര്യമുണ്ടായിരുന്നു. 2019 ജൂലൈയില്‍ ബംഗ്ലാദേശിലുണ്ടായ വ്യാപനത്തില്‍ ഏകദേശം അഞ്ചു ലക്ഷത്തിലധികം കന്നുകാലികള്‍ക്കാണ് രോഗബാധയുണ്ടായത്. പതിനായിരക്കണക്കിന് കന്നുകാലികള്‍ ചത്തുപോകുകയും ചെയ്തു. 2019ല്‍തന്നെ ഇന്ത്യയിലും രോഗവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും രോഗബാധ കുറഞ്ഞതോതില്‍ ഉണ്ടാകാറുണ്ടായിരുന്നുവെങ്കിലും അതിനു ശേഷം കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലാണ് 7000 കന്നുകാലികളെ കൊന്നൊടുക്കിയ വ്യാപനമുണ്ടായത്. അതേവര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ — സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വ്യാപക രോഗബാധയുണ്ടായി. ഗുജറാത്തിന് പുറമേ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപനമുണ്ടായി. ഏകദേശം 18.5 ലക്ഷം കന്നുകാലികള്‍ക്ക് രോഗബാധയുണ്ടാവുകയും വിവിധ സംസ്ഥാനങ്ങളിലായി 80,000 ചത്തൊടുങ്ങിയെന്നുമാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ 65 ശതമാനവും രാജസ്ഥാനിലായിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ നാശമുണ്ടായതും അവിടെത്തന്നെ. അന്തര്‍ സംസ്ഥാന — ജില്ലാ കന്നുകാലി കടത്ത് ഇതോടെ നിയന്ത്രിക്കപ്പെടുകയും ചെയ്തു.
രോഗബാധയെ തുടര്‍ന്ന് പ്രധാനമായും പ്രതികൂലമായി ബാധിച്ചത് പാലുല്പാദനത്തെയായിരുന്നു. ഗുജറാത്തിലെ പാലുല്പാദനത്തില്‍ ഒരു ലക്ഷം ലിറ്ററിന്റെ വരെ കുറവുണ്ടായി. രാജസ്ഥാനില്‍ ശേഖരിച്ചുവന്നിരുന്ന പാലിന്റെ അളവ് 20 ശതമാനം കുറഞ്ഞ് അഞ്ച്-ആറ് ലക്ഷം ലിറ്ററായി. ഇവിടെ ചില പ്രദേശങ്ങളില്‍ പാലുല്പാദനം പൂര്‍ണമായും നിലച്ചു. ആദ്യവൈറസ് സ്ഥിരീകരിച്ച 2019ല്‍ തന്നെ ഇന്ത്യന്‍ ലബോറട്ടറികളില്‍ പ്രതിരോധ മരുന്നിനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും 2022ഓടെയാണ് ഫലം കണ്ടത്. അതുതന്നെ അടിയന്തര ഉപയോഗാനുമതി ലഭ്യമായിട്ടില്ല. എങ്കിലും മൃഗവസൂരിക്കുള്ള പ്രതിരോധ മരുന്ന് ഫലപ്രദമാണെന്ന് കണ്ട് അതാണ് ചര്‍മ്മ മുഴയ്ക്ക് നല്കിവരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കി രോഗവ്യാപനം തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് കേരളത്തില്‍ ചില ഭാഗങ്ങളിലായി അമ്പതോളം കന്നുകാലികള്‍ക്ക് രോഗബാധയുണ്ടായിരുന്നു. ആറുമാസങ്ങള്‍ക്ക് മുമ്പ് മറ്റു സംസ്ഥാനങ്ങളില്‍ വ്യാപകമായപ്പോള്‍ ഇല്ലായിരുന്നുവെങ്കിലും ഇപ്പോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും രോഗബാധയുണ്ടായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം രോഗബാധയുണ്ടായപ്പോള്‍തന്നെ വ്യാപനം തടയുന്നതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അടിയന്തര ഇടപെടല്‍ നടത്തി.
ഇത്തവണയും സംസ്ഥാനത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ഉണ്ടായതിന്റെ ഇരട്ടിയോളം രോഗബാധയാണ് ഇതുവരെ സംസ്ഥാനത്തുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ വ്യാപക പ്രതിരോധ കുത്തിവയ്പിനാണ് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കന്നുകാലികള്‍ക്കും വാക്സിന്‍ നല്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്. പത്തുലക്ഷത്തോളം ഡോസ് വാക്സിന്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ അതുമെത്തിക്കും. രണ്ടാഴ്ചകൊണ്ട് വാക്സിന്‍ യജ്ഞം പൂര്‍ത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പാലുല്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം നിര്‍വഹിക്കുന്നതിന് പ്രധാനമാണ് പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നത്. അതിനുള്ള വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പാലുല്പാദനം പ്രതിവര്‍ഷം ശരാശരി 25 ലക്ഷത്തിലധികം മെട്രിക് ടണ്‍ എന്ന നിലയില്‍ തുടരുന്നതിന് സാധിക്കുന്നുണ്ട്. മില്‍ക്ക് ഷെഡ് വികസനം, കന്നുകുട്ടി പരിപാലന — ഗോവര്‍ധിനി, ഗോസമൃദ്ധി (ഇന്‍ഷുറന്‍സ്) എന്നിങ്ങനെ വിവിധ പേരിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കിയാണ് ഇവ നടപ്പിലാക്കുന്നത്. പരിരക്ഷയില്ലാത്ത ഉരുക്കള്‍ ചത്തുപോകുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനും പദ്ധതിയുണ്ട്. ഈ വിധത്തില്‍ കൂടുതല്‍ പേരെ ക്ഷീര മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് നടപടി മുന്നേറുന്നതിനിടയിലാണ് ചര്‍മ്മ മുഴ രോഗം കണ്ടെത്തിയിരിക്കുന്നത്. കന്നുകാലികളുടെ നാശം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും രോഗബാധ പാലുല്പാദനം കുറയ്ക്കുന്നതിന് കാരണമാകുന്നുവെന്ന മുന്‍ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുള്ളതാണ്. സംസ്ഥാനത്തെ പാലുല്പാദനത്തെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ മൃഗസംരക്ഷണ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെ സമ്പത്തികമായും സാങ്കേതികമായും സഹായിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കൂടുതല്‍ സഹായവും പിന്തുണയും ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.