19 December 2024, Thursday
KSFE Galaxy Chits Banner 2

മഹാബലിമാവേലിയും വാമനനും പിന്നെ റുഷ്ദിയും

രമേശ് ബാബു
മാറ്റൊലി
September 8, 2022 5:15 am

ഹാബലി, മാനവികത ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും മഹത്തായ ഭരണകൂട സങ്കല്പത്തിന്റെ സന്ദേശമാണ്. ആധുനിക ലോകത്തെ രാഷ്ട്രീയ സിദ്ധാന്തങ്ങളിലൊന്നായ ‘സോഷ്യലിസം’ സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഭരണകര്‍ത്താവ് എന്ന സങ്കല്പത്തിലാണ് ആ മന്നനെ വരവേല്‍ക്കാന്‍ നമ്മള്‍ ഓണം കൊണ്ടാടുന്നത്. ഓണത്തിന് പിന്നിലെ ഐതിഹ്യ പൊരുള്‍ ഇന്ന് പല രീതിയില്‍ വായിക്കപ്പെടുന്നുണ്ട്. വാമനന്‍ പ്രജാക്ഷേമ തല്പരനായ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്റെ സാംഗത്യം എന്തെന്നാണ് ഏറെയും ചോദ്യം ചെയ്യപ്പെടുന്നത്. വിശാലമായ ഭൂപ്രദേശത്തിന്റെ അധിപനായ മാവേലിയോട് മൂന്നടി മണ്ണ് ആവശ്യപ്പെട്ടെത്തുന്ന വാമനനെ സാധുവായി കാണുകയും ആവശ്യം തുച്ഛമാണെന്ന് കരുതുകയും ചെയ്ത മഹാബലിയുടെ സൂക്ഷ്മമായ അഹംഭാവത്തെയാണ് വാമനന്‍ ചവിട്ടിത്താഴ്ത്തുന്നതെന്ന വ്യാഖ്യാനമാണ് കൂടുതല്‍ യുക്തമായി തോന്നുന്ന പാഠം. എത്ര വലിയ ആളായാലും ശരി അപരനെ അല്ലെങ്കില്‍ അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ വിലവയ്ക്കണമെന്നും പ്രതിബദ്ധത കാട്ടണമെന്നും സാരം. ഇത് രാജാവ്, കലാകാരന്‍ തുടങ്ങി ഏത് ഉന്നത ശ്രേണികളില്‍ വിരാജിക്കുന്ന വ്യക്തിത്വങ്ങള്‍ക്കും ബാധകമാണ്.


ഇതുകൂടി വായിക്കൂ:  ചേരശാസനങ്ങളിലെ ഓണം


വ്യക്തിയും അപരനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ അറിവിന്റെ വിനയമുണ്ടാകുമ്പോള്‍ സമൂഹം തന്നെ പൂര്‍ണതയിലേക്ക് ആനയിക്കപ്പെടും. അപര പരിഗണനയെന്ന വിനയത്തിന്റെ വിനിമയം ആവിഷ്കാരങ്ങളില്‍ പാലിക്കാതെ വരുമ്പോഴാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുന്നത്. എന്തും ഏതും വിളിച്ചുപറയുകയോ ഔചിത്യമില്ലാതെ വെളിപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഇളവായി പരിഗണിക്കാനാവുമോയെന്നും തിരിച്ച് ആവിഷ്കര്‍ത്താവിനെ ഏകശാസനയോടെ എതിരിടുന്നത് നീതീകരിക്കാനാവുമോ എന്നുമുള്ള ചോദ്യമാണ് ഇപ്പോള്‍ വീണ്ടും പ്രസക്തവും വിവാദവുമായിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ മതമൗലികഭീകരവാദി കൊലപ്പെടുത്താന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംവാദങ്ങള്‍ക്ക് കളമൊരുങ്ങുന്നത്.
‘സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ മതനിന്ദ നടത്തി എന്നാരോപിച്ച് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള റൂഹൊല്ല ഖൊമൈനി രചയിതാവായ റുഷ്ദിയെയും പ്രസാധകരെയും വധിക്കാൻ 1989ല്‍ ഒരു ഫത്‌വ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് റുഷ്ദിക്ക് ഒളിവുജീവിതം നയിക്കേണ്ടിവന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില അവികസിത‑വികസ്വര രാഷ്ട്രങ്ങളിലെ ഭരണകൂടം കൃതി നിരോധിക്കുകയും ചെയ്തു. 1998ല്‍ ഇറാന്റെ വിദേശകാര്യ മന്ത്രിയായിരുന്ന കമാല്‍ കറാസ്റ്റി റുഷ്ദിയെ വധിക്കാന്‍ ഇറാന് പരിപാടിയില്ലെന്ന് ന്യൂയോര്‍ക്കില്‍വച്ച് പ്രസ്താവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റുഷ്ദി ഒളിവിടങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയും സാഹിത്യരംഗത്ത് സജീവമാകുകയും ചെയ്തു. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ലബനന്‍ വംശജനായ മതതീവ്രവാദി യുവാവ് ന്യൂയോര്‍ക്കില്‍ വച്ചുതന്നെ റുഷ്ദിയെ കുത്തിവീഴ്ത്തിയിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:  ഓണമിനിയും വരും


2006ല്‍ ഫ്രഞ്ച് മാസികയായ ഷാര്‍ലെ എബ്‌ദോ, കുര്‍ട് വെസ്റ്റര്‍ ഗാര്‍ഡ് എന്ന കാര്‍ട്ടൂണിസ്റ്റ് വരച്ച മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ 12 പേര്‍ വെടിയേറ്റു മരിക്കാനിടയായി. 2006ല്‍ തന്നെയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്രുത ഇന്ത്യന്‍ കലാകാരനായ എം എഫ് ഹുസൈന് ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യ വിടേണ്ടിവന്നത്. വിദ്യാദേവതയായ സരസ്വതിയെ പൂര്‍ണ നഗ്നയായും ആദ്യ കാവ്യമായ രാമായണത്തിലെ സീതയുടെ നഗ്നതയിലേക്ക് ഹനുമാന്‍ വാലുകടത്തുന്നതുമായാണ് എം എഫ് ഹുസൈന്‍ വരച്ചുവച്ചത്. ഇന്ത്യാക്കാര്‍ സഹിഷ്ണുതയേറെ ഉള്ളവരായതുകൊണ്ടാകാം ഹുസൈനെതിരെ വധശ്രമമൊന്നുമുണ്ടായില്ല. എന്നാല്‍ സംഘ്പരിവാരങ്ങള്‍ ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലും സ്ഥിതി മാറി. ഇന്ത്യയില്‍ കല്‍ബുര്‍ഗി, ഗൗരിലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവര്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് രക്തസാക്ഷികളായത്. പെരുമാള്‍ മുരുകന്റെ ‘മാതൊരു ഭാഗ’നെതിരെയെന്നപോലെ പല കൃതികള്‍ക്കും രചയിതാക്കള്‍ക്കും നേരെ ഭീഷണി ഉയരുകയുണ്ടായി. ‘ലജ്ജ ’ എന്ന നോവലിന്റെ പേരില്‍ വധഭീഷണി നേരിട്ട ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്റിന്‍ യുഎസിലും യൂറോപ്പിലും ഇന്ത്യയിലുമായി അലയുകയാണ്.


ഇതുകൂടി വായിക്കൂ:  വാമനൻ, ഭൂമിതട്ടിപ്പുകാരുടെ ആദിപിതാവ്


മനുഷ്യന്റെ സ്വതന്ത്ര ചിന്തകളെയാണ് ഫത്‌വകളും മതശാസനകളും ഭീഷണികളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്വതന്ത്ര ചിന്തകള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും സത്യദര്‍ശനങ്ങളുമായി ബന്ധമില്ലെങ്കില്‍ അതിന്റെ പ്രസക്തിയെന്താണ്? കലയും സാഹിത്യവുമൊക്കെ മനുഷ്യരെ അവരുടെ നിലവിലുള്ള അവസ്ഥയില്‍ നിന്ന് ഗുണപരമായ അവസ്ഥയിലേക്ക് ഉയര്‍ത്തുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്, വ്രണപ്പെടുത്തുവാനുള്ളതല്ല. അവ സംസ്കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കും. ക്ലാസിക് കലാരൂപങ്ങളും സാഹിത്യവുമൊക്കെ അതാണ് ചെയ്യുന്നത്. സഹിഷ്ണുതയും സഹജീവിസ്നേഹവുമാണ് ആത്യന്തികമായി കലകളെല്ലാം ഉദ്ദീപിപ്പിക്കുന്നത്. കലാകാരനിലും സഹൃദയനിലും ഒരേപോലെ ഈ ഭാവങ്ങള്‍ ഉയിര്‍ക്കുമ്പോള്‍ ആവിഷ്കാരം അതിന്റെ ധര്‍മ്മം നിറവേറ്റുന്നു. ജനങ്ങള്‍ക്ക് സത്യത്തിലധിഷ്ഠിതമായ ഗുണകരമായ വിഷയങ്ങള്‍ ഭയമില്ലാതെ അവതരിപ്പിക്കുവാനുള്ള ആവിഷ്കാര സ്വാതന്ത്ര്യമാണ് വേണ്ടതും നിലനിര്‍ത്തേണ്ടതും. അവിടെ മാനദണ്ഡം നിശ്ചയിക്കേണ്ടത് മനസ് മരവിച്ച മതമൗലിക ഭീകരവാദികളല്ല എന്നു മാത്രം. മതരാഷ്ട്രങ്ങളും സമഗ്രാധിപത്യ രാഷ്ട്രങ്ങളും , സ്വേച്ഛാധിപതികളും ചിന്തിക്കുന്നവരെ എപ്പോഴും ഭയക്കും. പക്ഷേ ചിന്തകളുടെ ആവിഷ്കാരങ്ങള്‍ക്ക് ഔചിത്യം ആവശ്യമാണ്. ആ വിവേകം ഖൊമൈനിമാര്‍ക്കും റുഷ്ദിമാര്‍ക്കും ഒരുപോലെ ബാധകമാണ്.

മാറ്റൊലി

അകലങ്ങള്‍ ഇല്ലാതാക്കുന്ന ആത്മീയ സത്തയുടെ ആവിഷ്കാരമായ ഓണംപോലുള്ള ആഘോഷങ്ങളാണ് മറുമരുന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.