23 July 2024, Tuesday
KSFE Galaxy Chits Banner 2

ഓണമിനിയും വരും

കെ എസ് വീണ
September 4, 2022 7:23 am

ഇന്നത്തെ രാത്രിക്കെന്താ ചന്തം! നിറയെ നക്ഷത്രങ്ങൾ. ചെറുകാറ്റിൽ മുല്ല പൂത്ത മണം. മേലാകെ പൊതിയുന്ന നിലാക്കുളിര്. ചെറുതല്ലാത്ത സന്തോഷത്തിൽ മനസുണർന്നു. ആദ്യമായാണ് ഇത്ര ആകാംക്ഷയോടെ ഒരു രാത്രി കടന്നു പോകുന്നത്. മഴക്കെടുതികളൊഴിഞ്ഞ് ചിങ്ങമെത്തിയതും ദിവസങ്ങൾക്ക് തിളക്കമേറി. വെയിൽച്ചൂടിൽ പകലുകൾ. നിലാക്കുളിരിൽ രാത്രികളും. .
കുറച്ചു ദിവസങ്ങളായി പൂജ പിന്നാലെയുണ്ട്. റെയിൻഫോറസ്റ്റ് കാണണമത്രെ! എന്റെ താല്പര്യമില്ലായ്മ അവളെ വിഷമിപ്പിക്കുന്നുണ്ട്. പലതും പറഞ്ഞ് അവളെന്നെ പ്രലോഭിപ്പിക്കുന്നു.
“മഴക്കാട് അമ്മ കണ്ടിട്ടില്ലല്ലോ? എന്തു ഭംഗിയാണെന്നോ. കാടും… കാട്ടിനുള്ളിലെ മഴയും…”
“ഈ തിരക്കിനിടയിൽ വേണോ
മോളേ? പിന്നീടാകാം.”
“പ്ലീസ് അമ്മാ… എന്റെ ഫ്രണ്ട്സൊക്കെ കണ്ടു. ഞാൻ മാത്രം…”
കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്ക് പോകാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ചയോളം പനി വന്ന് കിടപ്പിലായി. അതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല.
മഴക്കാട് കാണാൻ എനിക്കുമുണ്ട് ആഗ്രഹം. പൂജയുടെ വിവരണം കേട്ടതു മുതൽ മനസ്സിലുണ്ടൊരു കാട്. കാടിനുള്ളിൽ മഴയും. കാടിന്റെ ഇരുളിമയിൽ പെയ്തമരുന്ന
മഴനൂൽ വെൺമ. ഉറക്കം മുറിഞ്ഞ എത്രയെത്ര രാത്രികളിൽ ആരുമറിയാതെ മഴക്കാടിനുള്ളിൽ നനഞ്ഞു കുതിർന്നു!
“റെയിൻഫോറസ്റ്റിൽ എസ്കലേറ്ററുണ്ടോ മോളേ?”
രാജീവിന്റെ ചോദ്യം കേട്ട് പൂജ ചിരിച്ചു.
എസ്കലേറ്ററിൽ കയറാൻ പേടി, കാറോടിക്കാൻ പേടി. ഇങ്ങനെ കുറ്റങ്ങളും കുറവുകളും ഒന്നൊന്നായി പുറത്തുവരും. കളിയാക്കലിന്റെ നനവുള്ള ചിരി ചുണ്ടിലുണ്ടെങ്കിലും പൂജ ഒന്നും മിണ്ടുന്നില്ല. അവൾക്കെങ്ങനെയും യാത്ര പോകണം. അതിന് അമ്മയെ പിണക്കാൻ പാടില്ലല്ലോ. കളിയാക്കാൻ കിട്ടുന്ന അവസരങ്ങൾ രണ്ടു പേരും പരമാവധി ഉപയോഗിക്കാറാണ് പതിവ്.
“നാണക്കേട് തന്നെ… ഇന്നത്തെ കാലത്ത് ആരാ എസ്കലേറ്റർ ഉപയോഗിക്കാത്തത് അമ്മയെന്താ ഇങ്ങനെ?”
“അമ്മയ്ക്കെന്താ ഇത്ര പേടി? എത്ര നന്നായിട്ടാ അമ്മയുടെ ഫ്രണ്ട് സൊക്കെ ഡ്രൈവ് ചെയ്യുന്നത്.”
രാജീവും ഒപ്പം കൂടും.
“താനിനി എന്നാ ഒന്നു മാറുന്നത്… തന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ?”
“ഇല്ല… എന്നെപ്പോലെ ഞാനേയുള്ളൂ. അതിന് മറ്റാർക്കാ പറ്റുക.? മറ്റുള്ളവരെപ്പോലെയാകാൻ
എനിക്കും പറ്റില്ലല്ലോ… ”
ഒരേ മുറിയിൽ അടുത്തടുത്തിരുന്ന് വാക്കുകൾ കൊണ്ട് പരസ്പരം മത്സരിക്കുമ്പോൾ ഞങ്ങൾക്കിടയിലെ ദൂരം വല്ലാതെ കൂടാറുണ്ട്. എന്നെ ഞാനായിക്കാണാൻ ഇവർക്കൊക്കെ എന്തേ ഇത്ര ബുദ്ധിമുട്ട് എന്നോർത്ത് അത്ഭുതപ്പെടും.
കഴിഞ്ഞ വർഷം ഓണത്തിന് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും കേൾക്കെ ഇതുപോലെ കളിയാക്കലുകൾ ഉണ്ടായി. പകുതി കാര്യമായും പകുതി തമാശയായും അമ്മ പറഞ്ഞു:
“അത്രയ്ക്കങ്ങു വേണ്ട. ഓണമിനിയും വരും. ഇതൊക്കെ മാറ്റിപ്പറയേണ്ടി വരും. നോക്കിക്കോ.”
ഓണം ഇങ്ങെത്താറായി. ഇത്തവണ വീട്ടിൽ രണ്ടു ദിവസം തങ്ങണം. സാധാരണ രാവിലെ പോയി വൈകിട്ട് തിരികെ വരും. ഓണത്തിന് വളരെ മുന്നേ അമ്മ ഓർമ്മിപ്പിക്കും.
“തുണിയൊന്നും വാങ്ങണ്ട. അലമാര നിറഞ്ഞു. വയസ്സുകാലത്ത് എവിടെ പോകാനാ. അച്ഛൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്… കേട്ടോ.”
വേണ്ടെന്ന് പറയുമ്പോഴും വേണമെന്ന് ഉള്ളു കൊതിക്കുന്നുണ്ടാവും. സ്നേഹ സന്തോഷങ്ങളുടെ അടയാളങ്ങളാണ് അവർക്കിതൊക്കെ.
മുതിർന്നതിന് ശേഷമാണ് എനിക്കും അമ്മയ്ക്കുമിടയിൽ ‘അച്ഛൻ പറഞ്ഞു, “അച്ഛനോടു പറയൂ…” “അച്ഛൻ എന്തു പറഞ്ഞു…” തുടങ്ങിയ പറച്ചിലുകൾ ഉണ്ടായത്.
അച്ഛന്റെ കൈ പിടിച്ചു നടന്നൊരു കുട്ടിക്കാലം എനിക്കുണ്ട്. ചേച്ചിക്കും അനിയത്തിക്കും അങ്ങനൊരു കാലം ഇല്ലേയില്ല. എന്തിനും ഏതിനും അവർ അമ്മയെ ചേർത്തു പിടിച്ചു. ഞാനാവട്ടെ ആവശ്യങ്ങളും വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും അച്ഛന് ചുറ്റും കുടഞ്ഞിട്ടു. വളർച്ചയുടെ ഏതോ ഘട്ടത്തിൽ അറിയാതൊരകൽച്ച ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ഹോസ്റ്റൽ ജീവിതം… കല്യാണം… ഇതൊക്കെ കാരണങ്ങളായി. തീർത്തും സ്വാഭാവികം എന്നതിനപ്പുറം ഒരു ചിന്ത എനിക്കുണ്ടായില്ല. അടുത്ത കാലം വരെയും.
വേദനയുടെ ഒരു നിശബ്ദകാലം അച്ഛൻ കൂടെ കൂട്ടിയിരുന്നു എന്നറിയും വരെയും.
കുറച്ചു നാൾ മുൻപൊരു ബന്ധുവിന്റെ കല്യാണം. മറ്റൊരു കല്യാണത്തിനു കൂടി പങ്കെടുക്കേണ്ടുന്ന തിരക്കിൽ അല്പമകലെ ആരോടോ സംസാരിച്ചു നിന്നിരുന്ന അച്ഛനെ കാണാതെ പോകാൻ തുടങ്ങി.
“അച്ഛനോട് പറയൂ അമ്മേ… ഒരിടത്ത് കൂടി പോകാനുണ്ട്.”
“അച്ഛനെ കാണാതെ പോകാൻ എന്താ നിനക്കിത്ര തിരക്ക്? അച്ഛൻ എന്നും പറഞ്ഞ്
വിഷമിക്കും നിന്റെ മാറ്റത്തെക്കുറിച്ച്.
അമ്മയുടെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും ഇടകലർന്നൊഴുകി. ഒട്ടും ചോരാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അച്ഛനോടുള്ള സ്നേഹ ബഹുമാനങ്ങളിലേക്ക് അമ്മയുടെ ശബ്ദം ഇടറി വീണു.
“അച്ഛന് നീ ഇപ്പോഴും ചെറിയ കുട്ടിയാണ് രേണൂ. നിനക്കൊപ്പം ഇരിക്കാനും നിന്റെ വർത്തമാനങ്ങൾ കേൾക്കാനും അച്ഛനെന്നും കൊതിയാണ്. ഓരോ തവണ നീ വന്നു പോകുമ്പോഴും അച്ഛൻ വിഷമിക്കും. രേണു ഒന്നും പറഞ്ഞില്ലല്ലോ… അടുത്തൊന്ന് ഇരുന്നില്ലല്ലോ — എന്നൊക്കെ.”
പുറത്തേക്ക് വരാതൊരു കരച്ചിൽ തൊണ്ടയിൽ നൊന്തു പിടഞ്ഞു. കുറ്റബോധത്തിൽ കരളുനീറി. ഇക്കാലമത്രയും അച്ഛന്റെ ഉള്ളിലൊരു സങ്കടക്കടൽ ഉണ്ടായിരുന്നല്ലോ എന്നോർത്ത് ഉറങ്ങാതിരുന്ന് വിഷമിച്ചപ്പോൾ രാജീവിന്റെ കുറ്റപ്പെടുത്തൽ.
“തനിക്കെപ്പോഴും തിരക്കല്ലേ. മിണ്ടാനും പറയാനും എവിടെ നേരം? ”
അതിരാവിലെ എഴുന്നേൽക്കുന്നതു മുതൽ രാത്രി വൈകി ഉറങ്ങും വരെ ഏതേതു തിരക്കുകളിൽ കൂടിയാണ് ഞാൻ കടന്നു പോകുന്നത് എന്ന് രാജീവിന് അറിയാത്തതല്ലല്ലോ. എനിക്കു നേരേ തൊടുത്തു വിടാൻ ഒരായുധം കൂടി.
അടുത്ത ദിവസം ലീവെടുത്ത് വീട്ടിലെത്തി. അച്ഛനൊപ്പമിരുന്നു. ഒരു പാട് സംസാരിച്ചു. എന്റെ മാറ്റം അച്ഛനെ അത്ഭുതപ്പെടുത്തി. സന്തോഷവും കൗതുകവും കണ്ണുകളിൽ നിറഞ്ഞു തൂവി. പ്രതീക്ഷിക്കാതെ ചേച്ചിയും എത്തി. മക്കൾ മൂന്നുപേരെയും ഒന്നിച്ചു കിട്ടിയപ്പോൾ അച്ഛൻ അളവില്ലാതെ സന്തോഷിച്ചു. വർഷങ്ങൾക്കു ശേഷം അച്ഛന്റെ ചിരിയും സംസാരവും ഉച്ചത്തിൽ കേട്ടു.
ഇടയ്ക്കൊക്കെ ഇങ്ങനെ ആവാമായിരുന്നു. എന്തേ അതുണ്ടായില്ല എന്ന് സ്വയം ചോദിച്ചു ദു:ഖിച്ചു. പൂജ പിണക്കത്തിലാണ്. അവളാഗ്രഹിച്ചതല്ലേ. മഴക്കാട് കാണാൻ പോയേക്കാം. ഓണം കഴിഞ്ഞുള്ള ഞായറാഴ്ച പോകാം എന്നുറപ്പുകൊടുത്തു.
“താങ്ക്സ് അമ്മേ…”
ചിരിച്ചു കൊണ്ടവൾ രാജീവിനെ വിളിച്ചു.
“അച്ഛാ നമ്മൾ പോകുന്നുണ്ട് റെയിൻ ഫോറസ്റ്റിലേക്ക്.”
യാത്രകളെന്നും ഒരു ഹരമായിരുന്നു. പ്രത്യേകിച്ചും പഠന കാലയാത്രകൾ. ഓരോ യാത്രയും ഓരോ കണ്ടെത്തലുകളാണ്. പുതുതായി എന്തെങ്കിലും ഉറപ്പായും തേടി എത്തിയിട്ടുണ്ടാവും. രണ്ടാം ക്ലാസ്സിലെ കാഴ്ചബംഗ്ലാവ് യാത്രയാണ് ഓർമ്മയിലെ ആദ്യ യാത്ര. പിന്നീടിങ്ങോട്ട് എത്രയെത്ര യാത്രകൾ! മുൻപൊക്കെ വർഷത്തിലൊരിക്കൽ ഒരാഴ്ചയെങ്കിലും നീണ്ടു നിൽക്കുന്ന യാത്ര ഉറപ്പായും ഉണ്ടായിരുന്നു. ചെറു ചെറു യാത്രകൾ വേറെയും. ഇപ്പോൾ പൂജയുടെ നിർബന്ധത്തിൽ വല്ലപ്പോഴും മാത്രമാണ് യാത്ര. എനിക്കും രാജീവിനുമിടയിലെ ദൂരം യാത്രകൾക്കിടയിലും ഉണ്ടായി.
“ഉറങ്ങാതിരുന്ന് നേരം വെളുപ്പിക്കുവാണോ?”
ഇടയ്ക്കെപ്പോഴോ രാജീവ് ചോദിച്ചപ്പോൾ കിടന്നുവെങ്കിലും ഉറക്കം വന്നില്ല. നേരത്തേ എണീറ്റു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർത്തപ്പോൾ ഉത്സാഹമായി. പെട്ടെന്ന് ജോലികൾ ഒതുക്കി. ചായ കുടിക്കുമ്പോൾ പൂജ അത്ഭുതപ്പെട്ടു.
“അമ്മ ആകെ സന്തോഷത്തിലാണല്ലോ. എന്താ കാര്യം?”
മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. രാജീവിന്റെ മുഖത്തെ ചോദ്യഭാവം കണ്ടില്ലെന്ന് നടിച്ചു.
“ഇന്ന് വൈകിട്ടല്ലേ നമ്മുടെ ഓണം ഷോപ്പിംഗ്. അമ്മ മറന്നിട്ടില്ലല്ലോ?”
“ഏയ്… അങ്ങനെ മറക്കുമോ. ടെക്സ്റ്റൈയിൽസിനു മുന്നിൽ വന്നാൽ മതി. രജനിക്കൊപ്പം
ചെറിയൊരു ഷോപ്പിംഗ് ഉണ്ട്. ഞാൻ വൈകാതെ എത്തിക്കോളാം.”
രജനി കൂട്ടുകാരിയും സഹപ്രവർത്തകയും മാത്രമല്ല, രാജീവിന്റെ പെങ്ങളും കൂടിയാണ്.
കടകളിലൊക്കെ തിരക്കായി. ഷോപ്പിംഗ് ഇനിയും നീണ്ടാൽ ബുദ്ധിമുട്ടാവും. ഓണമിപ്പോൾ കടകളിലെയും നിരത്തുകളിലെയും തിരക്കുകളിൽ ഞെങ്ങി ഞെരുങ്ങുകയാണ്. പൂജയുടെ പ്രായത്തിൽ ഞങ്ങളുടെ ഓണം എങ്ങനെ ആയിരുന്നു എന്ന് കേട്ടവൾ
സങ്കടപ്പെട്ടു.
പൂവിളികൾ… പൂക്കളങ്ങൾ.…ഊഞ്ഞാൽപ്പാട്ടുകൾ…
ഇന്നതൊക്കെ വെറും ചടങ്ങുകൾ. തീരെയും ഇല്ലാതായി എന്നും പറയാം.
“അമ്മയൊക്കെ ഭാഗ്യം ചെയ്തവർ. ഓർത്തെടുക്കാൻ ഓർമ്മകളുണ്ടല്ലോ.” ഓർമ്മകളിൽ ജീവിക്കുന്നതും ഭാഗ്യം തന്നെ.
ഓഫീസിൽ നിന്നും നേരത്തേ ഇറങ്ങി. രാജീവും പൂജയും കാത്തു നിൽക്കുന്നത് എനിക്കു കാണാം. ടെക്സ്റ്റൈൽസിനുള്ളിലാണ് അവരിപ്പോൾ. രജനിക്കൊപ്പം എസ്കലേറ്ററിറങ്ങി വരുന്ന എന്നെ കണ്ട് അവർ ഞെട്ടി. ഞങ്ങൾ അടുത്തേക്ക് ചെന്നു. രണ്ടു പേരും വിശ്വാസം വരാതെ എന്നെ നോക്കുകയാണ്. ചിരിച്ചു കൊണ്ട് രജനി പറഞ്ഞു:
“നിങ്ങൾ നേരത്തേ ആണല്ലോ. കുറച്ച് വെയിറ്റ് ചെയ്യണേ. ഒരിടത്തു കൂടി പോകാനുണ്ട്. രേണവിനെ പെട്ടെന്ന് വിട്ടേക്കാം.”
രജനിയ്ക്കൊപ്പം രജനിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്ന എന്നെ കണ്ട് അവർ വീണ്ടും വീണ്ടും ഞെട്ടി. എസ്കലേറ്ററിൽ കയറിയിറങ്ങുന്ന…കാറോടിക്കുന്ന ഞാൻ അവരുടെ സങ്കല്പത്തിലെവിടെയും ഇല്ലല്ലോ. അവിശ്വസനീയതയുടെ അമ്പരപ്പിൽ രണ്ടു പേരും നിശ്ശബ്ദരായിട്ടുണ്ടാവും.
“ഓണമിനിയും വരും… ഇതൊക്കെ മാറ്റിപ്പറയേണ്ടി വരും”
അമ്മയുടെ വാക്കുകൾ അവർ ഓർക്കുന്നുണ്ടാവുമോ. അതെ, മാറ്റത്തിന്റെ പൂവിളികളുമായി ഓണം ഇനിയുമിനിയും വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.