13 June 2024, Thursday

മുഖ്യലക്ഷ്യം രാഷ്ട്രീയ ബദല്‍

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ റിപ്പോ‍ര്‍ട്ട്
Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2022 11:21 pm

പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, ഭൂമി, പാർപ്പിടം, തൊഴിൽ, ഭക്ഷ്യസുരക്ഷ എന്നിവയാണ് മുഖ്യ അജണ്ടയെന്നും ജനങ്ങളുടെ ഈ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായുള്ള പോരാട്ടമാണ് പ്രവര്‍ത്തന പരിപാടിയെന്നും സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ റിപ്പോ‍ര്‍ട്ട്.
കേന്ദ്ര സർക്കാർ നവലിബറൽ ചങ്ങാത്ത മുതലാളിത്തം ശക്തമായി പിന്തുടരുകയാണ്. അതിന്റെ ഫലമായി ജനസംഖ്യയിലെ ഒരു ശതമാനം പേരില്‍ അഭൂതപൂർവമായി സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നു. ഇതിനെതിരെ ബദല്‍ സാമ്പത്തിക പരിപാടി കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ടുവയ്ക്കുന്നു. സാമ്പത്തിക മുന്‍ഗണനകളെ പുനര്‍ നിര്‍വചിക്കുകയും ദാരിദ്ര്യം തുടച്ചു നീക്കുകയും സമ്പദ്ഘടനയെ പുനഃസംഘടിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമൂഹ്യ മേഖലയ്ക്ക് ഊന്നല്‍ നല്കുകയുമായിരിക്കും അത്തരം ബദലിന്റെ ഉള്ളടക്കം.
പുരുഷാധിപത്യവും അതിനെ തുടർന്നുള്ള സ്ത്രീവിരുദ്ധതയും നമ്മുടെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തെ കീഴ്പ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങളാണ്. സാമൂഹിക വിമോചനത്തിനും ആർഎസ്എസ്-ബിജെപി സംഘത്തെ സമഗ്രമായി പരാജയപ്പെടുത്താനും വർഗം, ജാതി, പുരുഷാധിപത്യം തുടങ്ങിയ പ്രശ്നങ്ങളെ നേരിടേണ്ടതുണ്ട്. അതിനനുസരിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് പുറത്തിറക്കി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെയും ബഹുജന, വർഗ സംഘടനകളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും വിശാലമായ ഐക്യം കെട്ടിപ്പടുക്കണം. ആർഎസ്എസിന്റെ വിഷലിപ്തമായ നയങ്ങൾക്കെതിരായ സമരെെക്യം ശക്തമാക്കണം. ആർഎസ്എസ്-ബിജെപി ഭരണകൂടത്തിനെതിരെ രാജ്യവ്യാപക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ഇടതുപക്ഷത്തിന് സുപ്രധാനപങ്ക് നിര്‍വഹിക്കാനുണ്ടെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രത്തിന്റെ ഐക്യവും ജനങ്ങളുടെ മൗലികാവകാശവും സംരക്ഷിക്കുന്നതിന് ഇടതുപക്ഷത്തിന്റെ പങ്ക് അനിവാര്യമാണ്.
ഈ കാഴ്ചപ്പാടോടെയാണ് സിപിഐ ഇടതുപക്ഷ ഐക്യത്തിന് മുന്‍കയ്യെടുക്കുക. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വതന്ത്രവും ശക്തവുമായ ഇടതുപക്ഷ അടിത്തറ കെട്ടിപ്പടുക്കുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിത ഏകീകരണം പ്രധാനമാണെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദശലക്ഷക്കണക്കിന് പേരുടെ ജീവനും ഉപജീവനമാർഗവും അപഹരിച്ച കോവിഡ് കാലത്ത് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ മൂലം അസമത്വവും തൊഴിലില്ലായ്മയും ഭയാനകമായ അളവിൽ ഉയർന്നു. നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേതു പോലെ ആഴത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധികളിലേക്ക് നമ്മുടെ രാജ്യവും നീങ്ങുകയാണ്. സുസ്ഥിരവും ജനോപകാരപ്രദവുമായ ഭരണ മാതൃക നല്കാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തി ഇടതുപക്ഷം മാത്രമാണെന്ന് കോവിഡ് പ്രതിസന്ധി വ്യക്തമായി തെളിയിച്ചു. മഹാമാരിയെ ഫലപ്രദമായി നേരിടാൻ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വികസന മാതൃകയ്ക്ക് സാധിച്ചു. അതിന്റെ വിജയത്തെ രാജ്യമെമ്പാടും പ്രശംസിക്കുകയും നിരവധി അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടുകയും ചെയ്തു.
2019ൽ ബിജെപിക്ക് ലഭിച്ച രണ്ടാമൂഴം ഹിന്ദു രാഷ്ട്രം എന്ന അജണ്ട കൂടുതൽ ശക്തമായി നടപ്പിലാക്കാൻ അവര്‍ ഉപയോഗിച്ചു. നമ്മുടെ മതേതര പാർലമെന്ററി ജനാധിപത്യത്തെ അധികാരത്തിന്റെ അഭൂതപൂർവമായ കേന്ദ്രീകരണത്തോടെ സ്വേച്ഛാധിപത്യമാക്കി മാറ്റി. പാർലമെന്റ്, ജുഡീഷ്യറി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തുരങ്കം വയ്ക്കാനാണ് നിരന്തര നീക്കം. രണ്ടാം തവണ അധികാരത്തിൽ വന്നയുടൻ തന്നെ, ബിജെപി സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. 2019 ഡിസംബറിൽ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുകയോ നിരസിക്കുകയോ ചെയ്യാന്‍ അനുവദിക്കുന്ന, നമ്മുടെ മതേതര അടിത്തറയെ പൂർണമായും മാറ്റാൻ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമം കൊണ്ടുവന്നു. ന്യൂനപക്ഷങ്ങൾക്കും പാർശ്വവല്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമെതിരായ മതഭ്രാന്ത്, അതിദേശീയത, വിദ്വേഷം എന്നിവയുടെ ഭീഷണി വർധിച്ചുവരുന്നു. തൊഴിലില്ലായ്മ 25 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. ഇതിനെല്ലാമെതിരായ യോജിപ്പും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനനുസരിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും രാജ പറഞ്ഞു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജിത്ത് കൗര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Main objec­tive is polit­i­cal alternative

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.