19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

നിഷിദ്ധോ ഞായറാഴ്ച ടാഗോറില്‍

വത്സന്‍ രാമംകുളത്ത്
തിരുവനന്തപുരം
March 19, 2022 7:29 pm

 

മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദർശനം ഞായറാഴ്ച നടക്കും. രാജ്യാന്തര ചലച്ചിത്രമേളയിലെ ( Inter­na­tion­al Film Fes­ti­val of Ker­ala ) മത്സര വിഭാഗത്തിലാണ് പ്രദർശനം. നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് 6.45 ന് മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.

രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി തൊഴിലാളിയായ രുദ്രയുടെ ബന്ധുവിന്റെ മരണവും ശവസംസ്ക്കാരത്തിനുണ്ടാകുന്ന പ്രതിസന്ധികളിലൂടെയുമാണ് കഥയുടെ വികാസം. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയവരാണ് ഇരുവരും. ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വന്ന ദുര്‍ഗ്ഗാ വിഗ്രഹം നിര്‍മ്മിക്കുന്നതില്‍ നൈപുണ്യമുള്ള ‘രുദ്ര’ എന്ന അതിഥി തൊഴിലാളിയും വയറ്റാട്ടിയായി ജോലി നോക്കുകയും മരണാനന്തര ക്രിയകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ‘ചാവി’ എന്ന തമിഴ് പെണ്‍കുട്ടിയുമായുള്ള സൗഹൃദം, മാറുന്ന കേരളത്തിന്റെ പശ്ചാത്തലത്തില്‍ ‘നിഷിദ്ധോ’ എന്ന ചിത്രം അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നടന്‍ തന്‍മയ് ധനാനിയ രുദ്രയായും മലയാളത്തിന്റെ പ്രിയനടി കനി കുസൃതി ചാവിയായും നിഷിദ്ധോയില്‍ അഭിനയിക്കുന്നു.

 

 

ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ഈ ചിത്രം നിർമ്മിച്ചത്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണിത്. ചിത്രഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തി കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധി മിറകടന്നായിരുന്നു നിര്‍മ്മാണം. ചലച്ചിത്ര നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 60തിലേറെ തിരക്കഥകളില്‍ നിന്ന് രഘുനാഥ് പലേരി നേതൃത്വം നല്‍കിയ ജൂറിയാണ് ‘നിഷിദ്ധോ’ നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തത്. കുക്കു പരമേശ്വന്‍, ഫൗസിയ ഫാത്തിമ, ദീദി ദാമോദരന്‍, മനീഷ് നാരായണന്‍ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങള്‍. ചലച്ചിത്രരംഗത്ത് നവീന സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ ഇത്തരം പദ്ധതികൾ അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനം കൂടിയാണ് കേരളം. വനിതാ സംവിധായകർക്ക് വർഷം രണ്ട് സിനിമകൾ നിർമ്മിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗക്കാരായി സംവിധായകർക്കായുള്ള പദ്ധതിയിൽ കെഎസ്എഫ്ഡിസി രണ്ട് സിനിമകൾ നിർമ്മിക്കും. ഇതിൽ ലിംഗഭേദമില്ലാതെ സംവിധായകർക്ക് അപേക്ഷിക്കാം.

നിഷിദ്ധോയുടെ ആദ്യ പ്രദർശനമടക്കം 67 ചിത്രങ്ങളാണ് ഞായറാഴ്ച രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ്, അസർബൈജാൻ ചിത്രം സുഖ്റ ആന്റ് ഹെർ സൺസ്, കശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ഐ ആം നോട്ട് ദി റിവർ ഝലം (ബേ ചെസ് നെ വേത്), അൻറ്റൊണെറ്റാ കുസിജനോവിച് സംവിധാനം ചെയ്ത മുറിന എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

 

 

രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ ( Asghar Farhadi’s Iran­ian film A Hero ) മേളയിലെ ആദ്യ പ്രദർശനവും ഞായറാഴ്ചയാണ്. കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന് ഓസ്കാർ നോമിനേഷനും കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ, ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിശാഗന്ധി തിയേറ്ററിൽ വൈകിട്ട് 6.30 നാണ് പ്രദർശനം.

 

 

അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ ടെയിൽ ഓഫ് ലൗ ആന്റ് ഡിസയർ, സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷരാകുന്ന മനോലോ നിയെതോ സംവിധാനം ചെയ്ത ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആന്റ് ദി എംപ്ലോയീ, യൂണിവേഴ്സിറ്റി പ്രൊഫസറായ ഡേവിഡും ഭരണകൂടവും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന റഷ്യൻ ചിത്രം ഹൗസ് അറസ്റ്റ്, ഇരുപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന എമ്മയെ മേലുദ്യോഗസ്ഥൻ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥ പ്രമേയമാക്കിയ കനേഡിയൻ ചിത്രം വാർസ് തുടങ്ങി 40 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

 

 

നടേഷ് ഹെഡ്ഗെ സംവിധാനം ചെയ്ത പെഡ്രോ ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്. ദി നോട്ട്, ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഞായറാഴ്ചയാണ്.

 

Eng­lish sum­ma­ry; Inter­na­tion­al film Fes­ti­val of Ker­ala IFFK 2022, malay­alam film Nishid­dho first show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.