24 December 2024, Tuesday
KSFE Galaxy Chits Banner 2

അമേരിക്കന്‍ കോടതിയിലെ മലയാളി നീതി

അശ്വതിലാല്‍
November 24, 2024 6:00 am

“ഈ കോടതിമുറികളിൽ സംഭവിക്കുന്നത് മാന്യവും അവിശ്വസനീയമാംവിധം പ്രധാനമാണ്. അത് ഇവിടെ കൂടിയിരിക്കുന്ന ആളുകൾക്ക് മാത്രമല്ല, നമ്മുടെ മുഴുവൻ സമൂഹത്തിനും വേണ്ടിയാണ്. നിയമവാഴ്ചയും നിയമത്തിന് കീഴിൽ എല്ലാവരും തുല്യരാണെന്ന സങ്കല്പവുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ…” ഗ്രേയ്‌സ് ഹാർബർ കൗണ്ടി സുപ്പീരിയർ കോടതിയില്‍ വിനി എലിസബത്ത് സാമുവേലിന്റെ ശബ്ദത്തിന് ദൃഡതയും മുഴക്കവുമുണ്ടായിരുന്നു. ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിനി എലിസബത്ത്. ആ വാക്കുകള്‍ കേട്ടിരുന്ന കോടതിമുറിയിലെ ഒരോ അംഗങ്ങളും ആവേശത്തോടെ പറഞ്ഞു; വിനിയുടെ പ്രവർത്തന നൈതികതയും അനുകമ്പയും കഴിവുകളും ഗ്രേയ്‌സ് ഹാർബർ കൗണ്ടി സുപ്പീരിയർ കോടതിയില്‍ നീതി പുനഃസ്ഥാപിക്കും.
കേരളത്തിന്റെ മണ്ണില്‍ നിന്നും അമേരിക്കയുടെ നീതിന്യായ വ്യവസ്ഥിതിയുടെ അമരക്കാരിയായി മാറിയ വിനി എലിസബത്ത് സാമുവേല്‍ മൊണ്ടെസാനോയിലെ ആദ്യത്തെ വനിതാ മേയറും അമേരിക്കയിൽ മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയുമാണ്. നിയമവ്യവസ്ഥയുടെ വലിയ പടവുകള്‍ കയറുമ്പോള്‍ എല്ലാവരെയും സമഭാവനയോടെ കാണാനുള്ള ഒരു ഉള്‍ക്കാഴ്ച വിനി കൂടെക്കൂട്ടിയിരുന്നു. അമേരിക്കന്‍ നിയയമവ്യവസ്ഥയുടെ സമാദരണീയമായ കസേരയിലിരിക്കുന്ന വിനി കഴിഞ്ഞയാഴ്ച മാതൃനാടായ കൊല്ലത്തെത്തി. ആവേശത്തോടെയാണ് അവര്‍ തന്റെ നാടിനെപ്പറ്റി പറഞ്ഞു തുടങ്ങിയത്. വിനി എലിസബത്ത് സാമുവേല്‍ സംസാരിക്കുന്നു…

യുഎസിലേക്കുള്ള പറിച്ചു നടീല്‍
*******************************
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് വിനിയുടെ കുടുംബം താമസിച്ചിരുന്നത്. ക്രേവൻ സ്കൂളിലെ അധ്യാപകരായിരുന്നു അച്ഛനും അമ്മയും. വിനിക്ക് ഏഴുവയസുള്ളപ്പോഴാണ് അച്ഛനും അമ്മയും വിനിയും സഹോദരിയുമടങ്ങുന്ന നാലംഗ കുടുംബം അമേരിക്കയിലെ അലാസ്കയിലുള്ള ജുനോവിലേക്ക് ചേക്കേറുന്നത്. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുന്നതുവരെ അവര്‍ അവിടെ താമസിച്ചു. അധ്വാനിയായിരുന്ന വിനിയുടെ അച്ഛൻ തന്റെ രണ്ട് പെണ്‍മക്കളേയും ജീവിത മൂല്യങ്ങള്‍ പഠിപ്പിച്ചു. സന്തോഷമില്ലായ്മ നേരിടുന്ന ഏതൊരു പ്രതിസന്ധിഘട്ടത്തേയും അനുകൂലമാക്കി മാറ്റണമെന്ന അച്ഛന്റെ വാക്കുകള്‍ വിനിക്ക് കൂടുതല്‍ പ്രചോദനം നല്‍കി. പിന്നെ പഠനമികവിന്റെ കാലമായിരുന്നു. വെസ്റ്റേൺ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദവും സിയാറ്റിൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് നിയമ ബിരുദവും നേടിയശേഷം വിനി തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചു.

അഭിഭാഷക ജീവിതത്തില്‍ നിന്ന് മേയറിലേക്ക്
**********************************************
1997‑ൽ ഗ്രേയ്‌സ് ഹാർബറിൽ തന്റെ തൊഴില്‍ ജീവിതം വിനി ആരംഭിച്ചു. പ്രാഥമികമായി ഗ്രേയ്‌സ് ഹാർബറിലും പസഫിക് കൗണ്ടിയിലും കൂടാതെ തർസ്റ്റൺ, ലൂയിസ്, മേസൺ, ക്വിനോൾട്ട് ട്രൈബൽ കോർട്ടുകളിലും പരിശീലിച്ചു. ഒരു സ്ത്രീ അഭിഭാഷക എന്ന നിലയിൽ പെതുവെ വനിത അഭിഭാഷകര്‍ നേരിടുന്ന അതേ പ്രശ്നങ്ങൾ വിനിക്കും നേരിടേണ്ടതായി വന്നു. ഒരു വെളുത്ത വർഗക്കാരി അല്ലാത്തത് കൊണ്ടും ഒരു സ്ത്രീ ആയതുകൊണ്ടും അമേരിക്കയിലെ വെളുത്ത വർഗക്കാരായ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന പല സൗകര്യങ്ങളും വിനിക്ക് നല്‍കുന്നതില്‍ അവര്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചു. ഇത്തരം അനുഭവങ്ങള്‍ വിനിയുടെ വളര്‍ച്ചയ്ക്ക് പിന്തുണച്ചു. ക്രിമിനൽ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന വിനി 2004 മുതൽ മൊണ്ടെസാനോയിൽ ഒരു സ്വകാര്യ നിയമ സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുകയും കുടുംബ നിയമത്തിലും എസ്റ്റേറ്റ് ആസൂത്രണത്തിലും റിയൽ എസ്റ്റേറ്റ്, പ്രൊബേറ്റ് എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 

ഗ്രേയ്‌സ് ഹാർബർ കൗണ്ടി കമ്മ്യൂണിറ്റിയോട് ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ച വിനിക്ക് ്2015‑ൽ അപ്രതീക്ഷിതമായി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ലഭിച്ചു. വടക്കുപടിഞ്ഞാറൻ വാഷിങ്ടൺ സ്റ്റേറ്റിലെ മോണ്ടെസാനോ എന്ന ചെറിയ പട്ടണത്തിൽ ഏകദേശം 2,300 വോട്ടർമാരുള്ള പ്രദേശത്ത് നിര്‍ഭയം വിനി മത്സരിച്ചു. നഗര രാഷ്ട്രീയത്തിലെ സുതാര്യത എന്ന വിഷയത്തില്‍ പ്രചരണം നടത്തിയ വിനിക്ക് ബാലറ്റുകള്‍ തുറന്നപ്പോള്‍ ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല. 67 ശതമാനത്തിലധികം വോട്ടുകൾ നേടി ആദ്യമായി ഒരു വനിതയെ മൊണ്ടെസാനോ അറ്റോർണി വാഷിങ്ടണിലെ മൊണ്ടെസാനോ മേയറായി തെരഞ്ഞെടുത്തു. ചരിത്ര നിമിഷമായിരുന്നു അത്. മോണ്ടെസാനോയിലെ ആദ്യത്തെ വനിതാ മേയര്‍, അമേരിക്കയിൽ മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിത എന്നീ വിശേഷണങ്ങള്‍ ആ വിജയത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു. 

വിനി മേയർ റോളിൽ മാത്രം ഒതുങ്ങി നിന്നില്ല. ഒരു പ്രാദേശിക നേതാവ് എന്നതിലുപരി തന്റെ ജനതയുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും അവരുടെ ശബ്ദമായി മാറുകയും ചെയ്തു. മോണ്ടെസാനോ എന്ന കൊച്ചുപട്ടണത്തെ ‘അമേരിക്കയുടെ ഒരു ചെറിയ കഷണം’ എന്നാണ് വിനി വിശേഷിപ്പിച്ചത്. സത്യസന്ധവും നീതിയുക്തവുമായി പ്രവര്‍ത്തിച്ച വിനി ജനങ്ങളുടെ മനസുകീഴടക്കി. എട്ടുവര്‍ഷത്തെ മേയര്‍ ജീവിതത്തിനിടയിലും വിനി തന്റെ നിയമ പരിശീലനം തുടര്‍ന്നു.

ഗ്രേസ് ഹാർബർ കൗണ്ടി സുപ്പീരിയർ ജഡ്ജ്
*****************************************
2024 ജനുവരി ഒന്നു മുതല്‍ വിനി തന്റെ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു. ഗവർണർ ഇൻസ്ലീ വിനിയെ ഗ്രേസ് ഹാർബർ കൗണ്ടി സുപ്പീരിയർ ജഡ്ജിയായി നിയമിച്ചു. 25 വർഷത്തെ വിനിയുടെ നിയമ പരിചയവും മേയര്‍ സ്ഥാനത്തെ പ്രവൃത്തി പരിചയവും തങ്ങളുടെ നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാനും കലര്‍പ്പില്ലാതെ വിധി നടപ്പിലാക്കാനും കഴയുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. മേയർ ആയിരുന്നപ്പോൾ ഉണ്ടായ രാഷ്ട്രീയ പിൻബലവും ജഡ്ജി എന്ന പദവിയിലെത്താൻ വിനിയെ പിന്തുണച്ചു. ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ജഡ്ജിയായി സത്യപ്രതി‌ഞ്ജ ചെയ്തതിനു ശേഷമുള്ള വിനിയുടെ വാക്കുകള്‍. “എന്റെ പ്രവിശ്യയിലെ ജനങ്ങൾക്ക് എന്നെ നന്നായി അറിയാമായിരുന്നു, അതുകൊണ്ടാണ് അവര്‍ എന്നെ പിന്തുണച്ചത്. എന്റെ മുമ്പാകെ വരുന്നവരുടെ പാരമ്പര്യങ്ങളും നിലവാരവും ഉയർത്തിപ്പിടിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ഈ കോടതിമുറികളിൽ സംഭവിക്കുന്നത് മാന്യവും അവിശ്വസനീയമാംവിധം പ്രധാനമാണ്. അത് ഇവിടെ കൂടിയിരിക്കുന്ന ആളുകൾക്ക് മാത്രമല്ല, നമ്മുടെ മുഴുവൻ സമൂഹത്തിനും വേണ്ടിയാണ്. നിയമവാഴ്ചയും നിയമത്തിന് കീഴിൽ എല്ലാവരും തുല്യരാണെന്ന സങ്കല്പവുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ.” റൊട്ടേറിയൻ, ഫ്രണ്ട്‌സ് ഓഫ് ലൈബ്രറിയിലെ ആജീവനാന്ത അംഗം, ഫ്രണ്ട്‌സ് ഓഫ് ഷാഫറിന്റെയും ലേക്ക് സിൽവിയ സ്‌റ്റേറ്റിന്റെയും അംഗം, ഗ്രേയ്സ് ഹാർബർ കമ്മ്യൂണിക്കേഷൻസ് ഇ‑911 ഡയറക്ടർ ബോർഡ് അംഗം, അമേരിക്കൻ ബാർ അസോസിയേഷൻ/ലോ സ്റ്റുഡന്റ് ഡിവിഷന്റെ നാഷണൽ വൈസ് ചെയർ എന്നീ പദവികളും വിനി വഹിക്കുന്നു.

യുഎസിലെ ജഡ്ജി
********************
സാംസ്കാരികമായി നോക്കിയാൽ യുഎസിലെ ജഡ്ജി എന്ന പദവി ആദരവും ബഹുമാനവും ലഭിക്കുന്ന ഒന്നാണെന്നാണ് വിനിയുടെ അഭിപ്രായം. യുഎസിൽ നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഒരു പദവിയും നിയമത്തിന് മുകളിൽ അല്ല. ജഡ്ജിക്ക് ചില പ്രത്യേക തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. താൻ ജോലി ചെയ്യുന്ന കോടതിയിൽ തനിക്ക് പ്രതികളെ ജയിലിൽ അടയ്ക്കാനും അവരുടെ കുട്ടികളെ ഏറ്റെടുക്കാനും അവരുടെ സ്വത്തുക്കളിൽ തീരുമാനം എടുക്കാനും സാധിക്കും. കഴിഞ്ഞ 26 വർഷമായി നിയമം കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഒരിക്കൽ കേരള ഹൈക്കോടതി സന്ദർശിക്കാൻ വിനിക്ക് അവസരം ലഭിച്ചു. യുഎസിലെ കോടതിയിൽ നിന്നും വ്യത്യസ്തമായി ഒന്നും തനിക്ക് കേരളത്തില്‍ തോന്നിയിട്ടില്ല എന്നതായിരുന്നു വിനിയുടെ നിരീക്ഷണം. അഭിഭാഷകർ, ജഡ്ജിമാർ അവരുടെ സംവാദങ്ങൾ എല്ലാം ഒരുപോലെയാണെന്നും ഒരു അഭിഭാഷക എന്ന നിലയിൽ ഇതൊക്കെ തനിക്ക് ആവേശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളം എന്റെ വീടാണ്
*************************
“എല്ലാവർക്കും ഒരു വീടുകാണും. ഞാൻ ഭാഗ്യവതിയാണ്, കാരണം എനിക്ക് രണ്ടു വീടുകൾ ഉണ്ട്. യുഎസും കേരളവും. ഞാൻ ജീവിക്കുന്നത് യുഎസിൽ ആണെങ്കിലും ജനിച്ചത് കേരളത്തിലാണ്. എവിടെ പോയാലും എന്റെ വേരുകൾ കേരളത്തിൽ തന്നെയുണ്ട്.” ജന്മനാടിനെപ്പറ്റി പറയുമ്പോള്‍ വിനിയുടെ കണ്ണുകളില്‍ തിളക്കം. 

കേരളത്തോടുള്ള ഇഷ്ടം വെറും വാക്കുകള്‍ കൊണ്ട് വിനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. വളര്‍ന്നതും പഠിച്ചതുമൊക്കെ അമേരിക്കയില്‍ ആണെങ്കിലും മലയാളമണ്ണിന്റെ പാരമ്പര്യവും സംസ്കാരവും മൂല്യങ്ങളും വിനിയുടെ മാതാപിതാക്കള്‍ മക്കളെ പഠിപ്പിച്ചിരുന്നു. ഏഴാമത്തെ വയസില്‍ അമേരിക്കയിലേക്ക് ചേക്കേറിയ വിനിക്ക് മലയാളം പറയാൻ അറിയില്ലെങ്കിലും കേട്ടാല്‍ മനസിലാകും. സമയം കിട്ടുമ്പോഴൊക്കെ വിനി കുടുംബസമേതം കേരളത്തില്‍ വരും. 2019ൽ വന്നിരുന്നു. കോവിഡിനും അച്ഛന്റെ മരണത്തിനും ശേഷം ഇപ്പോഴാണ് കേരളത്തില്‍ വീണ്ടും വരുന്നത്. 

ചൂടു കപ്പയും മൂന്‍കറിയും
**********************
കേരള ഭക്ഷണത്തോട് അല്പം ഭ്രമം കൂടുതലാണ്. ചൂടു കപ്പയും എരിവും പുളിയുമുള്ള മീൻ കറിയുമാണ് ഇഷ്ടവിഭവം. സാമ്പാറും ചോറും എല്ലാം പ്രിയപ്പെട്ടതാണ്. വിനി വരുന്നുവെന്ന് അറിയുമ്പോൾ തന്നെ നല്ല നാടൻ ഭക്ഷണമൊരുക്കി കുടുംബക്കാര്‍ കാത്തിരിക്കാറുണ്ട്. എരിവും പുളിയും മസാലയും ഓർക്കുമ്പോൾ തന്നെ നാവിൽ കപ്പലോടുമെന്ന് ചിരിച്ചുകൊണ്ട് വിനി. പ്രമേഹം ഉണ്ടായതിനാൽ ചോറ് കുറയ്ക്കേണ്ടി വരും എന്നതാണ് വിനിയുടെ വിഷമം.

ഭക്ഷണത്തെ പോലെതന്നെ വിനിക്കും കുടുംബത്തിനും പ്രീയപ്പെട്ടതാണ് കായലിലെ ഹൗസ്ബോട്ട് യാത്ര. വിവാഹം കഴിഞ്ഞ് ആദ്യമായി അമേരിക്കകാരനായ ഭര്‍ത്താവിനെയും കൂട്ടി വിനി കേരളത്തില്‍ വരികയും ഹൗസ്ബോട്ടിൽ യാത്ര ചെയ്യുകയും ചെയ്തിരുന്നു. കുടുംബസമേതമാണ് എല്ലായിപ്പോഴും നാടിടലേക്ക് വരിക. പള്ളികളും സന്ദര്‍ശിക്കാറുണ്ട്. കൊച്ചി മുതൽ തിരുവനന്തപുരം വരെ യാത്രപോകും. കുടുംബാംഗങ്ങളെ കാണുക, കുറച്ചു വിനോദ സഞ്ചാരത്തിൽ ഏർപ്പെടുക ഇതൊക്കെയാണ് കേരളത്തിൽ വരുമ്പോൾ മനസിലെ പ്ലാനുകൾ. “കേരളത്തിലെ കായലുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ് ഇവിടുത്തെ സംസ്കാരത്തിനും ലോകത്തിന്റെ ഏത് കോണില്‍ പോയാലും ആ സൗന്ദര്യവും സ്നേഹവും തിരികെ ഇവിടെ തന്നെ എത്തിക്കും. വിരമിച്ചു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും എന്റെ കേരളത്തില്‍ വരണം. ഇവിടം എനിക്കത്രമേല്‍ പ്രീയപ്പെട്ടതാണല്ലോ…” വിനി പറഞ്ഞു നിര്‍ത്തി.

കുടുംബം
********
അമേരിക്കൻ വംശജനും സഹപാഠിയും പത്രപ്രവര്‍ത്തകനും പുരോഗമന എഴുത്തുകാരനുമായ ഗേയ് ബെര്‍ഗ്സ്റ്റോം ആണ് വിനിയുടെ ജീവിത പങ്കാളി. ഏക മകൻ തോമസ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.