1. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളജുകളിലും വിദ്യാർത്ഥി പരാതിപരിഹാര സമിതി രൂപീകരിക്കാൻ കോളജുകൾക്ക് കർശന നിർദേശം നല്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കാഞ്ഞിരപ്പള്ളിയിലെ സ്വാശ്രയ എന്‍ജിനിയറിങ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സാഹചര്യങ്ങൾ അന്വേഷിച്ച രണ്ടംഗ സർവകലാശാലാ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
2. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ഡല്‍ഹിയില്‍ നിന്ന് തൃശൂർ അന്തിക്കാട് പൊലീസ് പിടികൂടി. 6 മുതല്‍ 12 ലക്ഷം വരെയാണ് ഇവർ ഓരോരുത്തരിൽ നിന്നായി വാങ്ങിയത്. താനെ സ്വദേശികളായ ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂർ എറണാകുളം ജില്ലകളിൽ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്.
3. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫിന്റെ രക്ഷാപ്രവർത്തനം നടത്തിയത്. ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ കുടുങ്ങിയതായി സംശയം അറിയിച്ചത് ശുചീകരണ തൊഴിലാളികളാണ്. മണിക്കൂറുകളായി E‑1 കോച്ചിലെ ശുചിമുറിയുടെ വാതിൽ പൂട്ടിയ നിലയിയിലായിരുന്നു. കാസർഗോഡ് നിന്നും ട്രെയിനിൽ കയറിയ യാത്രക്കാരനാണ് കുടുങ്ങിയത്.
4. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. വിമാനമാർഗമാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ 12 ദിവസത്തേക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. നേരത്തെ മഅ്ദനിക്ക് കേരളത്തിൽ വരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ചെലവ് താങ്ങാനാകാത്തതിനാൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോകും. തുടര്‍ന്ന് 12 ദിവസം കേരളത്തില്‍ തുടരും
5. പത്തനംതിട്ട റാന്നിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി അതുല്‍ സത്യന്‍ പിടിയില്‍. ഞായറാഴ്ച രാവിലെ റാന്നിയില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പൊലീസ് അറിയിച്ചു.
6. സിറോ മലബാർ സഭ എറണാകുളം — അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. സെമിനാരികളിൽ ഏകീകൃത കുർബാന മാത്രമേ അനുവദിക്കാനാകൂ. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി. അനുസരിക്കാൻ തയാറാകാത്ത വൈദികരുടെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് സെമിനാരി റെക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
7. തലസ്ഥാനത്ത് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വിവസ്ത്രയായി വഴിയില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലെ അവനവഞ്ചേരിയിലാണ് സംഭവം. ഗോഡൗണില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് വിവരം. സംഭവത്തില്‍ പ്രതി കിരണ്‍ അറസ്റ്റിലായി. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
8. പണപ്പെരുപ്പം നാല് ശതമാനത്തിലൊതുക്കുക എന്ന ലക്ഷ്യത്തിന് എല്‍നിനോ പ്രതിഭാസം വെല്ലുവിളി ഉയര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് 2.50 ശതമാനം വര്‍ധിപ്പിച്ചതടക്കമുള്ള നടപടികള്‍ ഫലം ചെയ്തു. പണപ്പെരുപ്പം 4.25 ശതമാനമാക്കി കുറയ്ക്കാനായി. തീരുവ വെട്ടിക്കുറച്ചതും സഹായകരമാണ്. അതേസമയം ഭൗമരാഷ്ട്രീയ സാഹചര്യം, മണ്‍സൂണ്‍ കുറയുന്നത് എന്നിവ വെല്ലുവിളി ഉയര്‍ത്തുന്നു.
9. മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് ജനക്കൂട്ടം 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ചു. പിടിയിലായ ഇൻഫാൽ ഈസ്റ്റിലെ കെവൈകെഎൽ എന്ന വിഘടനവാദി ഗ്രൂപ്പിൽപ്പെട്ട അംഗങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 1200ൽ അധികം വരുന്ന മെയ്തെയ് വിഭാഗക്കാരാണ് സൈന്യത്തെ തടഞ്ഞത്. 1200 ഓളം വരുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരാണ് സൈനികരെ തടഞ്ഞ് പന്ത്രണ്ട് തീവ്രവാദികളെ മോചിപ്പിച്ചത്. സൈന്യത്തിനെതിരെ മുമ്പ് നടത്തിയ ആക്രമണം ആസുത്രണം ചെയ്ത നേതാവ് അടക്കമുള്ളവരുടെ സംഘത്തെയായിരുന്നു സൈന്യം പിടിച്ചത്.
10. റഷ്യയിലെ വാഗ്നര്‍ വിമതനീക്കത്തിന് പരിസമാപ്തി. റഷ്യന്‍ സൈന്യത്തിന് വെല്ലുവിളി ഉയര്‍ത്തി തലസ്ഥാനമായ മോസ്കോയിലേക്ക് നീങ്ങിയ സ്വകാര്യ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പ് പിന്‍മാറ്റം പ്രഖ്യാപിച്ചു. ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. വാഗ്നര്‍ സൈന്യം ഡോണ്‍ നദീതീര നഗരമായ റൊസ്തോവില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി. പിന്നാലെ റഷ്യന്‍ സൈന്യം നഗരം ഏറ്റെടുത്തു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്മാറ്റമെന്ന് ടെലഗ്രാം സന്ദേശത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.