16 June 2024, Sunday

ഏറെ നാള്‍ കോമയില്‍, 30 ശസ്ത്രക്രിയ: ഒരു കൊതുകുകടിയില്‍ യുവാവ് നേരിട്ടത് വന്‍ ദുരന്തങ്ങള്‍

Janayugom Webdesk
ബെര്‍ലിന്‍
November 28, 2022 7:13 pm

കൊതുകുകടിമൂലം പലവിധ അസുഖങ്ങള്‍ മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകാറുണ്ട്. കൊതുക് പകരുന്ന രോഗങ്ങളില്‍ പലതും പകര്‍ച്ച പനി മൂലമുള്ളതാകാം. എന്നാല്‍ കൊതുകുകടി കാരണം 30 ശസ്ത്രക്രിയ വരെ ചെയ്തയാളാണ് ജര്‍മ്മന്‍ സ്വദേശിയായ സെബാസ്റ്റ്യൻ റോഷ്കെ. കൊതുകു കടിച്ചു എന്ന കാരണം കൊണ്ടുമാത്രം ഈ 27 കാരനായ യുവാവ് കോമ സ്റ്റേജില്‍ കഴി‍ഞ്ഞത് നാലാഴ്ചയാണ്. 

കഴി‍ഞ്ഞ വര്‍ഷമാണ് റോഷ്കെയ്ക്ക്, ഈ കൊതുകുകടിയേല്‍ക്കുന്നത്. ആദ്യം പനി ജലദോഷം പോലുള്ള ലക്ഷണങ്ങളായിരുന്നു റോഷ്കെയില്‍ കണ്ടത്. അത് അത്ര കാര്യമാക്കിയെടുത്തില്ല. പിന്നീട് ശരീരത്തില്‍ മുഴുവന്‍ പലതരം രോഗങ്ങള്‍ ബാധിക്കാന്‍ തുടങ്ങി. അണുബാധയുണ്ടായതിനെ തുടര്‍ന്ന് കാല്‍വിരലുകളില്‍ രണ്ടെണ്ണം ഭാഗികമായി മുറിച്ചുനീക്കേണ്ടതായി വന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായി മുപ്പതോളം ശസ്ത്രക്രിയകള്‍ക്ക് റോഷ്കെ വിധേയനായി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. രക്തത്തില്‍ വിഷം കലര്‍ന്നുപോയതിനാല്‍ വൃക്ക, കരള്‍, ഹൃദയം എന്നീ അവയവങ്ങളെല്ലാം പ്രശ്നത്തിലായി. ഇതോടെയാണ് ഇദ്ദേഹം കോമയിലേക്ക് പോയത്. ഇതിന് പുറമെ ചുരുങ്ങിയ സമയം കൊണ്ട് ഇടത് തുടയില്‍ പെട്ടെന്ന് ഒരു മുഴ വന്നു. ഇതിലും അണുബാധയായി ഇതും നീക്കം ചെയ്യേണ്ടി വന്നു. ഇവിടെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ചര്‍മ്മമെടുത്ത് പിടിപ്പിക്കേണ്ടിയും വന്നു. ഒരിക്കലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് താൻ കരുതിയതെന്നും എന്നാല്‍ ഭാഗ്യം കൊണ്ട് അതിന് സാധിച്ചുവെന്നും ഇപ്പോഴും വിശ്രമത്തില്‍ തുടരുന്ന റോഷ്കെ പറയുന്നു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

‘ഏഷ്യൻ ടൈഗര്‍ മൊസ്കിറ്റോസ്’ അല്ലെങ്കില്‍ ‘ഫോറസ്റ്റ് മൊസ്കിറ്റോസ്’ എന്നറിയപ്പെടുന്ന ഇനത്തില്‍ പെട്ട കൊതുക് കടിച്ചതാണത്രേ ഇതിനെല്ലാം തുടക്കമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊതുകുകളില്‍ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗത്തിലാണിവ പെടുന്നത്. ഈസ്റ്റേണ്‍ ഇക്വിൻ എൻസെഫലൈറ്റിസ്, സിക ഴൈറസ്, വെസ്റ്റ് നൈല്‍ വൈറസ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയെല്ലാം ഈ കൊതുക് മൂലം പിടിപെടാം. റോഷ്കെയുടെ കേസില്‍ ശക്തിയുള്ള ബാക്ടീരിയല്‍ ആക്രമണമാണ് നടന്നതെന്നാണ് നിഗമനം. ഇത് പല രീതിയില്‍ ശരീരത്തെ ബാധിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: man under­go 30 surg­eries after one mos­qui­to bite 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.