ചൂട് കാറ്റ്. ആകാശം വെളുത്ത മേഘങ്ങളാൽ നിറഞ്ഞിരിക്കുന്നു. വായുവിന് എന്തൊരു ചൂട്.
അതുപോലെ ശ്വാസത്തിനും നെടുവീർപ്പിനും കുടിക്കുന്ന വെള്ളത്തിനും ചൂട്.
വിയർപ്പ് വരുന്നതിന് മുമ്പേ വറ്റി വരളുന്നു. ബാലന് കാഴ്ചകൾ മങ്ങിയിരിക്കുന്നു. പ്രായം അറുപത്തിനാലായല്ലോ. ഇനി മടക്കയാത്രയാണ്. ഈ മരുഭൂമി സ്നേഹം കൊണ്ട് വിടുന്നില്ല. ചൂടും തണുപ്പും ഒരുമിച്ചു സഹിക്കാൻ തുടങ്ങിയിട്ട് മുപ്പത്തിനാല് വർഷം. ഒമാനിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇത്രയും നാളുകൾ. മത്ര കോർണീഷിൽ മസ്ക്കറ്റ് ഹോട്ടലിന്റെ മുൻഭാഗത്ത് കടൽക്കരയോട് ചേർന്നുള്ള സിമന്റു ബെഞ്ചിൽ ബാലൻ ചാരിയിരുന്നു. ഈ നാട് എന്റേതാണ്. എന്നെയും കുടുംബത്തേയും സ്നേഹത്തോടെ തീറ്റിപ്പോററിയനാട്.
ഇവിടെ നിന്ന് ജോലിയെടുത്ത് കുടുംബം കെട്ടിപ്പടുത്തു. അച്ഛനും അമ്മയും അനുജന്മാരും അനിയത്തിയും ഒക്കെ ഈ നാടിനോട് നന്ദി പറയണം. ഭാര്യ, മക്കൾ വീട് എല്ലാം നേട്ടങ്ങളാണ്. ഇവിടം ഉപേക്ഷിച്ച് ഈ വയസ്സൻ നാട്ടിലെത്തിയാൽ അവർ സ്വീകരിക്കുമല്ലോ.
പുതിയ വീടുണ്ടാക്കിയിട്ട് അതിൽ അന്തിയുറങ്ങാൻ കഴിഞ്ഞിട്ടില്ല. ഒന്നുറങ്ങണം. എല്ലാം മറന്ന്…
നേരം സന്ധ്യയാകാറായി. സുൽത്താൻ ഖാബൂസിന്റെ രണ്ട് അലങ്കാര കപ്പലിൽ നിന്ന് പ്രകാശം വന്നു തുടങ്ങി. വന്ന നാളുകൾ മുതൽ ഈ കപ്പലുകൾ കാണാൻ തുടങ്ങിയതാണ്. അതിങ്ങനെ കടലിൽ നങ്കൂരമിട്ട് യാത്രയ്ക്ക് തയ്യാറായി കിടപ്പുണ്ടാകും. വൈകുന്നേരം മത്ര കോർണീഷ് കാണാൻ നല്ല ഭംഗിയാണ്. ഈന്തപ്പനകളുടെ പനയോലകളിലും കടലിനരുകിലും കുറച്ചകലെ കാണുന്ന ഷിയാ പള്ളിയിലും ലൈറ്റുകൾ കത്തുന്നത് നല്ല കാഴ്ചയാണ്. അപ്പോൾ അറബിക്കടലിനും നല്ല പ്രകാശമായിരിക്കും. ഒമാൻ ഫിഷറീസും അതിനരികെയുള്ള മത്സ്യ മാർക്കറ്റും അടച്ചു കാണും. ഫിഷറീസിനു മുമ്പിലുള്ള ഹോട്ടലിൽ ഡാൻസ് ബാറുണ്ട്. ഒരു ബിയർ കുടിക്കാൻ കയറിയാൽ വയറൊട്ടിയ ബംഗാളി പെണ്ണുങ്ങളുടെ കേബറേ നൃത്തം കാണാം. വിശപ്പിന്റെ ആട്ടം. താനും ആ ആട്ടം തന്നെയായിരുന്നില്ലേ…
ബാലൻ നെടുവീർപ്പിട്ടു. വിശപ്പില്ലാത്ത ഒരു ലോകവും സൃഷ്ടിക്കപെട്ടിട്ടില്ല. ഈ രാത്രിയോടെ താനീ രാജ്യത്ത് നിന്ന് വിട വാങ്ങുന്നു.
നാളെ നാട്ടിലേക്കുള്ള യാത്ര. ഭാര്യയും മക്കളും വണ്ടിയുമായി എയർ പോർട്ടിൽ വരും.
രാത്രിക്കു കനം വെച്ചു തുടങ്ങി. മുറിയിലേക്കു പോകാം. മാത്യൂസും ബക്കറും ലുലുവിൽ പർച്ചേസ് ചെയ്യാൻ പോയിരിക്കയാണ്. ഡാർ സൈറ്റിലെ ലുലുവാണ് സ്ഥിരം സ്ഥലം.
അകലെ എന്നും വല വീശി മീൻ പിടിക്കുന്ന അറബിയും അയാളുടെ ഭാര്യ ബംഗാളി പെണ്ണും നിഴലുപോലെ നിൽക്കുന്നു. കടൽശാന്തമാണ്. ചൂടുകാറ്റിന് തണുപ്പായിട്ടില്ല.
ഇനി മുറിയിലേക്കു പോകാം.
പ്രിയപ്പെട്ട ഒമാ…ൻ, യാത്ര.
ബാലൻ അവസാനമായി പർച്ചേസ് ചെയ്ത സാധനങ്ങളുമായി മുറിയിലേക്ക് നടന്നു. ഇന്ന് ഫോൺ വിളിച്ചപ്പോൾ സരള അവസാനമായി പറഞ്ഞ വാക്കുകൾ വീണ്ടും ഓർമ്മ വന്നു. “നിങ്ങളെന്തിനാ തിടുക്കപ്പെട്ടു വരുന്നത്. കുറച്ചു കാലംകൂടെ പിടിച്ചു നിന്നൂടെ. ഇവിടെ രോഗിയായി വന്നിട്ട് ആരു നോക്കാനാണ്. ഞങ്ങൾക്ക് സുഖത്തിന് കുറവൊന്നുമില്ല. കഷ്ടപ്പെടണ്ടാന്ന് വെച്ച് പറഞ്ഞതാ…”
അറിയാതെ വന്ന കണ്ണീർ കൈ കൊണ്ട് തുടച്ച് നടന്നു.
ഒമാൻ മ്യൂസിയം ചെറിയ പ്രകാശത്തിൽ ചരിത്രങ്ങൾ ഉള്ളിലടക്കി നിൽക്കുന്നു. അതിനുമുന്നിലുള്ള അമീർ പള്ളിയിൽ അപ്പോഴും നമസ്കരിച്ചുവരുന്ന രണ്ടു മൂന്ന് ഒമാനികളെ കണ്ടു. പലപ്പോഴും പള്ളിയുടെ മുന്നിലെത്തുമ്പോൾ അറിയാതെ അങ്ങോട്ട് നോക്കി തലകുനിച്ച് കുറേനേരം നിൽക്കും ബാലൻ. റൂവിയിലുള്ള അമ്പലത്തിലേക്ക് വെള്ളിയാഴ്ച പൂക്കളും കൊണ്ട് പോകുന്ന കാര്യം അപ്പോൾ അയാൾ ഓർത്തു.
ഇപ്പോൾ കാറ്റിന് തണുപ്പായി തുടങ്ങി. ഡാർ സൈറ്റ് കഴിഞ്ഞ് മത്ര കോർണീഷിലേക്ക് കടക്കുമ്പോൾ ഉള്ള കവാടം സഞ്ചാരികളടെ വരവും കാത്ത് കിടക്കുന്നു. ഹോട്ടൽ അനന്തപുരിയിൽ നല്ല തിരക്ക്.
ബാലൻ മുറിയുടെ വാതിൽ തുറന്നു. അകത്ത് ബക്കറും മാത്യൂസും കാത്തിരുന്നിരുന്നു. പ്രായം കൊണ്ട് കുറച്ചിളപ്പമുള്ള ബക്കർ ചോദിച്ചു. “എന്താ ബാലേട്ടാ ഇത്രയും നേരം വൈകിയത്?”
മാത്യൂസും വിട്ടില്ല. “ബാലേട്ടൻ യാത്ര പറഞ്ഞ് വൈകിയതാകും.” ബാലൻ ഒന്നും പറഞ്ഞില്ല. ഏതാണ്ട് ഒരേ കാലഘട്ടത്തിൽ വന്നവരാണ് മൂന്ന് പേരും. ഒരേ മുറിയിൽ തന്നെ എന്നും. ജോലിയും ഒരേസ്ഥലത്ത്. ഈ വർഷം എല്ലാവരും പിരിയും. ആദ്യം ബാലൻ. പിന്നെ ബക്കർ ശേഷം മാത്യൂസ്. ഇതിൽ ബാലന്റെ പിരിയലാണ് നാളെ. മൗനം ഭഞ്ജിച്ചുകൊണ്ട് ബാലൻ പറഞ്ഞു. “നാം പിരിയാറായിരിക്കുന്നു. അതാ സങ്കടം. ഒരമ്മയുടെ മക്കളെപ്പോലെ നാമീ മുറിയിലുണ്ടായിരുന്നു. നിങ്ങളുടെ ഹൃദയമിടിപ്പുകൾ മറന്ന് ഞാനെവിടെ പോകും.” നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുപോയി അയാൾ.
“ബാലേട്ടാ കരയല്ലേ… നമുക്കൊക്കെ വയസായി. ഇതു നമ്മുടെ നാടല്ല. ഇവിടുന്ന് പോയേ പറ്റൂ…
നമുക്ക് നാട്ടിൽ കാണാലോ. ഞങ്ങളും പറന്നെത്തില്ലേ?”
രണ്ടു പേരും ബാലനെ ആശ്വസിപ്പിച്ചു.
“വാ വേഗം ഭക്ഷണം കഴിച്ച് പെട്ടി പാക്ക് ചെയ്ത് ഉറങ്ങാം. അല്ലെങ്കിൽ ക്ഷീണമാകും.
ബാലേട്ടൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടില്ലേ?”
“പറഞ്ഞു.”
“അവർക്ക് സന്തോഷമായിരിക്കും അല്ലേ?”
“സന്തോഷം കാണും.” ഇതും പറഞ്ഞ് ബാലൻ വീണ്ടും ഉറക്കെ കരഞ്ഞു. മാത്യൂസും ബക്കറും അത് നോക്കി നിന്നു. രാത്രി ഒരുപാട് നീളുന്നതിന് മുമ്പ് തന്നെ പെട്ടിയും കൊണ്ടുപോകേണ്ട മറ്റു സാധനങ്ങളും ശരിയാക്കി വെച്ചു. മൂന്നുപേരും ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
ഒമാനിൽ ബാലന്റെ അവസാനത്തെ രാത്രിയും കഴിഞ്ഞ് ചുട്ടു പഴുത്ത് തന്നെ സൂര്യൻ ഉദിച്ചു.
മാത്യൂസിന്റെ ഉറക്കെയുള്ള നിലവിളികേട്ട് ബക്കർ പിടഞ്ഞെഴുന്നേറ്റു. “ബക്കറേ നമ്മുടെ ബാലേട്ടൻ പോയെടാ.. ഇത് കണ്ടില്ലേ ഉണരുന്നില്ല.”
ഇതു കേട്ടതും ബക്കർ ചാടി എഴുന്നേറ്റ് ബാലൻ കിടന്നിരുന്ന സ്ഥലത്തേക്ക് ചെന്നു. നല്ല ഉറക്കം. കുലുക്കി വിളിച്ചു. ഉണരുന്നില്ല. മസ്ക്കറ്റ് ഹോട്ടലിന് മുന്നിലുള്ള ചാരു ബഞ്ചിൽ തൂങ്ങിപ്പിടിച്ച് അവരിരുന്നു. ബക്കറും മാത്യുസും. എന്നത്തെയും പോലെ ആ ഭ്രാന്തൻ ഒരു കയ്യിൽ ഷവലും പിടിച്ച് റോഡിലെ വേസ്റ്റ് പെറുക്കിയെടുത്ത് വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. എന്നോ മണലാരണ്യത്തിലെത്തി മനസേ കൈവിട്ടുപോയ അയാൾ എന്തിനോ അഴുക്കുപെറുക്കൽ തുടുർന്നുകൊണ്ടിരിക്കുന്നു. എന്നും കാണുന്നതാണെങ്കിലും ഷവലും തോളത്തുവെച്ച് അയാൾ നടന്നുപോകുന്നത് ഇന്ന് അവരെ വല്ലാതെ വേദനിപ്പിച്ചു.
കടൽകാക്കകൾ കരയുന്ന ശബ്ദം. കപ്പലിലെ വെളിച്ചം കടൽ തീരത്ത് വീണുകിടക്കുന്നു.
രാത്രിയുടെ വരവിനെ കര സ്വീകരിച്ചു തുടങ്ങി. ബാലേട്ടനില്ലാത്ത മുറിയിലേക്ക് പോകാൻ കഴിയാതെ നിശബ്ദരായി അവർ കുറേ സമയം കൂടി അവിടെയിരുന്നു.
ബക്കർ ചോദിച്ചു. “മാത്യൂസേ… ഇനി നമുക്കും ഈ ഗതി തന്നെയായിരിക്കുമോ…? ബാലേട്ടന്റെ ഭാര്യയെന്താ പറഞ്ഞത്…?”
മാത്യൂസ് വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു. “അവർക്ക് ബാലേട്ടന്റെ മൃതശരീരം കാണണ്ടായെന്നും നാട്ടിലേക്ക് വിടണ്ടാ ഇവിടെതന്നെ അടക്കം ചെയ്തോളാനും പറഞ്ഞു.”
ബക്കർ പടച്ച റബ്ബേ എന്നും പറഞ്ഞു നിലത്തുവീണു.
ഷിയാ പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്ക്.
ഈ സമയം മരുഭൂമിയിൽ നിന്നും വന്ന് അവരെ തഴുകി പോയ കാററിന് ബാലേട്ടന്റെ വിയർപ്പിന്റെ മണമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.