മണിപ്പൂരില്‍ ദീനവും വന്യവുമായ സാഹചര്യങ്ങള്‍ ഒടുങ്ങുന്നതേയില്ല. പരിഹാരശ്രമങ്ങൾ പാതിവഴിയിലാണ്. സമാധാനം അകലെയും. അക്രമം തടയാനുള്ള ഉത്തരവാദിത്തം അക്രമികൾക്ക് തന്നെ വിട്ടുകൊടുത്തിരിക്കുന്നു. സുരക്ഷാ സേന സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് സാധാരണജനം. സമാധാന പരിപാലന സംഘത്തില്‍ അസം റൈഫിൾസും കേന്ദ്ര പൊലീസ് സേനകളുമുണ്ട്. പക്ഷെ, പ്രയോജനമില്ല. ഒരുവർഷത്തിലേറെയായി വംശീയ അതിക്രമങ്ങൾ തുടരുകയാണ്. സാധാരണ ജീവിതസാഹചര്യ നിര്‍മ്മിതിക്ക് താല്പര്യമില്ലാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി തുടരുന്നു. വംശീയ സംഘർഷങ്ങൾ കൊടുമുടിയേറിയിരിക്കുന്നു. ഭരണം സ്തംഭിച്ചിരിക്കുന്നു. സ്ഥിതിഗതികൾ ചിന്തിക്കുന്നതിനുമപ്പുറം വഷളാണ്. മണിപ്പൂരിന്റെ സാരൂപ്യം വീണ്ടെടുക്കേണ്ടതുണ്ട്. മൂന്നാമതും വിജയിച്ചതിന്റെ ആഘോഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്രം രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിൽ സമ്പൂർണ പരാജയമാണ്. മണിപ്പൂരിലെ സംസ്ഥാന ഭരണകൂടവും കേന്ദ്ര സര്‍ക്കാരും നിഷ്ക്രിയത്വത്തിനും കൗശലത്തിനും കുപ്രസിദ്ധരുമാണ്. സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ ആശ്വാസ നടപടികള്‍ ഒന്നുമില്ലാത്തത്തിനാല്‍ വിവിധങ്ങളായ അടിസ്ഥാന പ്രശ്നങ്ങൾ അപകടകരമായി വളരുകയാണ്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കില്‍ വംശീയവിഭജനം ഒഴിവാക്കാമായിരുന്നു. പക്ഷേ ജനതകള്‍ക്കിടയില്‍ അകലം വര്‍ധിക്കുകയും അനുദിനം കൂടുതല്‍ പ്രകടമാകുകയും വിഭാഗീയത ശാശ്വതമാവുകയും ചെയ്തു. മണിപ്പൂർ പത്രക്കടലാസു പോലെ പിച്ചിചീന്തപ്പെട്ടിരിക്കുന്നു. കുക്കികൾ ആധിപത്യം പുലർത്തുന്ന മലയോര പ്രദേശങ്ങൾക്കും മെയ്തികൾ ശക്തരായ താഴ്‌വരയ്ക്കുമിടയിൽ കാണാമതിലുയര്‍ന്നിരിക്കുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം അറുപതിനായിത്തിലധികമായിരിക്കുന്നു. നാമമാത്ര സൗകര്യങ്ങളോടെ ക്യാമ്പുകളിൽ ജീവിക്കാൻ അവർ നിർബന്ധിതരാകുന്നു. 60,000 കേന്ദ്ര പൊലീസ് സംഘം ഈ മനോഹരമായ കുന്നിൻപ്രദേശത്തും താഴ്‌വരയിലും നിലയുറപ്പിച്ചിരിക്കുന്നു. എന്ത് പ്രയോജനം! തങ്ങളുടെ ദുരിതങ്ങൾക്ക് അവസാനമില്ലെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. മണിപ്പൂരിലെ അശാന്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും അനിയന്ത്രിതമായി പടരുകയാണ്. അധികാരികൾ നിശബ്ദത പാലിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ 30 ലക്ഷം ജനസംഖ്യയുള്ള, നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ ഗോത്രങ്ങൾക്കിടയിൽ തുടർച്ചയായ അക്രമങ്ങൾ പതിവായിരിക്കുന്നു.
അടുത്തിടെയുണ്ടായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് നിരവധിയായ സാധാരണക്കാരാണ്. ആയിരത്തിലധികം പേർക്ക് പൊള്ളലേറ്റു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നു. സ്വന്തം മണ്ണില്‍ അഭയമില്ലാതെ, ജീവിതസുരക്ഷയില്ലാതെ ഭക്ഷണം, മരുന്ന് എന്നിവ തേടി അഭയാർത്ഥികളായി ജനം. ആയിരക്കണക്കിന് ആളുകൾ അയൽ സംസ്ഥാനങ്ങളിൽ അഭയം പ്രാപിച്ചു. ചിലർ ഡൽഹിയിലും എത്തി. 2023 മേയ് മൂന്നിന് സാമൂഹിക പദവിയുടെയും ഗോത്രവർഗക്കാരുടെ അവകാശങ്ങളുടെയും പ്രശ്നങ്ങൾ ഉയര്‍ത്തിയ വിവിധ ഗോത്ര വിഭാഗങ്ങളുടെ ഐക്യദാർഢ്യ റാലിയാണ് അശാന്തി പര്‍വങ്ങള്‍ക്ക് വഴിയായത്. ഇത് മെയ്തികളും കുക്കികളും തമ്മിലുള്ള അവിശ്വാസത്തെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനം അശാന്തിയുടെ കനലില്‍ ആണ്ടു. എന്നിട്ടും ഭരണകൂടത്തിൽ നിന്ന് ഒരു ചെറുവിരല്‍ പോലും അനങ്ങിയില്ല. പൗരന്മാർ സ്വന്തമായി രക്ഷപെടാൻ പരിശ്രമിക്കുന്നു. അവർക്ക് സഹായമോ സഹതാപമോ ലഭിക്കുന്നില്ല. മണിപ്പൂരിൽ ഹിന്ദുത്വം സൃഷ്ടിച്ച നാശത്തിന് അതിരുകളില്ല. ഹിന്ദു ദേശീയത എന്ന സങ്കല്പം സംസ്ഥാനത്തെ ദുർബലമാക്കി. കപടദേശീയതയും വെളിപ്പെടുത്തി. ഇത്തരം അന്യവൽക്കരണം പൊതു ഐക്യത്തിന് പകരം ശിഥിലീകരണത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലേക്കും സംഘർഷങ്ങളുടെ മാനം വ്യാപിക്കുന്നു.
ബാഹ്യശക്തികൾ ഇടപെടുമെന്ന ഭയവും വർധിച്ചുവരികയാണ്. ഒരു സമുദായത്തിന് ഇതര സമുദായ പ്രദേശങ്ങളില്‍ പ്രവേശിക്കാനാവില്ല. സൈനിക മേധാവി ജനറൽ ഉപേന്ദ്രദ്വിവേദിയും ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. സംസ്ഥാനത്തെ യുദ്ധമുഖങ്ങൾ “കഠിനമാവുകയാണ്”. മണിപ്പൂർ സർക്കാർ ചെറുകലാപത്തിന്റെ ലാഘവത്തിലാണ് എല്ലാം നോക്കികാണുകയും പെരുമാറുകയും ചെയ്യുന്നത്. സായുധസേനാ പ്രത്യേക അധികാര നിയമങ്ങള്‍ ആറ് മാസം കൂടി നീട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനത്തിൽ ഇക്കാര്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം, കലാപം തീവ്രതയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. മലയോര മേഖലകളിൽ കലാപത്തിന് വഴിതുറക്കുന്നതിനുള്ള പ്രക്രിയ വീണ്ടും ആരംഭിച്ചേക്കാം. കലാപത്തെ നേരിടാൻ സൈന്യത്തെ വിന്യസിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കും. ഒരു സമുദായത്തെ മറ്റൊന്നിനെതിരെ പ്രോത്സാഹിപ്പിച്ചത് മുഖ്യമന്ത്രി ബിരേൻ സിങ് ആയിരുന്നു. ഒരു സമുദായത്തിന് പട്ടികവര്‍ഗ പദവി നൽകണമെന്ന ആവശ്യവും മറുവിഭാഗത്തിൽ നിന്നുള്ള എതിര്‍പ്പും നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ നിലപാടുകള്‍ കാര്യങ്ങള്‍ വല്ലാതെ വഷളാക്കി. മുഖ്യമന്ത്രി എന്ന നിലയിൽ നിഷ്പക്ഷമായ സമീപനം സ്വീകരിക്കാൻ ബിരേൻ സിങ് വിസമ്മതിച്ചതാണ് പ്രശ്നത്തിന്റെ മൂലകാരണം.
മുഖ്യമന്ത്രിയുടെ ഭിന്നിപ്പിന്റെ പങ്ക് നന്നായി അറിയാമായിരുന്നിട്ടും മോഡി സർക്കാരും ബിജെപി നേതൃത്വവും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. രാഷ്ട്രീയ തലത്തിൽ, ബിജെപിയും ആര്‍എസ്എസും മെയ്തി തീവ്രവാദ വർഗീയതയുടെ തീ ആളിക്കത്തിക്കാനാണ് പരിശ്രമിച്ചത്. അറംബൈ തെങ്കോൾ തീവ്രവാദ സംഘടനയുടെ സ്ഥാപകൻ എൽ സനാജയോബയെ രാജ്യസഭാ എംപി ആക്കിയത് കൂട്ടിവായിച്ചാല്‍ തീവ്രവാദികള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന നടപടികളും തുടര്‍ച്ചയും വ്യക്തമാകും. മണിപ്പൂരിനോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം പാലിക്കാതെ പ്രധാനമന്ത്രിയും കാണിയായി. കഴിഞ്ഞ പതിനേഴു മാസത്തിനിടെ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കുന്നത് ഉചിതമെന്ന് നരേന്ദ്രമോഡി കരുതിയില്ല. കേന്ദ്രം നേരിട്ട് ഇടപെടുകയും പ്രധാന വംശീയ വിഭാഗങ്ങളുമായി രാഷ്ട്രീയ ചർച്ചകൾ ആരംഭിക്കുകയും വേണം. എല്ലാ സമുദായങ്ങളിലെയും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. സമാധാനത്തിനും സാധാരണ ജീവിതത്തിനും സാഹചര്യമൊരുക്കണം. മണിപ്പൂരിന്റെ മുറിവ് അതിവേഗം ഭേദപ്പെടുന്നില്ലെങ്കില്‍ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.