19 January 2026, Monday

Related news

December 15, 2025
September 11, 2025
July 5, 2025
July 4, 2025
July 3, 2025
June 28, 2025
June 19, 2025
June 10, 2025
June 8, 2025
June 4, 2025

മണിപ്പൂർ: അശാന്തിയുടെ രണ്ട് വർഷങ്ങൾ

Janayugom Webdesk
പി ദേവദാസ്
May 3, 2025 4:45 am

ഇന്നേയ്ക്ക് രണ്ടുവർഷം മുമ്പായിരുന്നു മണിപ്പൂരിൽ ഭരണകൂടം വിതറിയ വിദ്വേഷത്തിന്റെ വിത്തുകൾ മുളപൊട്ടി ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി വളർന്നത്. മണിപ്പൂരിൽ അധികാരം പിടിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി സംഘ്പരിവാർ നടത്തിയ ഗൂഢാലോചനകളുടെ ഫലമായിരുന്നു കുക്കി-സോ, മെയ്തികൾ എന്നീ രണ്ട് വിഭാഗങ്ങൾക്കുമിടയിൽ സൃഷ്ടിക്കപ്പെട്ട വേർതിരിവ്. തങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് നേട്ടം കൊയ്തതിന്റെ അനന്തരഫലമായിരുന്നു മണിപ്പൂർ കലാപം. 2023ൽ കലാപം ആരംഭിച്ചതിനുശേഷം എല്ലായ്പോഴും ദുരൂഹതകൾ നിലനിർത്തുന്നതിന് സംസ്ഥാനത്ത് ആയാലും കേന്ദ്രത്തിലായാലും അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരുകൾ ശ്രമിച്ചിരുന്നു. ജനപ്രതിനിധി സഭകളിൽ മണിപ്പൂർ സംബന്ധിച്ച ചർച്ചകൾ ഒഴിവാക്കുയെന്നത് അവരുടെ ഗൂഢലക്ഷ്യമായിരുന്നു. ബിരേൻ സിങ് മുഖ്യമന്ത്രി രാജിവച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പാർലമെന്റിന്റെ അംഗീകാരം നൽകുന്ന പ്രക്രിയയിൽ പോലും ചർച്ച ഇല്ലാതാക്കുന്നതിനുള്ള ബോധപൂർവ ശ്രമങ്ങളുണ്ടായി.
അർധരാത്രി രണ്ട് മണിയോടെയായിരുന്നു രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നൽകുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടത്. രാഷ്ട്രപതി ഭരണത്തിന് അനുമതി നൽകുക എന്നത് പാർലമെന്റിന്റെ അംഗീകാരത്തോടെയാവണം. ആ അനിവാര്യഘട്ടത്തിൽ പോലും വിഷയം ചർച്ചയ്ക്ക് വിധേയമാക്കുന്നതിന് അവസരം നൽകിയില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ഉൾപ്പെടെ 40 മിനിറ്റ് മാത്രമാണ് ചർച്ചയ്ക്കായി നീക്കിവച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ബജറ്റ് സമ്മേളനം ഉൾപ്പെടെ മണിപ്പൂർ സംഘർഷം ഉണ്ടായതിനുശേഷം ചേർന്ന എല്ലാ പാർലമെന്റ് സമ്മേളനങ്ങളിലും വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. 2023 ഡിസംബറിൽ രാജ്യസഭയിലും ലോക്‌സഭയിലും ഈ ആവശ്യം ഉന്നയിച്ചതിന് 150ഓളം പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്ന നടപടിയാണ് ഭരണപക്ഷം സ്വീകരിച്ചത്.

സഞ്ചാരം നടത്തുന്നതിൽ പ്രിയങ്കരനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനിടയിൽ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിച്ചില്ല. ലോക്‌സഭയിലും രാജ്യസഭയിലും സംസാരിക്കുമ്പോൾ മണിപ്പൂർ എന്ന വാക്കുരിയാടാതിരിക്കാനും അവിടുത്തെ സാഹചര്യങ്ങൾ ചർച്ചാ വിഷയമാകാതിരിക്കുവാനും മോഡിയും ബിജെപിയും സദാ ജാഗ്രത പുലർത്തി. പ്രതിപക്ഷം സംസാരിച്ചാൽ തന്നെ രേഖകളിൽ നിന്ന് നീക്കുകയും വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ബിജെപിക്കാർ പറയുകയും ചെയ്തു.
അവിടെ നടക്കുന്ന നിഷ്ഠുരമായ കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, കൊള്ളിവയ്പുകൾ തുടങ്ങിയവ പുറംലോകം അറിയാതിരിക്കുന്നതിനുവേണ്ടി ആദ്യം മുതൽ തന്നെ ഇന്റർനെറ്റ് ഉൾപ്പെടെ സംവിധാനങ്ങൾ സർക്കാർ തടഞ്ഞിരുന്നു. അതുകൊണ്ട് വ്യക്തമായ ചിത്രം ഇപ്പോഴും പുറത്തുവന്നിട്ടില്ല. 2023 മേയിൽ സംഘർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്തതിന്റെ വാർത്തകൾ പുറത്തുവന്നത് ജൂലൈ മാസത്തിൽ മാത്രമായിരുന്നു. ആ സമയം പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുകയായിരുന്നിട്ടും എന്തെങ്കിലും സംസാരിക്കുവാൻ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയ്യാറായില്ല. ദിവസങ്ങളോളം ഇരുസഭകളിലും പ്രതിഷേധം കത്തിപ്പടർന്നപ്പോൾ പുറത്തിറങ്ങിയ പ്രധാനമന്ത്രി പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളോട് ഈ സംഭവത്തെ അപലപിക്കുന്നു എന്ന് മാത്രം പറയുകയായിരുന്നു. അപ്പോഴും അവിടെ ഭരിക്കുന്ന സർക്കാരിനെക്കുറിച്ചോ ക്രമസമാധാന പരിപാലന സംവിധാനത്തിന്റെ തകർച്ചയെക്കുറിച്ചോ മിണ്ടിയില്ല. മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനുപോലും ചെവി കൊടുക്കാതെ ധൃതിപിടിച്ച് തിരിച്ചു പോവുകയും ചെയ്തു. സംഘർഷങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു എന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കെയാണ് പാർലമെന്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നത്.

ഏപ്രിൽ നാലിന് രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നൽകുന്ന പ്രമേയമവതരിപ്പിച്ച് സംസാരിക്കുമ്പോൾ കഴിഞ്ഞ നവംബറിനുശേഷം സംഘർഷം ഉണ്ടായില്ലെന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടത്. ഇക്കാലയളവിൽ 34 പേർ കൊല്ലപ്പെട്ടെന്ന വിവരം ദേശീയ മാധ്യമങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. നവംബർ 11ന് സംഘർഷത്തിൽ ആറുപേരെയാണ് കാണാതായത്. ഇവരുടെ മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന രീതിയിലും കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തുകയായിരുന്നു. കുക്കി വിഭാഗത്തിൽപ്പെട്ട 11 പേരെ സൈന്യം വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. എന്നിട്ടും സംഘർഷം ഉണ്ടായില്ലെന്ന വ്യാജ പ്രസ്താവനയാണ് പാർലമെന്റിൽ അമിത് ഷാ നടത്തിയത്. രണ്ടുവർഷവും ഇതേ നിലപാട് തന്നെയായിരുന്നു കേന്ദ്ര — സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചത്.
മെയ്തി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് വാക്കു നൽകുന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ സംഭാഷണവും ഇതിനിടയിൽ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്നും ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി നിയമസഭാംഗങ്ങൾ പോലും ആരോപണം ഉന്നയിക്കുകയും ഡൽഹിയിൽ ചെന്ന് നേതൃത്വത്തോട് പ്രതിഷേധിക്കുകയും ചെയ്തിരുന്നുവെങ്കിലും ബിജെപി നേതൃത്വം സന്നദ്ധമായിരുന്നില്ല. ഇതിനിടയിലാണ് ഫോൺ സംഭാഷണം പുറത്തുവന്നത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവേളയിൽ മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ സംഭാഷണം കോടതികളുടെ പരിശോധനയ്ക്ക് വിധേയമായി, വസ്തുതാപരമാണെന്ന് തെളിയുമെന്നും കോടതി പരാമർശമുണ്ടാകുമെന്നുമുള്ള സാഹചര്യത്തിൽ അദ്ദേഹം പൊടുന്നനെ രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.

ഇതുവരെയായി 250 പേർക്കാണ് ഔദ്യോഗിക കണക്കുപ്രകാരം ജീവഹാനി സംഭവിച്ചിട്ടുള്ളത്. പലായനം ചെയ്ത പതിനായിരങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും ക്യാമ്പുകളിൽ കഴിയുന്നു. സംഘർഷത്തിന് രണ്ടുവർഷം പൂർത്തിയാകുന്ന വേളയിൽ അനവധി വെളിപ്പെടുത്തലുകളും പുതിയ വാർത്തകളും മണിപ്പൂരിൽ നിന്ന് വന്നിട്ടുണ്ട്. വിവിധ ക്യാമ്പുകളിൽ കഴിയുന്നവർ നേരിടുന്നത് നരകയാതനയാണെന്ന് ഓൺലൈൻ മാധ്യമമായ ദ വയറിന്റെ റിപ്പോർട്ടിലുണ്ട്. ക്യാമ്പുകൾ സന്ദർശിച്ച മാധ്യമ പ്രതിനിധികളോട് മണിപ്പൂരികളും ഇന്ത്യക്കാരാണെന്ന പരിഗണന നൽകണമെന്ന് പ്രധാനമന്ത്രിയോട് അന്തേവാസികൾ ആവശ്യപ്പെട്ടതായി വാർത്തയിലുണ്ട്. ക്യാമ്പുകളിലെ ദുരിതക്കയത്തിൽ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാമെന്ന പ്രതീക്ഷയസ്തമിച്ച എത്രയോ പേരാണ് ആത്മഹത്യ ചെയ്തത്. അതിന്റെ സ്ഥിതിവിവര കണക്കുകൾ പോലും ലഭ്യമല്ല. ബിഷ്ണുപുർ ജില്ലയിൽ മോയിരങ് പട്ടണത്തിലെ ചെറിയൊരു ക്യാമ്പിൽ 527 പേരാണ് താമസിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം പോലും ഇവിടെ പരിമിതമാണ്. ഇത്രയും പേർക്ക് 15 ശുചിമുറികൾ മാത്രമേയുള്ളൂ. തൊഴിലൊന്നുമില്ലാതെ ജീവിക്കാൻ പ്രയാസപ്പെടുന്ന ഇവർക്ക് സർക്കാർ ചിലപ്പോഴൊക്കെ എത്തിച്ചു നൽകുന്ന ആഹാരം മാത്രമാണ് ആശ്രയം. കുട്ടികൾക്ക് പോഷക മൂല്യമുള്ള ഭക്ഷണം ലഭിക്കുന്നില്ല.

രാഷ്ട്രപതി ഭരണം നിലവിലുള്ള മണിപ്പൂരിൽ ഒരർത്ഥത്തിൽ ബിജെപി തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കാരണം അവരുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രപതിയും ഉദ്യോഗസ്ഥവും ഗവർണറുമൊക്കെയാണ് ഇപ്പോൾ ഭരണത്തിന്റെ കാവലാളുകൾ. എങ്കിലും സംസ്ഥാനം ജനാധിപത്യ സർക്കാരില്ലാത്തതിനാൽ കൂടുതൽ അരക്ഷിതമായിരിക്കുന്നു എന്ന് പരാതിപ്പെട്ടിരിക്കുന്നത് ബിജെപിയുടെയും സഖ്യകക്ഷികളുടെയും 21 എംഎൽഎമാരാണ്. മണിപ്പൂർ ജനത പ്രതീക്ഷകളോടെയാണ് രാഷ്ട്രപതി ഭരണം കണ്ടതെന്നും എന്നാൽ മൂന്നുമാസം പിന്നിട്ടിട്ടും സമാധാനവും ശാന്തിയും ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ബിജെപിയിലെ 13, എൻപിപി, നാഗാ പീപ്പിൾ ഫ്രണ്ട് പാർട്ടികളിലെ മൂന്ന് വീതം എംഎൽഎമാർ കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സംഘർഷം ആരംഭിച്ചതിന്റെ രണ്ടാം വാർഷികമായ ഇന്ന് സംസ്ഥാന ബന്ദ് നടത്താനും വീടുകളിൽ കരിങ്കൊടി ഉയർത്താനും കുക്കി-സോ വിഭാഗം വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ്തി സംഘടനകളും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മെയ്തി വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തണമെന്ന കോടതി വിധിക്കിടയാക്കിയ ബിജെപി സർക്കാരിന്റെ നിലപാടിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങളാണ് രണ്ട് വർഷം മുമ്പ് വംശീയ കലാപമായി പരിണമിച്ചത്. അതു പരിഹരിക്കുന്നതിനും ഇരുവിഭാഗങ്ങളെയും കുട്ടിയോജിപ്പിക്കാനും സാധിക്കാതെ പോയതാണ് രണ്ടുവർഷമായി സംഘർഷങ്ങൾ തുടരുന്നതിന് കാരണമായത്. ഈ സാഹചര്യത്തിൽ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഇരു വിഭാഗത്തിന്റെയും പരിപാടികൾ പുതിയ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. അപ്പോഴും കയ്യും കെട്ടിയിരിക്കുകയാണ് സർക്കാരുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.