19 December 2024, Thursday
KSFE Galaxy Chits Banner 2

മനീഷ കല്ല്യാൺ: യുവേഫയിൽ കളിച്ച ആദ്യ ഇന്ത്യൻ ഫുട്ബോളർ

ആൺകുട്ടികൾക്കൊപ്പം അവൾ പന്തിനായി കുതിച്ചു, സ്വന്തമാക്കിയത് പുതു ചരിതം
Janayugom Webdesk
സുരേഷ് എടപ്പാൾ
August 22, 2022 10:50 pm

അവൾ ആൺകുട്ടികൾക്കൊപ്പം പന്ത് കളിച്ചു, പലരും അവളെ തുറിച്ചുനോക്കി. ഫുട്ബോളിനോടുളള അഭിനിവേശത്തിനു മുന്നിൽ ഒന്നും അവൾക്ക് പ്രശ്നമല്ലായിരുന്നു. കളിക്കളത്തിലെത്താൻ തന്റെ പെൺകുട്ടിക്കുപ്പായമാണ് പ്രശ്നമെങ്കിൽ അതിനും അവൾക്കുമുന്നിൽ പരിഹാരമുണ്ടായിരുന്നു. ആൺകുട്ടിയെപ്പോലെ വേഷമണിഞ്ഞ് മൈതാനത്തിൽ അവർക്കൊപ്പം ആ പെൺകുട്ടിയും പൊരുതാനിറങ്ങി. പത്തുപേർക്കൊപ്പം ബൂട്ടണിഞ്ഞ ആ പുലിക്കുട്ടി ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. യൂറോപ്യൻ ഫുട്ബോൾ ലീഗിൽ (യുവേഫ) കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫുട്ബോളറായി മാറി. പഞ്ചാബുകാരി പെൺകുട്ടി മനീഷ കല്ല്യാൺ ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലാണ്.

സൈപ്രസ്‌ക്ലബ്ബ് അപോലോൻ ലേഡീസ് എഫ്‌സി­ക്കു വേണ്ടിയായിരുന്നു യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം മിഡ്ഫീൽഡർ മനീഷ അരങ്ങറിയത്. ലാത്വിയൻ ക്ലബ്ബ് എസ്എഫ്‌കെ റിഗയ്ക്കെതിരായ മത്സരത്തിന്റെ 60-ാം മിനിറ്റിൽ പകരക്കാരിയായാണ് മനീഷ ഇറങ്ങിയത്. മത്സരം അപോലോൻ 3–0നു ജയിച്ചു. ഗോകുലം കേരള എഫ്‌സിയുടെ സ്ട്രൈക്കറായിരുന്ന ഇരുപതുകാരി മനീഷ ഈ വർഷമാണ് സൈപ്രസ് ടോപ് ഡിവിഷൻ ക്ലബ്ബായ അപോലോനുമായി കരാർ ഒപ്പിട്ടത്. ഗോകുലത്തിനു വേണ്ടി 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ മനീഷ ക്ലബ്ബിനെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. കാൽപന്തിനോടുള്ള പ്രണയം ഏതുകടമ്പയേയും പിൻതള്ളി മുന്നേറാൻ ഈ പാവപ്പെട്ട പെൺകുട്ടിയെ പ്രാപ്തയാക്കുകയായിരുന്നു. ‘ഒരിക്കൽ ഇത്രയും ഉയരങ്ങളിലെത്തുമെന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയില്ല. കഴിയുവുന്നിടത്തോളം മികവിൽ ഫുട്ബോൾ കളിക്കുക മാത്രമായിരുന്ന ഒരേയൊരു ലക്ഷ്യം’- 20 കാരിയായ മനീഷ കല്ല്യാൺ പറഞ്ഞു. അവൾ ചെറുപ്പംതൊട്ടേ കായിക ഇനങ്ങളിൽ തൽപ്പരയായിരുന്നു. സ്പ്രിന്റിങ്ങിലും ബാസ്കറ്റ്ബോളുമായിരുന്നു ഇഷ്ട ഇനങ്ങൾ. പരിശീലനത്തിന് ശേഷം തൊട്ടുള്ള ഫുട്ബോൾ മൈതാനത്തേക്കു നോക്കുമായിരുന്നു. ആൺകുട്ടികൾ വാശിയോടെ പന്ത് കളിക്കുന്നത് അവളിൽ കൗതുകം നിറച്ചു. പിന്നെ ആൺകുട്ടികളോടൊപ്പം അവളും ചെറുതായി പന്തു തട്ടിത്തുടങ്ങി. ആ താൽപര്യം വെറുതെയായില്ല. സ്കൂൾ കോച്ച് കല്ല്യാണിലെ ഫുട്ബോളറെ കണ്ടെത്തി. മനീഷക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാൻ നൽകിയിരുന്നതായി നരീന്ദർ പാൽ പറഞ്ഞു.

‘അവൾക്ക് ഫുട്ബോൾ കളിക്കണമെന്ന് പറഞ്ഞപ്പോൾ, ഞങ്ങളുടെ ഗ്രാമത്തിൽ വനിതാ ഫുട്ബോൾ ടീം ഇല്ലെന്ന് ഞാൻ പറഞ്ഞു. അവൾ ഒറ്റയ്ക്ക് ആൺകുട്ടികൾക്കൊപ്പം കളിക്കുമെന്ന് പറഞ്ഞു. എന്നാൽ കല്ല്യാൺ ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നത് ഗ്രാമവാസികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ”ആളുകൾ പലതും സംസാരിച്ചു തുടങ്ങയപ്പോൾ ഞാൻ പറഞ്ഞു ‘വിഷമിക്കേണ്ട’. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശമുണ്ട്. അവൾ വെല്ലുവിളികൾക്കു മുന്നിൽ ബൂട്ടിന്റെ ചരട് വലിച്ചു മുറുക്കി. ആൺകുട്ടികളുടെ ടീമുകൾക്കൊപ്പം ദൂരെ പ്രദേശങ്ങളിലെ ടൂർണമെന്റുകൾക്ക് മനീഷ പോയിരുന്നു. പത്ത് ആൺകുട്ടികളും ഒരു പെൺകുട്ടിയും,” കല്യാണി അവളുടെ മുടി ഒരു തൂവാല കെട്ടി ഒതുക്കി. കണ്ടാൽ പിതിനൊന്നുപേരും ആൺകുട്ടികൾ. പക്ഷേ ഒരു മത്സരത്തിനിടെ അത് അഴിഞ്ഞുവീണു, അവളെ തിരിച്ചറിഞ്ഞു. എന്നാൽ കാണികളോ സംഘാടകരൊ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല. അവർ മനീഷയെ കയ്യടിച്ചും ആർപ്പു വിളിച്ചും പ്രോത്സാഹിപ്പിച്ചു. കോച്ച് ബ്രഹ്മജിത് സിംഗും അച്ഛൻ നരീന്ദർ പാലും കല്ല്യാണിനു കലവറയില്ലാത്ത പ്രോത്സാഹനവും പിൻതുണയും നൽകി. പന്തിനും പിന്നലെ കുതിക്കാനുള്ള ശേഷിയും സമർത്ഥമായ പന്തടക്കവും മറ്റുള്ളവരിൽ നിന്ന് അവളെ വ്യത്യസ്തയാക്കി. കഴിഞ്ഞ വർഷം സൗഹൃദമത്സരത്തിൽ ബ്രീസീൽ വലയിൽ പന്തെത്തിച്ചതോടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. മത്സരത്തിൽ ഇന്ത്യ 6- 1 തോറ്റെങ്കിലും പഞ്ചാബി പെൺകുട്ടി സ്റ്റാറായി. 2021- 22 സീസണിൽ മികച്ച ഇന്ത്യൻ വുമൺ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് കല്ല്യാൺ.

Eng­lish Sum­ma­ry : Man­isha Kalyan: The first Indi­an foot­baller to play in UEFA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.