23 December 2024, Monday
KSFE Galaxy Chits Banner 2

മണിത്തക്കാളി ഇല കരൾ അർബുദത്തിനെതിരെ ഫലപ്രദം

Janayugom Webdesk
തിരുവനന്തപുരം
November 3, 2021 9:00 pm

മണിത്തക്കാളി (മണ ത്തക്കാളി) ചെടിയിൽ നിന്ന് വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ്ഡിഎയിൽ നിന്ന് ഓർഫൻ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. 

കേരളത്തിലെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകൾക്ക് കരളിനെ അനിയന്ത്രിതമായ കോശവളർച്ചയിൽ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ആർജിസിബിയിലെ ശാസ്ത്രജ്ഞർ പറയുന്നു. അപൂർവ രോഗങ്ങൾക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഓർഫൻ ഡ്രഗ് പദവി.
ആർജിസിബിയിലെ സീനിയർ സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോയും വിദ്യാർത്ഥിനിയായ ഡോ. ലക്ഷ്മി ആർ നാഥും പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കൻ മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ (ഒഎംആർഎഫ്) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. 

ഡോ. റൂബിയും ഡോ. ലക്ഷ്മിയും ചേർന്ന് മണത്തക്കാളി ചെടിയുടെ ഇലകളിൽ നിന്ന് ഉട്രോസൈഡ്-ബി എന്ന തൻമാത്ര വേർതിരിച്ചെടുക്കുകയായിരുന്നു. അർബുദം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ ചികിത്സയിൽ ഈ ഗവേഷണം വഴിത്തിരിവാണെന്ന് തെളിയിക്കുമെന്ന് ആർജിസിബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സംയുക്തത്തിന്റെ പ്രവർത്തനരീതി പഠിക്കുകയും കരളിലെ കൊഴുപ്പ് രോഗം, നോൺ‑ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷം മൂലമുണ്ടാകുന്ന കരൾ അർബുദം എന്നിവയ്ക്കെതിരായ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തുവരികയാണ്. നേച്ചർ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ ‘സയന്റിഫിക് റിപ്പോർട്ട്സി‘ലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.
eng­lish sum­ma­ry; Manithakali leaves are effec­tive against liv­er cancer
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.