22 December 2024, Sunday
KSFE Galaxy Chits Banner 2

മന്ഥര ‑രാമായണത്തിലെ സ്ത്രൈണ ശകുനി

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം- 17
August 2, 2023 4:30 am

ഹാഭാരതത്തിലെ ശകുനിയെ ഓർമ്മപ്പെടുത്തുന്ന രാമായണത്തിലെ സ്ത്രീകഥാപാത്രമാണ് മന്ഥര. മന്ഥര രാമായണത്തിലെ സ്ത്രൈണ ശകുനി തന്നെയാണ്. ശകുനിയുടെയും മന്ഥരയുടെയും ഉപദേശങ്ങൾ മഹാഭാരതത്തിലെ ഹസ്തിനപുരം രാജകൊട്ടാരത്തിലും രാമായണത്തിലെ അയോധ്യാ രാജധാനിയിലും ഉണ്ടാക്കിയത് കലഹകലാപങ്ങളും കഠിന ദുഃഖങ്ങളുമാണ്. ഗാന്ധാരിക്കൊപ്പം കൗരവരാജധാനിയിലേക്ക് പരിസേവകനായി കടന്നു കൂടിയ ബന്ധുജന പ്രധാനിയാണ് ശകുനി. കൈകേയിയോടൊപ്പം അയോധ്യാ രാജാക്കന്മാരുടെ അരമനയിൽ കടന്നു കൂടിയ ജ്ഞാതിദാസിയാണ് മന്ഥര. നിർഭയം കൈകേയി എന്ന രാജപത്നിയെ ശാസിക്കാനും ഉപദേശിക്കാനുമുള്ള സ്വാതന്ത്ര്യം കൂനുള്ള ശരീരവും കുടിലമായ ബുദ്ധിവ്യാപാരങ്ങളുമുള്ള മന്ഥരയ്ക്ക് ഉണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ: അഹല്യയും സീതയും രാമായണത്തിലെ പാതിവ്രത്യ പരീക്ഷകളും


രാജകൊട്ടാരങ്ങളിൽ രാജാവിനെയും രാജകുമാരന്മാരെയും രാജനാരികളേയും ഒക്കെ ഉപദേശിക്കാൻ ധാരാളം പേരുണ്ടാവും. എന്നാൽ ഉപദേശകർ നന്നല്ലെങ്കിൽ ജീവിതവും ഭരണവും ഒക്കെ കാലമേതായാലും ചീത്തയാകും. ഉപദേശകർ നന്നായാൽ ജീവിതവും ഭരണവും ഒക്കെ കാലം ഏതായാലും നന്നാവുകയും ചെയ്യും. രാജാവിനും മറ്റും നല്ല ഉപദേശങ്ങൾ തക്കസമയത്തു നൽകുന്നവരെ സുമന്ത്രർ എന്ന് രാമായണ ശൈലിയിൽ പറയാം. ഇതുപോലെ ദുരുപദേശം നൽകുന്നവരെ ദുർമന്ത്രർ എന്നും പറയാം. മന്ഥര അയോധ്യാ രാജകൊട്ടാരത്തിലെ ദുർമന്ത്രിണി ആയിരുന്നു എന്നുവേണം അവരുടെ ഉപദേശത്തെ തുടർന്ന് കൈകേയിയിൽ സംഭവിച്ച സ്വഭാവ വ്യതിയാനങ്ങളിൽ നിന്നു മനസിലാക്കാൻ. ഭരതകുമാരനെപ്പോലെ തന്നെ രാമകുമാരനെയും സ്നേഹിച്ചിരുന്ന കൈകേയിക്ക് മന്ഥരോപദേശ ദംശനത്താൽ രാമവിരോധം കലശലായി. രാമൻ കാണാമറയത്തു കൊടുങ്കാട്ടിൽ പോകണം; തന്റെ മകൻ കൊട്ടാരത്തിൽ രാജാവായി വാഴണം എന്ന ചിന്ത കൈകേയിയിൽ കടന്നു കൂടിയതും രാജാദശരഥൻ കടന്നൽകുത്തേറ്റവനെപ്പോലെ നൊന്തു ചീർത്തു വിതുമ്പേണ്ടി വന്നതും മന്ഥരോപദേശത്തെ തുടർന്നാണ്. ഇങ്ങനെ അയോധ്യാനിവാസികളുടെ സന്തോഷവും സമാധാനവും പാടേ തകർത്ത മന്ഥരോപദേശത്തെ സദുപദേശം എന്നു പറയാനാവില്ലല്ലോ.


ഇതുകൂടി വായിക്കൂ: സീതാരാമന്മാരുടേത് മാതൃകാ ദാമ്പത്യമാണോ..?


താൻ കുഞ്ഞുനാൾ മുതൽ കണ്ടും കേട്ടും തൊട്ടും മണത്തും വാത്സല്യമേകിയും വളർത്തിയ രാമനോടുള്ള സ്നേഹവിശ്വാസങ്ങളെ മുഴുവൻ കൈകേയിയെ കൊണ്ടു പാടേ ഉപേക്ഷിക്കാൻ തക്ക പരദൂഷണവിരോധം ശ്രീരാമവിരുദ്ധമായ മന്ഥരോപദേശത്തിനുണ്ടായിരുന്നു. ‘ആദരണീയരേ’ എന്നു വിളിച്ചിരുന്നവരെ നോക്കി ‘അലവലാതിയേ’ എന്നു വിളിക്കാൻ ചിലരെകൊണ്ടെങ്കിലും കഴിയാവുന്ന നില വരുംവിധം ബോധത്തെ അട്ടിമറിക്കാൻ മദ്യപാനത്തിനാകും. മദ്യത്തെക്കാൾ സ്നേഹിച്ചവരെ വെറുക്കാനും ഒത്തൊരുമയിൽ ആയിരുന്നവരെ തമ്മിലടിപ്പിക്കാനും ദുരുപദേശകരുടെ വിഷമൊഴികൾക്കാവും. ഇത്തരം വിഷമൊഴി പ്രയോഗങ്ങളുടെ ആവർത്തിച്ചുള്ള പ്രയോഗത്തിലൂടെയാണ് ഇവിടെ മത ശത്രുതയും ചിലമതങ്ങളോട് വെറുപ്പും ഒക്കെ വളർത്തി വർഗീയ രാഷ്ട്രീയം നാടുകത്തിച്ചു നശിപ്പിക്കുന്നത്. ഇത്തരം മന്ഥര മനസ്കരുടെ വിഹാരവേദിയായിരിക്കുന്നു നമ്മുടെ മാധ്യമ രംഗവും. ‘എന്റെ മുതലാളിയല്ല നിന്റെ മുതലാളിയാണ് കാട്ടിലെ മരം മുറിച്ച കള്ളൻ’ എന്നു പരസ്പരം അലറിപ്പറഞ്ഞ് അന്തഃസത്ത നഷ്ടപ്പെട്ട വായാടിക്കൂട്ടങ്ങളുടെ ഓരികുറുക്കത്തരം ആയിരിക്കുന്നു ഇക്കാലത്തെ മുഖ്യധാരാ മാധ്യമ പ്രവർത്തനം-ഇവരെ മന്ഥര മനസ്കര്‍ എന്ന് രാമായണമാസത്തിനു നിരക്കുന്ന ശൈലിയിൽ വിശേഷിപ്പിക്കാം.


ഇതുകൂടി വായിക്കൂ: രാമായണത്തിലെ സീത


മന്ഥര ദുരുപദേശത്തിലൂടെ കൈകേയിയുടെ മനസിനെ രാമ വിരോധഭരിതമാക്കിയത് ദേവഗണങ്ങളുടെ ഇടപെടൽ കൊണ്ടാണെന്ന് പ്രസംഗിക്കുന്ന ആത്മീയവാദികളും നമ്മൾക്കിടയിലുണ്ട്. സീതാപഹരണം ഉൾപ്പെടെയുള്ള രാവണ വധ സാഹചര്യം ഉണ്ടാവാൻ രാമൻ അയോധ്യയിൽ നിന്ന് ആരണ്യത്തിലേക്ക് പോവേണ്ടിയിരുന്നു. രാവണവധം ദേവഗണങ്ങളുടെ ആവശ്യവും ആയിരുന്നു. അതിനാൽ ദേവകൾ മന്ഥരയുടെ നാക്ക് പിഴപ്പിച്ചു കൈകേയിയെ രാമവിരോധിയാക്കി എന്നാണ് ആത്മീയ വാദ ചുരുക്കം. ഇതിൽ യുക്തിയില്ല; അന്ധമായ ഭക്തിയേയുള്ളൂ. കാരണം, രാമൻ കാട്ടിൽ ചെന്നു താടകാദി ഭയങ്കര നീചശക്തികളെ നശിപ്പിക്കണമെങ്കിൽ വിശ്വാമിത്രമഹർഷി വന്നു പറഞ്ഞാൽ മതി എന്നു നാം കണ്ടതാണ്. ഇതുപോലെ രാവണവധത്തിനും രാവണനാലോ സഹോദരങ്ങളാലോ പീഡിതരായ ഏതെങ്കിലും മഹർഷി അയോധ്യയിൽ വന്നു രക്ഷാഭ്യർത്ഥന ചെയ്താലും മതിയായിരുന്നില്ലേ. നാം ഈ വഴിക്കും ചിന്തിച്ചു നോക്കണം. ഇത്തരം ചിന്തകൾ ആത്മീയതയെ ഇല്ലാതാക്കാനല്ല, മറിച്ച് ആത്മീയതയെ യുക്തിബോധത്തിന്റെ ഉൾക്കാഴ്ചയുള്ളതാക്കാനാണ് ചെയ്യേണ്ടതെന്നും സൂചിപ്പിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.