27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 17, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024
March 12, 2024
March 11, 2024
March 8, 2024
March 3, 2024

എസ്‌ബിഐയിലെ വിപണന പരിഷ്ക്കാരങ്ങൾ: ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
December 24, 2022 8:09 pm

വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലെ ജീവനക്കാര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ശാഖകളിലെ ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിൻവലിക്കുക, ശാഖകളിൽ ജീവനക്കാരുടെ ഒഴിവുകൾ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ഇടപാടുകാർക്ക് തടസ്സരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ലഭ്യമാക്കുക, അന്തസ്സുള്ള തൊഴിൽ ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭ നടത്തുകയെന്ന് ട്രാവങ്കൂർ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. 

കേരളത്തിൽ ഏറ്റവും കൂടതൽ ശാഖകളും ബിസിനസ്സുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിസിനസും വരുമാനവും ലാഭവും വർദ്ധിപ്പിക്കുവാനെന്ന പേരിൽ ശാഖകളിൽ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച് വിപണന ജോലിയിലേക്ക് മാറ്റുകയാണ്. തന്മൂലം ശാഖകളിലെ സേവനങ്ങൾ അവതാളത്തിലാകും. 1200 ലധികം ക്ലർക്കുമാരുടെ സേവനം ശാഖകളിൽ നിന്ന് പിൻവലിക്കപ്പെടുന്നതോടെ, കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനം ദിന ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാതെ വരുന്ന സാഹചര്യം സംജാതമാകും. സവിശേഷമായ വിപണന ജോലികൾക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളിൽ നിന്നും ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് ജോലികൾക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണ്. ഇതു മൂലം ബാങ്കുശാഖകളിലെ സേവനങ്ങൾ പ്രതിസന്ധിയിലാകും. കൂടാതെ ശാഖകളിൽ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലി ഭാരം വർദ്ധിക്കുമ്പോൾ കാര്യക്ഷമതയെ ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

കിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന വരുമാനലാഭ ചോർച്ചയ്ക്ക് പ്രതിവിധിയെന്ന നിലയിൽ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവുചുരുക്കുവാൻ പദ്ധതികൾ തയ്യാറാക്കുമ്പോൾ ബാങ്കിടപാടുകാർക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടം മറിയുന്നത്.

കേരളത്തിലും ബാങ്കിന്റെ ബിസിനസിലും കസ്റ്റമർ അടിത്തറയിലും ഗണ്യമായ വികാസമുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ ബിസിനസ്സിനും ഒഴിവുകൾക്കും ആനുപാതികമായി നിയമനം നടന്നിട്ടില്ല. തന്മൂലം ശാഖകളിൽ ജീവനക്കാരുടെ രൂക്ഷമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത് കസ്റ്റമർ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജീവനക്കാരുടെ മേൽ അതിയായ ജോലി ഭാരവും കടുത്ത സമ്മർദ്ദവും നിലവിൽത്തന്നെ ഉണ്ടാക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ഇത് കൂടുതൽ വഷളാക്കുന്ന സ്ഥിതിയാണ്. ബാങ്കിന്റെ വിലപ്പെട്ട ഇടപാടുകാർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നല്കാൻ ജീവനക്കാർ ഏറെ പാടുപെടുന്ന ഇന്നത്തെ സ്ഥിതിയിൽ, നിലവിലെ ജീവനക്കാരിൽ ഒരു ഭാഗത്തെ ശാഖകളുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കുന്നത് ശാഖകളുടെ സുഗമമായ പ്രവർത്തനത്തെയും ജീവനക്കാരുടെ തൊഴിൽ ജീവിത സന്തുലനത്തെയും ഇടപാടുകാർക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തിൽ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കും. അതിനാൽ അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന പരിഷ്കാരത്തിൽ നിന്ന് ബാങ്ക് ഉടൻ പിൻമാറണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

27ന് ന് ലഘുലേഖാ പ്രകാശനം നിര്‍വഹിക്കും. 28 ന് പ്രതിഷേധ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തും. ഇതിനുപുറമെ 2023 ജനുവരി മൂന്നിനും 11നും വിവിധയിടങ്ങളില്‍ പ്രതിഷേധ ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Mar­ket­ing reforms at SBI: Employ­ees to hold strike

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.