5 November 2024, Tuesday
KSFE Galaxy Chits Banner 2

മാര്‍ട്ടിന്‍ നെമോളര്‍ പിന്നീട് വിലപിച്ചത്

കെ ദിലീപ്
നമുക്ക് ചുറ്റും
March 21, 2023 4:12 am

രണ്ട് ലോക മഹായുദ്ധങ്ങള്‍ സ്വന്തം ജീവിതകാലത്ത് ദര്‍ശിച്ച, ലുഥേറിയന്‍ പുരോഹിതന്‍ മാര്‍ട്ടിന്‍ നെമോളര്‍ (1892–1984), 1946 ജനുവരി ആറിന് ഫ്രാങ്ക്ഫര്‍ട്ടിലെ കണ്‍ഫെഷനിസ്റ്റ് പള്ളിയില്‍ വച്ച് നടത്തിയ വികാരഭരിതമായ പ്രസംഗം പിന്നീട് പല രൂപത്തില്‍ ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി. നാസി ഭരണത്തിന്റെ അവസാന കാലത്ത് ഏഴു വര്‍ഷത്തോളം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലടയ്ക്കപ്പെട്ട നെമോളറെ സഖ്യസേനയാണ് രക്ഷിച്ചത്. പിന്നീടുള്ള ജീവിതകാലം നാസി തടങ്കല്‍‍ പാളയങ്ങളില്‍ കൊടുംക്രൂരതയ്ക്ക് വിധേയരായ മനുഷ്യരുടെ പുനരധിവാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് നെമോളര്‍ ഏര്‍പ്പെട്ടത്.
പൊതുവെ പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന ജര്‍മ്മന്‍ സ്റ്റേറ്റുകളില്‍ പ്രധാനപ്പെട്ടത് ലുഥേറിയന്‍ സഭയാണ്. 16-ാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍ പുരോഹിതനായ മാര്‍ട്ടിന്‍ ലൂഥര്‍, കത്തോലിക്കാ സഭയുമായി വേര്‍പിരിഞ്ഞ് സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് സഭ. മറ്റു പ്രധാന പ്രൊട്ടസ്റ്റന്റ് സഭകളായ കാല്‍വിനിസ്റ്റുകള്‍, മെത്തേഡിസ്റ്റുകള്‍, ബാപ്റ്റിസ്റ്റുകള്‍, പെഴ്സി ബസ്റ്റേറിയന്‍ സഭ എന്നിവയും കാത്തലിക് സഭയും ജര്‍മ്മന്‍ സ്റ്റേറ്റുകളില്‍ ഉണ്ടായിരുന്നു. നാസികള്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് വെയ്മര്‍ റിപ്പബ്ലിക്കിന്റെ കാലത്ത് പ്രഷ്യയിലെ വിദ്യാഭ്യാസ, ആരാധനാകാര്യ മന്ത്രിയായിരുന്ന അഡോള്‍ഫ് ഹോഫ്‌മാന്‍ പള്ളികള്‍ക്കുള്ള ധനസഹായം, നിര്‍ബന്ധിത മതപഠനം ഇവ നിര്‍ത്തലാക്കുകയും സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ നിന്ന് ‘തിയോളജി’ എന്ന വിഷയം എടുത്തുകളയുകയും ചെയ്തു. ഇത് വിവിധ സഭകളില്‍ നിന്നും വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ഹോഫ്‌മാന്‍ രാജിവയ്ക്കേണ്ടിവരികയും ചെയ്തു. ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളില്‍പ്പെട്ട 28 പള്ളികള്‍, അവയുടെ പ്രാദേശിക അധികാര പരിധിയുടെ അടിസ്ഥാനത്തില്‍ 1922 ല്‍ ‘ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോണ്‍ഫെഡറേഷന്‍’ രൂപീകരിച്ചു. ഇത് നേരത്തെ നിലവിലുണ്ടായിരുന്ന 1852 ല്‍ സ്ഥാപിതമായ ‘ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോണ്‍ഫറന്‍സി‘ന്റെ തുടര്‍ച്ചയായിരുന്നു. വെയ്മര്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ സഭകളെ ഔദ്യോഗിക ദേശീയ സഭകളായി പരിഗണിക്കുന്നത് നിര്‍ത്തലാക്കിയതും ഹോഫ്‌മാന്റെ നടപടികളും ഒരു സോഷ്യലിസ്റ്റ് വിപ്ലവം ആസന്നമാണെന്ന ഭീതിയും കാരണം കോണ്‍ഫെഡറേഷനിലെ പലരും തീവ്ര വലതുപക്ഷ നാസികളുടെ ചെയ്തികള്‍ക്കെതിരെ മൗനം പാലിച്ചു. ഈ സന്ദര്‍ഭം മുതലെടുത്തുകൊണ്ട് നാസികള്‍ കോണ്‍ഫെഡറേഷന്‍ നേതൃത്വത്തിലേക്ക് നുഴഞ്ഞുകയറി. ഇതിന്റെ ഫലമായി മാമോദീസ നല്കുന്നതില്‍ പോലും നിയന്ത്രണങ്ങളുണ്ടായി. ജൂത പാരമ്പര്യമുള്ളവര്‍ക്ക് ആരാധനാവകാശം നിഷേധിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി.

 


ഇതുകൂടി വായിക്കു; ഫാസിസത്തിനെതിരെ ഐക്യകാഹളം


കോണ്‍ഫെഡറേഷനില്‍ നുഴഞ്ഞുകയറിയ നാസികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളോട് വൈമുഖ്യം കാണിച്ച വലിയൊരു വിഭാഗം കോണ്‍ഫെഡറേഷനിലുണ്ടായിരുന്നു. ഇതിനെ മറികടക്കുവാന്‍ ഹിറ്റ്ലര്‍ 1933ല്‍ ‘ജര്‍മ്മന്‍ ഇവാഞ്ചലിക് ചര്‍ച്ച്’ എന്ന് കോണ്‍ഫെഡറേഷനെ പുനര്‍നാമകരണം ചെയ്തു. സഭാ തെരഞ്ഞെടുപ്പില്‍ ‘ലുഡ്‌വിഗ് മുള്ളറെ’ ഹിറ്റ്ലര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഈ നടപടി ഇവാഞ്ചലിക്കല്‍ സഭയുടെ കീഴിലുള്ള വിവിധ പള്ളികളില്‍ വലിയ പ്രതിഷേധത്തിനു കാരണമായി. നാസികളെ അനുകൂലിക്കാത്തവരായിരുന്നു ഭൂരിപക്ഷം വിശ്വാസികളും. 1935ല്‍ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മതകാര്യങ്ങള്‍ക്കുള്ള മന്ത്രാലയം ലുഡ്‌വിഗ് മുള്ളറെ നീക്കം ചെയ്ത് ‘വില്‍ഹെം സോള്‍നര്‍’ എന്ന എല്ലാ സഭകളുടെയും അംഗീകാരമുള്ള പണ്ഡിതനെ നേതൃത്വത്തില്‍ അവരോധിച്ചു. ഇതിന്റെ ഫലമായി വിട്ടുപോയ പള്ളികള്‍ തിരിച്ചുവരികയും ചെയ്തു. എന്നാല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സോള്‍നറുടെ നേതൃത്വത്തില്‍ സഭകളുടെ ആര്യവല്ക്കരണത്തെ എതിര്‍ത്തു. 1933 ജൂലൈ ആറിന് അതിവിചിത്രമായ ഒരു തീരുമാനമെടുത്തു മുള്ളര്‍. ‘ആര്യന്‍’ പാരമ്പര്യമുള്ളവര്‍ക്ക് മാത്രമേ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ സഭയില്‍ പൗരോഹിത്യം അനുവദിക്കുകയുള്ളു. ഇതിലൂടെ ജൂതരോ മറ്റു വംശങ്ങളില്‍പ്പെട്ടവരോ ആയ ക്രിസ്ത്യാനികള്‍ക്കെല്ലാം ജര്‍മ്മനിയില്‍ പൗരോഹിത്യം നിഷേധിക്കപ്പെട്ടു. ഈ സാഹചര്യം അത്യന്തം ഗൗരവമായാണ് സഭയിലെ വലിയൊരു വിഭാഗം പുരോഹിതരും കണ്ടത്. ഇതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ അവര്‍ തീരുമാനിക്കുകയും മാര്‍ട്ടിന്‍ നെമോളറുടെ നേതൃത്വത്തില്‍ ‘പുരോഹിതരുടെ അടിയന്തര സഖ്യം’ രൂപീകരിക്കുകയും ചെയ്തു. ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം ക്രിസ്ത്യന്‍ സഭയിലെ ജൂത, ജര്‍മ്മന്‍ ഇതര പാരമ്പര്യമുള്ള പുരോഹിതരെ സഹായിക്കുക എന്നതായിരുന്നു. വളരെ പെട്ടെന്നുതന്നെ സഭയിലെ നാസി ഇടപെടലുകള്‍ക്ക് എതിരായ ശക്തമായ പ്രസ്ഥാനമായി അത് വളര്‍ന്നു. പക്ഷെ, നാസികള്‍ 1933 നവംബര്‍ 13ന് ജര്‍മ്മനിയിലെ ക്രിസ്ത്യാനികളുടേതെന്ന പേരില്‍ ബര്‍ലിനില്‍ ഒരു റാലി നടത്തുകയും നാസിസവും ക്രിസ്തുമത വിശ്വാസവും ഒന്നാണെന്നും ജൂതന്മാരെ മതത്തില്‍ നിന്നു പുറത്താക്കണമെന്നും ബൈബിളിലെ പഴയ നിയമം നീക്കം ചെയ്യണമെന്നും ജര്‍മ്മന്‍കാരല്ലാത്ത എല്ലാവരെയും പൗരോഹിത്യത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പക്ഷെ, ഈ നീക്കം നാസികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. കൂടുതല്‍ പള്ളികള്‍ മാര്‍ട്ടിന്‍ നെമോളര്‍ നയിക്കുന്ന എതിര്‍പക്ഷത്തേക്ക് നീങ്ങി. തല്‍ഫലമായി ‘ലുഡ്‌വിഗ് മുള്ളര്‍’ എന്ന നാസി പാവ ബിഷപ്പിനെ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ സഭയുടെ തലപ്പത്തു നിന്ന് നീക്കുവാനും ‘എമര്‍ജന്‍സി ലീഗിന്റെ ആവശ്യപ്രകാരം വില്‍ഹെം സോള്‍നറെ സഭയുടെ നേതൃസ്ഥാനത്ത് അവരോധിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കു;പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനല്ല


 

1934 മെയ് മാസത്തില്‍ സഭയുടെ നാസിവല്‍ക്കരണത്തെ എതിര്‍ത്ത് പുരോഹിതര്‍ സമ്മേളനത്തില്‍വച്ച് ബെര്‍മ്മന്‍ പ്രഖ്യാപനം പുറപ്പെടുവിച്ചു. മാര്‍ട്ടിന്‍ നെമോളര്‍ പള്ളി, ജര്‍മ്മന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു വിഭാഗമല്ല എന്നും സ്റ്റേറ്റിന്റെ തെറ്റായ നയങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും വിശ്വാസം സംബന്ധിച്ച വിഷയങ്ങളില്‍ സ്റ്റേറ്റിന് സഭയെ ഉപദേശിക്കാനാവില്ല എന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു. ഇതാണ് ജര്‍മ്മനിയിലെ കണ്‍ഫെസിങ് ചര്‍ച്ചിന്റെ ആരംഭം. അതായത് വിശ്വാസം ഏറ്റുപറയുന്ന പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം. സഭ സത്യത്തോടൊപ്പം നില്ക്കണമെന്ന സന്ദേശമാണ് ‘കണ്‍ഫെസിങ് ചര്‍ച്ച്’ നല്കിയത്. ഈ നീക്കം ഹിറ്റ്ലറെ ഭയപ്പെടുത്തി. അതിന്റെ ഫലമായാണ് മുള്ളറെ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ സഭയുടെ നേതൃസ്ഥാനത്തു നിന്ന് നീക്കുവാനും പകരം എല്ലാവരും ആദരിക്കുന്ന വില്‍ഹെം സോള്‍നറെ അവരോധിക്കുവാനും കാരണമായത്. 1936 മെയ് മാസത്തില്‍ മാര്‍ട്ടിന്‍ നെമോളറുടെ നേതൃത്വത്തില്‍ കണ്‍ഫെസിങ് ചര്‍ച്ച്, സഭാവിരുദ്ധവും വംശീയതയില്‍ അധിഷ്ഠിതവുമായ നിലപാടുകള്‍ക്കെതിരെയും സര്‍ക്കാരിനെതിരെ നില്ക്കുന്ന പുരോഹിതരെയും ക്രിസ്ത്യാനികളെയും അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയങ്ങളിലേക്കയക്കുന്നതിനെതിരെയും ഹിറ്റ്ലര്‍ക്ക് നിവേദനം നല്കി. എന്നാല്‍ അധികാര ഭ്രാന്ത് മൂത്ത ഹിറ്റ്ലര്‍ കണ്‍ഫെസിങ് ചര്‍ച്ചിലെ പുരോഹിതരെയും വിശ്വാസികളെയും മുഴുവനായി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയച്ചു. സഭയുടെ സമുന്നത നേതാക്കളായ മാര്‍ട്ടിന്‍ നെമോളറും ഹെന്‍റിച്ച് ഗ്രുബ്ലറുമടക്കം പലരും നാസി തടങ്കല്‍ പാളയങ്ങളെ അതിജീവിച്ചില്ല. ഡയറ്റ് റിച്ച് ബോണ്‍ഹോപ്പര്‍ എന്ന സര്‍വരാലും ആരാധിക്കപ്പെട്ട വയോധികനായ പുരോഹിതന്‍ ഉള്‍പ്പെടെ പലരും തൂക്കിലേറ്റപ്പെട്ടു. മാര്‍ട്ടിന്‍ നെമോളര്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ അതിജീവിച്ചു. 1945ല്‍ സഖ്യസേന അദ്ദേഹത്തെ ഒറെന്‍ബര്‍ഗ് ക്യാമ്പില്‍ നിന്നും രക്ഷിച്ചു. 1946 ജനുവരി ആറിന് ഫ്രാങ്ക് ഫര്‍ട്ടില്‍ വച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും സ്വതന്ത്രവും സമത്വവും മാനസികതയും അവശേഷിക്കുന്ന ഓരോ മനുഷ്യന്റെയും മനഃസാക്ഷിയോട് സംവദിക്കുന്നു. കവിതാരൂപത്തിലുള്ള ഈ പ്രഭാഷണത്തിന്റെ ആവിഷ്കാരം ഇന്ന് ലോകമെമ്പാടും വിവിധ ഭാഷകളില്‍ പ്രചരിക്കുന്നു. എന്നാല്‍ ഗദ്യത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം അതിലെത്രയോ ഏറെ ഓരോ മനുഷ്യന്റെയും ആര്‍ജവത്തിനും സത്യസന്ധതയ്ക്കും നേരെ ശക്തമായ ചോദ്യങ്ങളുന്നയിക്കുന്നു.

”ക്യാമ്പുകളിലേക്ക് ആദ്യം അയക്കപ്പെട്ടത് കമ്മ്യൂണിസ്റ്റുകളാണ്. അവര്‍ക്ക് വേണ്ടി ആരും സംസാരിച്ചില്ല. നമ്മള്‍ പത്രങ്ങളില്‍ നിന്ന് എല്ലാം അറിയുന്നുണ്ടായിരുന്നു. ആരും ശബ്ദമുയര്‍ത്തിയില്ല. കണ്‍ഫെസിങ് ചര്‍ച്ചുകാര്‍ ധരിച്ചത് കമ്മ്യൂണിസ്റ്റുകള്‍, മതത്തെ എതിര്‍ക്കുന്നവര്‍ എന്തിന് ആ സഹോദരരെ നമ്മള്‍ സംരക്ഷിക്കണം? പിന്നീട് അവര്‍ അസുഖം ബാധിച്ചവരെ ഉന്മൂലനം ചെയ്തു. മാറാ രോഗികള്‍ എന്നു പറയപ്പെടുന്നവര്‍ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റുകള്‍, ജൂതന്മാര്‍, പത്രപ്രവര്‍ത്തകര്‍, പുരോഹിതന്മാര്‍. ഞാന്‍ ക്രിസ്ത്യാനിയെന്ന് അവകശപ്പെട്ട ഒരാളോട് സംസാരിച്ചു. അയാള്‍ പറഞ്ഞത് ചിലപ്പോള്‍ അത് ശരിയായിരിക്കും. മാറാരോഗം പിടിച്ചവര്‍ രാഷ്ട്രത്തിന് ബാധ്യതയാണ്. അവര്‍ അവര്‍ക്കുതന്നെയും മറ്റുള്ളവര്‍ക്കും ബാധ്യതയാണ്. അവരെ സമൂഹമധ്യത്തില്‍ നിന്ന് ഒഴിവാക്കുകയല്ലേ നല്ലത്? അപ്പോഴാണ് ഞങ്ങള്‍ കണ്‍ഫെസിങ് ചര്‍ച്ച് ഇക്കാര്യം ഗൗരവമായി പരിഗണിച്ചത്. പിന്നീട് ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ശബ്ദം പൊതു ഇടങ്ങളില്‍ നിശബ്ദമാക്കപ്പെടുന്നതുവരെ. പക്ഷേ, ഞങ്ങള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നില്ല എന്ന് പറയാതിരിക്കാന്‍ സാധിക്കുമോ? ജൂതന്മാരുടെ നേരെയുള്ള അതിക്രമം ഹോളണ്ട്, പോളണ്ട്, ചെക്കോസ്ലോവാക്യ, ഗ്രീസ് തുടങ്ങി കീഴടക്കിയ രാജ്യങ്ങളിലെ ജനങ്ങളോടുള്ള ക്രൂരത, എല്ലാം പത്രങ്ങളിലുണ്ടായിരുന്നു. കണ്‍ഫെസിങ് ചര്‍ച്ചിലെ ക്രിസ്ത്യാനികള്‍ക്ക് എന്റെ പിഴ, എന്റെ പിഴ എന്ന് പറയുവാനുള്ള എല്ലാ കാരണങ്ങളുമുണ്ടായിരുന്നു. ഇന്ന് നമുക്ക് അങ്ങനെ തുറന്നു പറഞ്ഞിരുന്നെങ്കില്‍ അത് നമ്മുടെ ജീവിതം ഇല്ലാതാക്കിയേനെ എന്ന ഒഴിവുകഴിവ് പറയാം.

നമ്മള്‍ നിശബ്ദത പാലിച്ചു. അതുകൊണ്ട് നമ്മുടെ അപരാധം തീരുമോ? ഞാന്‍ വീണ്ടും വീണ്ടും സ്വയം ചോദിക്കുന്നു. 1933ലോ 34ലോ, 14,000 പ്രൊട്ടസ്റ്റന്റ് പുരോഹിതരും ജര്‍മ്മനിയിലെ മുഴുവന്‍ പ്രൊട്ടസ്റ്റന്റ് സമൂഹവും മരണം വരെ സത്യത്തെ സംരക്ഷിക്കുവാന്‍ ഒരുങ്ങിയിരുന്നെങ്കില്‍? ഹെര്‍മന്‍ ഗോറിങ് ഒരു ലക്ഷം കമ്മ്യൂണിസ്റ്റുകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് മരിക്കാന്‍ അയയ്ക്കുമ്പോള്‍ നമ്മള്‍ സത്യത്തെ സംരക്ഷിച്ചുകൊണ്ട് സംസാരിച്ചിരുന്നുവെങ്കില്‍ മുപ്പതിനായിരമോ, നാല്പതിനായിരമോ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാം. പക്ഷെ, മുപ്പതോ നാല്പതോ ദശലക്ഷം ജനങ്ങളെ രക്ഷിക്കുവാന്‍ കഴിയുമായിരുന്നു; ഇന്ന് അതാണ് നമ്മെ മഥിക്കുന്നത്. നെയ്‌മോളര്‍ 1984 ല്‍ ഈ ലോകം വിട്ടുപോകുന്നതുവരെ ലോകം മുഴുവന്‍ നാസിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 1976ല്‍ ഒരു അഭിമുഖത്തില്‍ നെയ്‌മോളറുടെ കവിതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഞാന്‍ പറഞ്ഞതിന് മിനിട്ട്സോ കോപ്പിയോ ഇല്ല. ഞാന്‍ പറഞ്ഞത് വിവിധ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കാം. ഇപ്പോഴും നമ്മള്‍ അത് സംഭവിക്കാന്‍ ശാന്തമായി അനുവദിക്കുന്നു. കമ്മ്യൂണിസ്റ്റുകളുടെ നേരെയും ട്രേഡ് യൂണിയനുകളുടെ നേരെയും സോഷ്യല്‍ ഡമോക്രാറ്റുകളുടെ നേരെയും”. 1933ലെ ജർമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾക്കെതിരെ മൗനം പാലിച്ചുകൊണ്ട് പരോക്ഷമായി തീവ്രദേശീയതയെയും തീവ്രവലതുപക്ഷത്തെയും സഹായിച്ചു എന്ന കുറ്റബോധവുമായാണ് ആ പുരോഹിതൻ തന്റെ ജീവിതാന്ത്യം വരെ നാസിസത്തെ തള്ളിപ്പറഞ്ഞത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.