മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്കുന്ന അംഗീകാരപത്രമാണ് അക്രഡിറ്റേഷന്‍. ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും വിവിധ സംസ്ഥാനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പുമാണ് നിയതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്കാറുള്ളത്. നിശ്ചിത യോഗ്യതയും മാധ്യമപ്രവര്‍ത്തകരാകുന്നതിനുള്ള മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ അത് നല്കിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം അക്രഡിറ്റേഷന്‍ ലഭിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത് വലിയ കടമ്പയായി മാറുകയാണ്. കേന്ദ്ര സര്‍ക്കാരിനും അതിന്റെ വിവിധ ഏജന്‍സികള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഏത് മാധ്യമ പ്രവര്‍ത്തകനെയും വിലക്കാനും ഒഴിവാക്കുവാനും സാധിക്കുന്ന നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാപകമായ ദുരുപയോഗത്തിനും വ്യക്തിഹത്യയ്ക്കും പ്രതികാര നിര്‍വഹണത്തിനും പഴുതുകളുള്ളതാണ് പുതിയ നിര്‍ദേശങ്ങള്‍. രാജ്യത്തെ പുതിയ രാഷ്ട്രീയ — സാമൂഹ്യ കാലാവസ്ഥയില്‍ പ്രത്യേകിച്ചും. അതുകൊണ്ടാണ് വിവര — പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുഖംമൂടിയിട്ട മാധ്യമ വിലക്കാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നുമുള്ള ആക്ഷേപം ശക്തമാക്കിയിരിക്കുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കോടതിയലക്ഷ്യം, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തയാറാക്കല്‍, പ്രേരണാകുറ്റം എന്നിവ ആരോപിക്കപ്പെട്ടാല്‍ പോലും വിലക്കേര്‍പ്പെടുത്താവുന്ന നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. അതോടൊപ്പം പതിവായി ഉപയോഗിക്കപ്പെടുന്ന, രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത, പൊതുക്രമം, ധാർമ്മികത എന്നിവയ്ക്കെതിരായ പ്രവര്‍ത്തനവും വിലക്കിനുള്ള ഉപാധിയായി മാറ്റാവുന്നതാണ്. ഇവയൊന്നും പുതിയ കാര്യമല്ലെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്നു മാത്രമല്ല ഏതൊരാളില്‍ നിന്നും ഉണ്ടാകുവാന്‍ പാടില്ലാത്തതുമാണ്. കഴിഞ്ഞ ആഴ്ചയാണ് മലയാളം ദൃശ്യമാധ്യമമായ മീഡിയവണ്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. പത്തുവര്‍ഷ കാലാവധിയുണ്ടായിരുന്ന ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് സുരക്ഷാ കാരണം പറഞ്ഞ് പ്രക്ഷേപണാനുമതി നിഷേധിച്ചത്. ഈ ഒരുദാഹരണത്തില്‍ നിന്നുതന്നെ പുതുക്കിയ അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാകും.
പത്തുവര്‍ഷത്തിനിടെ പ്രത്യക്ഷമോ പരോക്ഷമോ ആയി സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്തതായി ആ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും ഏജന്‍സികളില്‍ നിന്നോ ആക്ഷേപമോ നടപടികളോ ഉണ്ടായിരുന്നില്ല. എന്നിട്ടും ലൈസന്‍സ് പുതുക്കുന്ന വേളയില്‍ അതേ കാരണം പറഞ്ഞ് പ്രക്ഷേപണം തടയുന്നത് മാധ്യമത്തിന്റെ നിലപാടുകളെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് ഉചിതമല്ലാത്ത വാര്‍ത്തകളും പരിപാടികളും നിലപാടുകളും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്കുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് മാധ്യമങ്ങളെ മാത്രമല്ല മാധ്യമപ്രവര്‍ത്തകരെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പെന്ന നിലയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം തന്നെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കണ്ടെത്തി തടയുന്നതിന് മന്ത്രാലയങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ ന്യൂസ് മീഡിയയിലും ഒടിടി പ്ലാറ്റ്ഫോമിലും പ്രചരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കുന്നതിനും വേണ്ടിയാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. വിവര സാങ്കേതിക നിയമത്തിലെ 69 എ വകുപ്പു പ്രകാരം ഇത്തരം മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കുന്നതിനും നിര്‍ദേശമുണ്ട്. നിലവിലുള്ള ഭരണ‑രാഷ്ട്രീയ സാഹചര്യത്തില്‍ പരിശോധിക്കുമ്പോള്‍ ഈ ഉപാധികളെല്ലാം ഏറ്റവും അപടകരമാണെന്ന് കാണാവുന്നതാണ്. സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരെല്ലാം ദേശദ്രോഹികളാക്കപ്പെടുന്ന സങ്കീര്‍ണമായ സാഹചര്യത്തിലാണ് നാമുള്ളത്. എഴുത്തുകാരും ബുദ്ധിജീവികളും സാമൂഹ്യ പ്രവര്‍ത്തകരുമായ എത്രയോ പേര്‍ പ്രസ്തുത കുറ്റാരോപണത്തിനിരയായി ജയിലുകളിലാണ്. അവരില്‍ കുറേയധികം മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അതാത് സര്‍ക്കാരുകളോ അന്വേഷണ ഏജന്‍സികളോ വിചാരിച്ചാല്‍ ആര്‍ക്കെതിരെയും കുറ്റം ചുമത്തുവാനും ജയിലില്‍ അടയ്ക്കാനും എളുപ്പത്തില്‍ സാധിക്കുന്ന സാഹചര്യമുള്ള ഒരു കാലാവസ്ഥ രാജ്യത്ത് ഇതിനകം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ദേശദ്രോഹം, പൊതു സുരക്ഷാ നിയമം, യുഎപിഎ എന്നിങ്ങനെയുള്ള കരിനിയമങ്ങള്‍ ശത്രുതാ മനോഭാവത്തോടെ ഉപയോഗിക്കപ്പെട്ടതിന്റെ എത്രയോ ഇരകള്‍ ജയിലുകളില്‍ കഴിയുന്നുമുണ്ട്. ഇത്രയും ഭീഷണമായൊരു സാഹചര്യം സംജാതമായ നമ്മുടെ രാജ്യത്ത് ഇനിമേല്‍ ഏത് മാധ്യമ പ്രവര്‍ത്തകനും എപ്പോഴും രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെടാമെന്നതാണ് പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ ഏറ്റവും വലിയ അപകട ഭീഷണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.