ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 56 പേര്‍ മരിച്ചു. 700 പേര്‍ക്ക് പരിക്കേറ്റു. സിയാന്‍ജൂര്‍ മേഖലയില്‍ ഉച്ചയ്ക്കുശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. സിയാന്‍ജൂര്‍ മേഖലയില്‍ നിന്ന് ഏറെ അകലെയുള്ള ജക്കാര്‍ത്ത വരെയും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി.
ഭൂചലനത്തെത്തുടര്‍ന്ന് ജാവയില്‍ മണ്ണിടിച്ചുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമ ജാവയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം രക്ഷ തേടി റോഡിലേക്ക് ഇറങ്ങി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഭൂചലനത്തിനിടെ വൈദ്യുതി ബന്ധം തകര്‍ന്നത് ആശുപത്രിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി.
ഭൂചലനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും നാശനഷ്ടങ്ങളുണ്ടായതും സിയാഞ്ചൂര്‍ മേഖലയിലാണ്. നഗരം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആശുപത്രി, സ്കൂള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നുവീണു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും ആളുകളെ മാറ്റിപ്പാര്‍പ്പിക്കലും തുടരുകയാണ്.
270 ദശലക്ഷത്തിലധികം വരുന്ന ഇന്തോനേഷ്യന്‍ ജനത തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനത്തിന്റെ ഭീതിയിലാണ് കഴിയുന്നത്. ഫെബ്രുവരിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പടിഞ്ഞാറന്‍ സുമാത്ര മേഖലയില്‍ 25 പേര്‍ മരിക്കുകയും 460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ജനുവരിയില്‍ സുലാവെസി മേഖലയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറ് പേര്‍ കൊല്ലപ്പെട്ടു. 6500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2004 ല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ മരിച്ചിരുന്നു. ഇതിലേറെയും ഇന്തോനേഷ്യക്കാരായിരുന്നു.
English Summary: Massive earthquake hits Indonesia: 56 dead, 700 injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.