രാജ്യത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വർധനവുണ്ടായതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആർബി) റിപ്പോർട്ട്. എസ്‌സി-എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ യഥാക്രമം 13.1, 14.3 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 8.7 ശതമാനവും സ്ത്രീകള്‍ക്കെതിരായവയില്‍ നാല് ശതമാനവുമാണ് വർധനവ്. മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളില്‍ 9.3 ശതമാനം ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ (11.1 ശതമാനം), അഴിമതി (10.5 ശതമാനം) എന്നിവയും കൂടിയതായി എന്‍സിആർബി വാർഷിക റിപ്പോർട്ടില്‍ പറയുന്നു, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭ്യമാകേണ്ട റിപ്പോർട്ട് ഇത്തവണ അഞ്ച് മാസം വൈകിയാണ് പുറത്തുവിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എസ്‍സി വിഭാഗങ്ങള്‍ക്കെതിരായ 57,582 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021‑ലും കേസുകളുടെ എണ്ണം അരലക്ഷം കടന്നിരുന്നു. പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ 10,064 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 8,802 ആയിരുന്നു 2021 ല്‍ രേഖപ്പെടുത്തിയത്.
2022‑ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 4.45 ലക്ഷമാണ്. 2021‑ല്‍ 4.28 ലക്ഷമായിരുന്നു. ബന്ധുക്കളുടെ ക്രൂരതയുമായി ബന്ധപ്പെട്ട കേസുകള്‍ ഇതില്‍ 31.4 ശതമാനം വരും. തട്ടിക്കൊണ്ടുപോകല്‍ (19.2 ശതമാനം), സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകള്‍ (18.7), ബലാത്സംഗം (7.1) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
31,516 ബലാത്സംഗക്കേസുകളാണ് 2022‑ല്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രാജസ്ഥാനിലാണ് (5,399). ഉത്തർപ്രദേശ് (3,690), മധ്യപ്രദേശ് (3,029), മഹാരാഷ്ട്ര (2,904), ഹരിയാന (1,787), ഡല്‍ഹി (1,212) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കേസുകളുടെ എണ്ണം.
കുട്ടികള്‍ക്ക് നേരെയുള്ള 1.62 ലക്ഷം കേസുകളാണ് 2022ല്‍ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021ല്‍ ഇത് 1.49 ലക്ഷമായിരുന്നു. കേസുകളില്‍ 45.7 ശതമാനവും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടാണ്. 39.7 ശതമാനം കേസുകള്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമുള്ളതാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ല്‍ രാജ്യത്ത് പ്രതിദിനം 78 പേരോ മണിക്കൂറില്‍ മൂന്നിലേറെ പേരോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 28,522 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എൻസിആര്‍ബി) കണക്കുകള്‍ വ്യക്തമാക്കുന്നു. 9,962 കേസുകള്‍ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്നും 3,761 കേസുകള്‍ വ്യക്തിവൈരാഗ്യത്തെതുടര്‍ന്നും 1,884 കേസുകള്‍ മറ്റു നേട്ടങ്ങള്‍ക്കായും നടത്തിയവയാണെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു.
ഒരു ലക്ഷത്തില്‍ 2.1 എന്ന നിലയിലാണ് കൊലപാതകക്കേസുകളുടെ അനുപാതം. ഏറ്റവും കൂടുതല്‍ എഫ്ഐആറുകള്‍ ഫയല്‍ ചെയ്യപ്പെട്ടത് ഉത്തര്‍ പ്രദേശിലാണ്-3,491. ബിഹാറില്‍ 2,930ഉം മഹാരാഷ്ട്രയില്‍ 2,295ഉം മധ്യപ്രദേശില്‍ 1,978ഉം രാജ്സഥാനില്‍ 1,834ഉം എഫ്ഐആറുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കൊലപാതക കേസുകളില്‍ 43.92 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിലാണെന്നും എൻസിആര്‍ബി അറിയിക്കുന്നു.
English Summary:Massive increase in crimes against Scheduled Castes and Scheduled Tribes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.