2 May 2024, Thursday

നവാബ് മാലിക്കിന്റെ അറസ്റ്റില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
മുംബൈ
February 24, 2022 10:36 pm

മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ അറസ്റ്റില്‍ വന്‍ പ്രതിഷേധം. മഹാ വികാസ് അഘാഡി മുന്നണിയിലെ മന്ത്രിമാരും എംഎല്‍എമാരും മഹാരാഷ്ട്ര സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. അതേസമയം ശിവസേന നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തില്ല. ഇന്ന് മുതല്‍ മഹാ വികാസ് അഘാഡി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം മാര്‍ച്ചുകള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നാഗ്പൂരില്‍ എന്‍സിപിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സീതാബുല്‍ദി സ്ക്വയറില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ മോഡി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

നവാബ് മാലിക് രാജിവയ്ക്കേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഝാന്‍സി റാണി സ്ക്വയറില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബുധനാഴ്ചയാണ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ മാര്‍ച്ച് മൂന്ന് വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കിന്റെ സഹോദരന്‍ കപ്താന്‍ മാലിക്കിനും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിക്കേസില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് നവാബ് മാലിക് ആയിരുന്നു.

 

Eng­lish Sum­ma­ry: Mas­sive protest over Nawab Malik’s arrest

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.