23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഓഗസ്റ്റ് 22ന്, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

Janayugom Webdesk
കണ്ണൂര്‍
July 25, 2022 4:16 pm

മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 20നും വോട്ടെണ്ണൽ ഓഗസ്റ്റ് 22നും നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 26 ചൊവ്വാഴ്ച പുറപ്പെടുവിക്കും. അന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് രണ്ട് വരെ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ഓഗസ്റ്റ് മൂന്നിന് നടക്കും. പത്രിക ഓഗസ്റ്റ് അഞ്ച് വരെ പിൻവലിക്കാം. മട്ടന്നൂർ നഗരസഭാ പ്രദേശത്ത് ജൂലൈ 25 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്.
2020 ഡിസംബറിൽ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ, മട്ടന്നൂർ നഗരസഭ ഒഴികെ എല്ലായിടത്തും പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂർ നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോടതി കേസുണ്ടായിരുന്നതിനാൽ ആദ്യ തിരഞ്ഞെടുപ്പ് 1997ൽ പ്രത്യേകമായാണ് നടത്തിയത്. അതിന്റെ തുടർച്ചയായി, മട്ടന്നൂർ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ 10ന് മാത്രമാണ് അവസാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മട്ടന്നൂർ നഗരസഭയിൽ ആകെ 35 വാർഡുകളിലായി 38,812 വോട്ടർമാരുണ്ട്. നിലവിലെ വാർഡുകളുടെ അതിർത്തികളിൽ മാറ്റമില്ല. വോട്ടർമാരിൽ 18,200 പുരുഷൻമാരും 20610 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുമാണുള്ളത്. പ്രവാസി ഭാരതീയർക്കുള്ള പ്രത്യേക വോട്ടർപട്ടികയിൽ ആരും പേര് ചേർത്തിട്ടില്ല. നഗരസഭയിലെ 18 വാർഡുകൾ സ്ത്രീകൾക്കും ഒന്ന് പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. ഓരോ വാർഡിലും ഓരോ പോളിങ് ബൂത്ത് വീതം ഉണ്ടാവും. പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളാണ്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജില്ലാ കലക്ടറാണ്. ഒന്ന് മുതൽ 18 വരെ വാർഡുകളുടെ വരണാധികാരി കണ്ണൂർ ഡിഎഫ്ഒ പി കാർത്തികും ഉപവരണാധികാരി മുനിസിപ്പൽ എൻജിനീയറുമാണ്. 19 മുതൽ 35 വരെ വാർഡുകളുടെ വരണാധികാരി സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജി പ്രദീപും ഉപവരണാധികാരി മുനിസിപ്പൽ സൂപ്രണ്ടുമാണ്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ മുനിസിപ്പൽ സെക്രട്ടറി.
സ്ഥാനാർഥികളുടെ സെക്യൂരിറ്റി നിക്ഷേപം 2,000 രൂപയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 1,000 രൂപ മതിയാകും. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75,000 രൂപയാണ്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. കോവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. പൊതുനിരീക്ഷകയായി ഐഎഫ്എസ് ഉദ്യോഗസ്ഥ ആർ കീർത്തിയെ ചുമതലപ്പെടുത്തി. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ധനകാര്യ വകുപ്പിലെ അഡീഷനൽ സെക്രട്ടറിമാരായ സുരേഷ് കുമാർ എസ്, പിവി ജയൻ എന്നിവരെ ചുമതലപ്പെടുത്തി.
അനധികൃത പരസ്യ പ്രചാരണങ്ങൾ മോണിറ്റർ ചെയ്ത് ആവശ്യമായ നടപടികളെടുക്കാൻ തഹസിൽദാരുെട നേതൃത്വത്തിൽ ആൻറി ഡീഫേസ്‌മെൻറ് സ്‌ക്വാഡ് രൂപീകരിക്കും. ക്രമസമാധാന പാലനത്തിന് ആവശ്യമായ പോലീസ് വിന്യാസം ഉണ്ടാവും. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തും. പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. നഗരസഭയിൽ 11 പ്രശ്‌ന ബാധിത ബൂത്തുകൾ ഉള്ളതായി പോലീസ് അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാതികൾ പരിശോധിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിച്ചു. എഡിഎം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്. പുതിയ കൗൺസിലിന്റെ ചെയർപേഴ്‌സൻ, ഡെപ്യൂട്ടി ചെയർപേഴ്‌സൻ തിരഞ്ഞെടുപ്പ് തീയ്യതി കമ്മീഷൻ പിന്നീട് അറിയിക്കും. ആറ് സ്ഥിരം സമിതികളിലെ അംഗങ്ങളേയും ചെയർമാൻമാരേയും അതിന് ശേഷം തിരഞ്ഞെടുക്കും.
തിങ്കളാഴ്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ കലക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, വരണാധികാരികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചുചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി. 

സംവരണ വാർഡുകൾ

മട്ടന്നൂർ നഗരസഭാ പൊതുതെരഞ്ഞെടുപ്പിന് 35 വാർഡുകളിൽ 18 എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. സ്ത്രീ സംവരണ വാർഡുകൾ: 02 പൊറോറ, 04 കീച്ചേരി, 05 ആണിക്കരി, 08 മുണ്ടയോട്, 09 പെരുവയൽക്കരി, 12 കോളാരി, 14 അയ്യല്ലൂർ, 15 ഇടവേലിക്കൽ, 18 കരേറ്റ, 21 പെരിഞ്ചേരി, 22 ദേവർകാട്, 23 കാര, 25 ഇല്ലംഭാഗം, 26 മലക്കുതാഴെ, 27 എയർപോർട്ട്, 28 മട്ടന്നൂർ, 34 മേറ്റടി, 35 നാലാങ്കേരി.
പട്ടികജാതി സംവരണം: 30 പാലോട്ടുപള്ളി. ഈ വർഷം ചെയർപേഴ്‌സൻ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ഡെപ്യൂട്ടി ചെയർപേഴ്‌സൻ സ്ത്രീ സംവരണമാണ്.

Eng­lish Sum­ma­ry: Mat­tan­nur Munic­i­pal Elec­tion: Count­ing of votes on August 22, code of con­duct came into force

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.