25 December 2024, Wednesday
KSFE Galaxy Chits Banner 2

രാമായണമാസം മാതൃഭാഷാ മഹോത്സവമാ‌ക്കാം

ഭാഗം ഒന്ന്‌
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 1
July 17, 2023 4:20 am

‘ദൈവത്തിന്റെ നാടെന്ന ’ പേര് കേരളത്തിന് ഏതാനും ദശകങ്ങളായി പതിഞ്ഞു കിട്ടിയിട്ടുണ്ടല്ലോ. ഇതുപോലെ ഏതാനും വർഷങ്ങളായി കർക്കടകം എന്ന മലയാള മാസത്തിന് രാമായണ മാസം എന്നൊരു പേരും പതിഞ്ഞു കിട്ടിയിട്ടുണ്ട്. ഇതിൽ മതപരതയുടെ കൊടിയേറ്റം കാണുന്നവരുണ്ട്. ഈ കാഴ്ചയ്ക്ക് വസ്തുതാപരമായ തെളിവുണ്ടാക്കാനായി കർക്കടകത്തിലെ രാമായണ പാരായണം അമ്പലങ്ങളിൽ ഒരു മതാചാരം പോലെ ബോധപൂർവം നടത്തുന്ന സംഘശക്തികളും ഉണ്ട്. പക്ഷേ അത്രമേൽ അപകടകരമായ മതപരതയൊന്നും കർക്കടകത്തെ രാമായണ മാസം എന്നുവിളിച്ച് രാമായണ പാരായണം ചെയ്യുന്നതിൽ ഉണ്ടെന്നു തോന്നുന്നില്ല. തീർച്ചയായും എന്തിലും ഏതിലും മതം ചെലുത്തി, മനുഷ്യരിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി ആൾക്കൂട്ടത്തെ രാഷ്ട്രീയ മുതൽക്കൂട്ടാക്കുന്നവർ ലോകത്തെമ്പാടുമുണ്ട്, കേരളത്തിലുമുണ്ട്. ഇത്തരം വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങളെ നേരിടേണ്ടത് രാമായണ മാസാചരണം പോലുള്ളവയെ അപ്പാടെ അവഗണിച്ചുകൊണ്ടോ അതേപടി അനുകരിച്ചുകൊണ്ടോ ആവരുത്. മറിച്ച്, സർഗാത്മകമായും മതേതര ജനാധിപത്യ മാനവികതയ്ക്കു മുതൽക്കൂട്ടാകുന്ന വിധത്തില്‍ നവീകരിച്ചു കൊണ്ടുമായിരിക്കണം.


ഇതുകൂടി വായിക്കൂ; മൗനവും ചോദ്യവും


രാമായണം എന്നത്-അത് വാല്മീകി, എഴുത്തച്ഛന്‍, കമ്പര്‍, തുളസീദാസ് എന്നിവരില്‍ ആരുടേതായാലും അടിസ്ഥാനപരമായി ഒരു ഗ്രന്ഥമാണ്. അതിനാൽ രാമായണമാസാചരണത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്നത് അടിസ്ഥാനപരമായി ഗ്രന്ഥപാരായണമാണ്. ഗ്രന്ഥപാരായണം എന്നത് ജാതി-മത ഭേദമന്യേ സഹൃദയർക്കെല്ലാം സമാദരണീയമായ ഒരു സാംസ്കാരിക കർമ്മമാണല്ലോ. രാമായണമാസാചരണത്തെ മേല്പറഞ്ഞ സഹൃദയ ദൃഷ്ടിയിലൂടേയും കാണാം. മാത്രമല്ല, രാമായണ മാസത്തിൽ കേരളീയർ വായിക്കുന്നത് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ്. എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവാണ്. ഗാന്ധിജി രാഷ്ട്രപിതാവാണെന്നു പറയുന്ന യുക്തിതലമാണ് എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവാണെന്നു പറയുന്നതിലുമുള്ളത്. അതിനാൽ രാമായണമാസാചരണത്തെ ഭാഷാപിതാവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്ന മാസം എന്ന നിലയിൽ മുഴുവൻ ഭാഷാസ്നേഹികൾക്കും ഏറ്റെടുക്കാൻ കഴിയണം. അങ്ങനെ ഏറ്റെടുക്കാനായാൽ മതപരതയുടെ സങ്കോചത്തിൽ നിന്നു സഹൃദയത്വത്തിന്റെ വിശാലതയിലേക്ക് രാമായണമാസാചരണത്തെ വിമോചിപ്പിക്കാനാകും.

 


ഇതുകൂടി വായിക്കൂ; കേന്ദ്ര സര്‍ക്കാരിനേറ്റ അടി


 

ഭാഷ എന്നതുപോലെ ഭാഷാപിതാവും അദ്ദേഹത്തിന്റെ സാഹിത്യവും ജാതി-മത, വിശ്വാസി-അവിശ്വാസി ഭേദമന്യേ മുഴുവൻ മലയാളികളുടേയും സാംസ്കാരിക മൂലധനമാണ്. അതിന്റെ അവകാശികൾ അമ്പലവാസി ജനങ്ങൾ മാത്രം ആയിക്കൂടാ. രാമായണം മോക്ഷത്തിനായി വായിക്കുന്ന ഭക്തജനങ്ങൾ അമ്പലത്തിലിരുന്നോ വീടിന്റെ പൂമുഖത്തിരുന്നോ അതു പാരായണം ചെയ്യട്ടെ. പക്ഷേ അധ്യാത്മ രാമായണമെന്ന കിളിപ്പാട്ടു രാമായണത്തെ മലയാളം മാതൃഭാഷയായ ഏതൊരാൾക്കും എവിടേയും പാരായണം ചെയ്യാനും പരിചിന്തനം ചെയ്യാനും സാധിക്കുന്ന സാഹചര്യം നമ്മുടെ നാട്ടിൽ സംജാതമാകേണ്ടതുണ്ട്. അതിന്റെ ഭാഗമായി മുഴുവൻ മലയാളികൾക്കും മതാശങ്കയില്ലാതെ സംബന്ധിക്കാവുന്ന മലയാള ഭാഷാമഹോത്സവമായി രാമായണമാസാചരണത്തെ ആഘോഷിക്കാനുളള നടപടികൾ ഉണ്ടാവണം. അത്തരം നടപടികൾ മലയാള സർവകലാശാലയുടെയോ കേരള സാഹിത്യ അക്കാദമിയുടെയോ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ നടത്താവുന്നതാണ്. അതിലേക്ക് ഭാഷാ സ്നേഹികളായ മുഴുവൻ സഹൃദയരുടേയും ശ്രദ്ധ തിരിയുന്നത് എഴുത്തച്ഛന്റെ കൃതിയെ അമ്പലങ്ങളിൽ മാത്രം പാരായണം ചെയ്ത്, മതവൽക്കരിച്ച് വർഗീയ രാഷ്ട്രീയത്തിനു മുതൽക്കൂട്ടാനുള്ള സംഘടിത ശ്രമങ്ങളെ ചെറുക്കാൻ നല്ല നിലയിൽ സഹായിക്കും. രാമനാമം ജപിച്ചു ജീവിച്ച മഹാത്മാഗാന്ധിയെ ‘ജയ് ശ്രീറാം’ മുഴക്കുന്ന ആക്രോശിത ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാനുളള സാംസ്കാരിക ശക്തിയായി ഉപയോഗിക്കുന്നതുപോലെ ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണിന്റെ പാട്ടായ എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെയും മുഴുവൻ മലയാളികൾക്കും ഉപയോഗിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.