23 December 2024, Monday
KSFE Galaxy Chits Banner 2

ഒലക്കബീണ് ചത്ത കോയീന്റെ ചാറ്…

ദേവിക
വാതില്‍പ്പഴുതിലൂടെ
February 27, 2023 4:25 am

പണ്ടത്തെ ഒരു പരിഹാസപ്പാട്ടുണ്ട്. ‘ഒലക്കബീണ് ചത്ത കോയീന്റെ ചാറു കൂട്ടാലോ, പിന്നെ കസണം കൂട്ടാലോ…’ മന്ത്രം ഓതാതെ കൊല്ലുന്ന കോഴിയുടെ മാംസം ഹറാമാണ്. അഥവാ നിഷിദ്ധം. മന്ത്രം ഓതി കൊന്നാല്‍ ഇറച്ചി ഹലാല്‍. ഒരു മുസ്ലിം സഹോദരന്‍ വളര്‍ത്തിയ കോഴി ഒലക്ക വീണ് മയ്യത്തായി. അതിന്റെ മാംസം ഹറാമാണ്. എങ്കിലും എങ്ങനെ കോഴിയെ കുഴിച്ചിടും. ഇതേക്കുറിച്ച് കുടുംബത്തില്‍ തര്‍ക്കമായി. ‘ഒറ്റക്കണ്ണന്‍ പോക്കറു കാക്ക ചിട്ടിക്കാരി പാത്തുമ്മയെ തോണ്ടിയെന്നും തോണ്ടീല്ലാന്നും ബയിയില്‍ വച്ചൊരു വിസ്താരം’ എന്നപോലുള്ള ഒരു വാദപ്രതിവാദം. ഒടുവില്‍ ഗൃഹനാഥന്‍ മെെതീനിക്ക ഒരു സമവായ ഫോര്‍മുല മുന്നോട്ടുവച്ചു. ‘ഒലക്കബീണ് ചത്ത കോയീന്റെ ചാറു കൂട്ടാലോ, പിന്നെ കസണം കൂട്ടാലോ.’ അങ്ങനെ അവസാനം ചത്ത കോഴി മെെതീനിക്കയുടെയും കുടുംബത്തിന്റെയും വയറ്റില്‍ കിടന്ന് ഒരു തീരുമാനമായതില്‍ കൂകിവിളിച്ചുവെന്നാണ് കഥ. ഈ കഥയ്ക്ക് അങ്ങ് ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‍പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനത്തില്‍ ഒരു പുനരാവിഷ്കാരം. കോണ്‍ഗ്രസുകാരുടെ മുഖ്യമുദ്രാവാക്യമാണ് മദ്യവര്‍ജനം. എന്നുവച്ച് കോണ്‍ഗ്രസുകാരൊന്നും മദ്യം തൊടാതെയിരുന്നാല്‍ നാട്ടിലെ മദ്യഷാപ്പുകളെല്ലാം പൂട്ടിപ്പോകുകയല്ലേ ഗതിയുള്ളു.

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തൂത്തുവാരി പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെ പ്രമുഖ പത്രാധിപന്മാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. സോണിയാമെെനോ എന്ന ഇറ്റാലിയന്‍ സുന്ദരിയുമായുള്ള പ്രണയവും വിവാഹവും മുതല്‍ ഇന്ത്യയുടെ ചേരിചേരാനയവും സാമ്പത്തിക രംഗവുമടക്കമുള്ള സര്‍വതല സ്പര്‍ശിയായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ അന്നത്തെ ‘മനോരമ’ പത്രാധിപരായിരുന്ന കെ എം മാത്യു ചോദിച്ചു, മദ്യപിക്കാറുണ്ടോ? ആര്‍ജവത്തോടെ രാജീവ് മറുപടി പറഞ്ഞു; ‘ഉവ്വ്, ഒരു പെഗ്, ഏറിയാല്‍ ഒരൊന്നര’. കോണ്‍ഗ്രസിന്റെ ബൂത്ത് സെക്രട്ടറി മുതല്‍ പ്രധാനമന്ത്രി വരെ അക്കാലത്ത് രഹസ്യമായി മദ്യപിക്കാറുണ്ടായിരുന്നു. ഇക്കാലത്ത് കോണ്‍ഗ്രസുകാര്‍ മാസ്ക് വയ്ക്കാതെ തന്നെ തലയില്‍ ഒരു ചുട്ടിത്തോര്‍ത്തും കെട്ടി മദ്യഷാപ്പുകളില്‍ ഇരച്ചുകയറ്റമാണ്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യൂവില്‍ കോണ്‍ഗ്രസുകാരുടെ തള്ളിക്കയറ്റം.

 


ഇതുകൂടി വായിക്കു; ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോൾ


 

ഇതിനൊക്കെ ഒരു അറുതിവേണ്ടേ എന്നാണ് കോണ്‍ഗ്രസിന്റെ റായ്‌പൂര്‍ പ്ലീനം ചര്‍ച്ച ചെയ്തത്. വിശദമായ ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനവുമായി. കോണ്‍ഗ്രസുകാര്‍ക്കെല്ലാം ഇനി ലഹരി കുറഞ്ഞ മദ്യം ആവോളം കഴിക്കാം. ഒലക്കവീണ് ചത്ത കോയീന്റെ ചാറ് കൂട്ടാമെന്ന മട്ടിലുള്ള ലഹരി കുറഞ്ഞ മദ്യം. ‘കോയിക്കോട്ടങ്ങാടിയിലെ കോയാക്കാന്റെ കടയിലെ കോയീന്റെ കറിയുടെ ചാറു‘പോലെ. ഇത് കോണ്‍ഗ്രസിന്റെ അവകാശമാണ്. കാലോചിതമായ മാറ്റം. പക്ഷെ ഈ തീരുമാനത്തിന്റെ പേരില്‍ കേരളത്തിലെ ജനം അനുഭവിക്കാനിരിക്കുന്ന തൊന്തരവുകളോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. പൊന്നേ ആലോചിക്കാന്‍ പോലും വയ്യേ! മറ്റ് ചില തീരുമാനങ്ങള്‍ കൂടി കോണ്‍ഗ്രസ് പ്ലീനം കെെക്കൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് അംഗത്വത്തിനുള്ള അപേക്ഷയില്‍, അപേക്ഷകന്റെ അമ്മയുടെയും അച്ഛന്റെയും ഭാര്യയുടെയും പേരുകൂടി വയ്ക്കണമെന്ന്. അച്ഛന്‍ മരിച്ചു. പെണ്ണും പിടക്കോഴിയുമില്ലാതെ വാണരുളുന്ന രാഹുല്‍ഗാന്ധിക്ക് അംഗത്വം നിഷേധിക്കാനുള്ള ഖാര്‍ഗെയുടെ നെെസായ ഒരടവല്ലേ ഇത്.

അകാലത്തില്‍ പൊലിഞ്ഞ ചലച്ചിത്ര പ്രതിഭയായ ജോണ്‍ എബ്രഹാം പണ്ട് കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ശീര്‍ഷകത്തില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഇതിനെ അനുകരിച്ച് ഇനി ചോദിക്കേണ്ടിവരും. പാകിസ്ഥാനില്‍ എത്ര പൊട്ടന്മാരും പൊട്ടികളുമുണ്ടെന്ന്. ഇതിലൊരു മണ്ടിപ്പെണ്ണായ മുന്‍ മാധ്യമപ്രവര്‍ത്തക സനാ അംജദിന്റെ പ്രാര്‍ത്ഥനയാണ് ലോകമെങ്ങും വെെറലാകുന്നത്. പരമ കാരുണികനായ നാഥാ. അങ്ങ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇവിടെ കൊണ്ടുവന്ന് ഭരണം ഏല്പിക്കണേ എന്ന പ്രാര്‍ത്ഥന. പട്ടിണിയാണെങ്കിലും കാടിയായാലും മൂടിക്കുടിക്കുന്ന പാകിസ്ഥാനികള്‍ക്ക് മോഡിയെന്ന ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല. ഇന്ത്യന്‍ സമ്പത്താകെ വിറ്റ് തുലച്ചു. പട്ടിണിയും ദാരിദ്ര്യവും റെക്കോഡ് ഉയരത്തില്‍. ആത്മഹത്യയില്‍ ലോകത്തെ 30 ശതമാനവും ഇവിടെ. ഇന്ത്യന്‍ പൗരത്വമേ വേണ്ട എന്നുപറഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളില്‍ 16 ലക്ഷം ഭാരതീയരാണ് വിദേശത്തേക്ക് കുടിയേറിയത്. മോഡി പാകിസ്ഥാന്‍ ഭരണത്തിന്റെ കിരീടവും ചെങ്കോലുമേന്തിയാല്‍ ആദ്യം ചെയ്യുന്നത് അഞ്ച് ശതമാനം വരുന്ന ഹിന്ദുക്കളെ ഭൂരിപക്ഷമാക്കുന്ന മുസ്ലിം വംശഹത്യ നടപ്പാക്കും. മുസ്ലിങ്ങളിലെ ദളിത് വിഭാഗത്തെ ആദ്യമായി കൊന്നൊടുക്കും. ഇസ്ലാമാബാദ്, കറാച്ചി പട്ടണങ്ങള്‍ അഡാനിക്കോ, അംബാനിക്കോ വില്ക്കും, സെെന്ധവനാഗരികതയുടെ കേന്ദ്രങ്ങള്‍ മോടിപിടിപ്പിച്ച് അമേരിക്കയ്ക്ക് വിറ്റ് കാശാക്കും. എന്തെല്ലാം ഭരണപരിഷ്കാരങ്ങള്‍. പാകിസ്ഥാനി പെണ്ണിനോട് ഇന്ത്യന്‍ ജനത കേണപേക്ഷിക്കുന്നു. മോഡിയെ നിങ്ങള്‍ കൊണ്ടുപോകുക, ഇന്ത്യയെ രക്ഷിക്കുക. പക്ഷെ പിന്നീടൊരിക്കലും ഈ ഒഴിയാബാധയെ തിരിച്ചേല്പിക്കരുത്.

 


ഇതുകൂടി വായിക്കു;  ഞാൻ ബീഫ് കഴിക്കാറുണ്ട്, അതിൽ യാതൊരു കുഴപ്പവുമില്ല: ബിജെപി മേഘാലയ അധ്യക്ഷന്‍


 

മാര്‍ക്സ് പറഞ്ഞിട്ടുണ്ട്, എല്ലാം മാറ്റത്തിനു വിധേയം. മാറ്റമില്ലാത്തത് മാറ്റം മാത്രം. ബിജെപിയും മാറ്റത്തിന് വിധേയമായേ പറ്റൂ. ഗോമാതാവിനെ കാമുകിയാക്കി കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. ഒടുവിലിതാ മൂക്കുമുട്ടെ മൂരിയിറച്ചിയും മട്ടന്‍ ചാപ്സും കഴിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി കര്‍ണാടകയിലെ കാര്‍വാര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നു, എന്നും പശുമാംസം ഭക്ഷിക്കാനുള്ള ഐശ്വര്യമുണ്ടാക്കിത്തരണേ. ഇന്ദ്രന്റെ ഇഷ്ടഭോജ്യം ഗോമാംസമായതിനാല്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ നിന്നും ഗോവധ നിരോധനം എടുത്തുകളയണേ. രവിയില്‍ അവസാനിക്കുന്നില്ല ബിജെപിയിലെ മാറ്റത്തിന്റെ കാറ്റ്. മേഘാലയയില്‍ തെരഞ്ഞെടുപ്പ് അടുത്ത ദിവസമാണ്. അവിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഏണസ്റ്റ് മൗരി പറയുന്നു ആരെതിര്‍ത്താലും ഞങ്ങള്‍ മേഘാലയക്കാര്‍ ഗോമാംസം ഭക്ഷിക്കുമെന്ന്. ഞങ്ങള്‍ക്ക് കോടതിയും പൊലീസും സ്വന്തമായുണ്ടെന്ന്. പണ്ടാരോ പറഞ്ഞപോലെ മൗരി പറയുന്നു ഓരോ മേഘാലയ കുടുംബത്തിനും സ്വന്തമായി കശാപ്പുശാലയുമുണ്ടെന്ന്. 90 ശതമാനം ക്രെെസ്തവ ജനസംഖ്യയുള്ള മേഘാലയയില്‍ ഗോവധ നിരോധനവുമായി ചെന്നാല്‍ മേഘാലയക്കാര്‍ ബിജെപിയെ കശാപ്പ് ചെയ്യും. അതിനാല്‍ വോട്ട് തട്ടാന്‍ വേണ്ടിയും ഗോമാതാവിനെ കശാപ്പ് ചെയ്യുന്നു. മാറ്റമല്ലേ ഇതെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.