26 December 2024, Thursday
KSFE Galaxy Chits Banner 2

ഓർമ്മകളാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശക്തി

അജിത് കൊളാടി
വാക്ക്
September 24, 2022 5:15 am

ന്നത്തെ സമൂഹത്തിന് സാംസ്കാരിക, സാമൂഹിക നിലനില്പിനാവശ്യമായ ഓർമ്മകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അന്നന്നത്തെ നിലനില്പിനാവശ്യമായ കാര്യങ്ങൾ മാത്രം ഓർത്തു വച്ച്, ജീവിതത്തിന്റെ വഴികളെ ശബ്ദമുഖരിതമാക്കുന്ന ആൾക്കൂട്ടമായി നാം മാറി. ഓർമ്മകൾ ഉള്ളവർക്കേ ചരിത്രവും സംസ്കാരവും ഉണ്ടാവുകയുള്ളു. ഇന്നലെകളിലെ മനുഷ്യർ നടത്തിയ അസന്നിഗ്ധമായ പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും ആത്മബലികളുടെയും ഫലമാണ് ഇന്ന് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നറിയുന്ന ഒരു തലമുറയ്ക്കേ യഥാർത്ഥ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ കഴിയു. അവ ഓർക്കാൻ കഴിയാത്തവർ താല്ക്കാലിക ലാഭത്തിന്റെ പിറകെ ഓടുന്നവരും അധികാരസ്ഥാനങ്ങളെ മാത്രം ലക്ഷ്യംവയ്ക്കുന്നവരുമാകുമെന്ന് ഇന്നത്തെ ഇന്ത്യ കാണിച്ചു തരുന്നു.
പൂർവഗാമികളുടെ സമരങ്ങൾ നൂറ്റാണ്ടുകൾ ജീർണിച്ച അധികാര വ്യവസ്ഥയോടായിരുന്നു. താഴെ തട്ടിലുള്ള സമുദായങ്ങളെ പരിഷ്കരണത്തിന്റെയും നവോത്ഥാനത്തിന്റെയും വെളിച്ചത്തിലേക്ക് കണ്ണുതുറപ്പിക്കാൻ അവർക്കു കഴിഞ്ഞു. നമ്പൂതിരി സമുദായത്തിലെ യാഥാസ്ഥിതിക ചിന്തകൾക്കെതിരെ വിപ്ലവകാരികളായ വി ടിയും പ്രേംജിയും എംആർബിയും നേരിട്ട് ചരിത്രം സൃഷ്ടിച്ചു. വി ടിയുടെ നാടകം നൂറ്റാണ്ടുകൾ നീണ്ടു നിന്ന അധികാര വ്യവസ്ഥയ്ക്കെതിരെ ശക്തമായ ഒരായുധമായി മാറി. ഇതൊന്നും നമ്മൾ വിസ്മരിക്കരുത്.


ഇതുകൂടി വായിക്കൂ: വി ടി എന്ന തീപ്പന്തം


സ്മരണകൾ ചിലപ്പോൾ ആനന്ദം നൽകും, ആവേശമാകും. അത് ചരിത്രത്തെ ഓർക്കുന്നവരുടെ വ്യക്തിസത്തയെയും സ്വത്വബോധത്തെയും നിശ്ചയിക്കും. ചിലപ്പോൾ ഓർമ്മകൾ വ്യക്തിത്വത്തിന്റെ ആഖ്യാനം കൂടിയായി മാറുന്നു. ഒന്നും ഓർക്കാനില്ലാത്തവർക്ക് മുന്നും പിന്നും നോക്കാതെ നടക്കാം. മനുഷ്യകുലത്തിനെ നശിപ്പിക്കാം. ഏകാധിപതികൾ ആകാം. ചരിത്രമറിയാത്തവർക്ക് മനുഷ്യൻ എങ്ങനെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാട്ടം നടത്തി എന്നറിയില്ല. ലക്ഷ്യം അധികാരവും സമ്പത്തും ലാഭവും മാത്രം. അതു നേടാൻ ചരിത്രത്തെയും മതദർശനങ്ങളെയും അവർ ദുർവ്യാഖ്യാനിക്കും.
പുറംതള്ളാനല്ലാതെ ഒന്നിനെയും ഉൾക്കൊള്ളാനാവാത്ത, സംവാദങ്ങൾക്കു പകരം സംഘർഷം മാത്രം സ്വപ്നം കാണുന്ന സമൂഹത്തെ സൃഷ്ടിക്കാനാണ് രാജ്യത്തിന്റെ ചരിത്രസ്മരണകൾ അറിയാത്തവർ ശ്രമിച്ചുകൊണ്ടേയിരിക്കുക. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാനവ വിമോചനത്തിന്റെ പോരാട്ടത്തിനുവേണ്ടി നടത്തിയ ചരിത്രത്തിന്റെ ഓർമ്മകൾ ഇല്ലാത്തവരാണ് പ്രസ്ഥാനങ്ങളെ വികൃതമാക്കുന്നത്. ആപത്തിന്റെ കാലത്ത് മനസിലൂടെ മിന്നിമറയുന്ന ഓർമ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനമെന്ന പണ്ഡിതമതം എന്നവര്‍ മറക്കുന്നു. ഈ കാലത്ത് രാഷ്ട്രീയ, സാമൂഹ്യ, മത രംഗങ്ങളിൽ എല്ലാം പണ്ഡിതരുടെ എണ്ണവും കുറയുകയാണല്ലൊ.
മറവികൾ അധികരിക്കുമ്പോൾ, വിവേകത്തിന്റെ വെളിച്ചം ഉണ്ടാകില്ല. വികാരത്തിന്റെ വെള്ളപ്പൊക്കമുണ്ടാക്കുന്നതിൽ അത്തരക്കാർ അതീവ താല്പര്യം പ്രകടിപ്പിക്കും. അവർ അതിന് നുണകളുടെ പ്രവാഹം സൃഷ്ടിക്കും. സ്തുതിപാഠകരെ വളർത്തും. അവർ രാജാവിനെക്കാൾ വലിയ രാജഭക്തി പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും. നിലപാടുകൾ ഉള്ളവർ തീരെ കുറയും, ഫാസിസ്റ്റ് കാലത്ത് തീർച്ചയായും. മറവികൾക്കെതിരെ ഓർമ്മകൾ ശക്തിപ്രാപിക്കണം. ജനങ്ങൾക്കിടയിൽ ചരിത്ര സ്മൃതികൾ ഉണർത്തിയേ മതിയാകൂ. ജനങ്ങൾക്കിടയിൽ ജനാധിപത്യത്തിന്റെ ശബ്ദംകേൾപ്പിക്കണം. അത് രാഷ്ട്രത്തിലായാലും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിലായാലും. അപ്പോൾ ജനാധിപത്യത്തിന് അനുകൂലമായി എത്ര ദുർബലമാണെങ്കിലും ഒരു ശബ്ദം ഉണ്ടായിത്തീരുക, അത് കേൾപ്പിക്കുക എന്നത് അതിപ്രധാനമാണ്.


ഇതുകൂടി വായിക്കൂ: നാണംകെട്ട മേനി നടിക്കൽ


അധികാരികളോടുള്ള മാനസിക അടിമത്തം ഉപേക്ഷിച്ചവർ ആണ് സമൂഹത്തിനെ മുന്നോട്ട് നയിച്ചത്. നിരന്തരമായ ചോദ്യങ്ങൾ ഉന്നയിച്ചും തളരാത്ത പോരാട്ടവീര്യംകൊണ്ടുമാണത്. പ്രാകൃത ചിന്തകളോടെ ജീവിക്കുന്ന ഒരാളാണെങ്കിൽ പോലും ജനാധിപത്യത്തെ കുറിച്ച് ബലഹീനമായ ഒരു വാക്കു പറഞ്ഞാൽ പോലും അത് പ്രധാനമാണ്. ഇന്ന് ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന ഒരു പ്രധാന പ്രശ്നം, അനിവാര്യമായും നടത്തേണ്ട ആശയസമരങ്ങൾക്ക് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളടക്കം അവധി കൊടുക്കുന്നു എന്നതാണ്. ഫാസിസം വ്യാപരിച്ച് ചിന്താമണ്ഡലത്തെ ജീർണിപ്പിക്കുന്ന കാലത്ത്, ആശയ സമരങ്ങൾ സർവ മേഖലയിലും നടക്കണം. നടന്നേ മതിയാകൂ. എല്ലാ ഭാഗത്തു നിന്നും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരെ ശക്തമായ നീക്കം വരുന്നു. ഏകാധിപത്യത്തിന്റെ അലർച്ചകൾക്കെതിരെ അനുകൂലമായ ഒരു വാക്ക് ഉച്ചരിക്കപ്പെടുന്നുവെങ്കിൽ അത് ആഘോഷിക്കപ്പെടണം.
നമ്മൾ ഒരു കാര്യം ഓർക്കണം, ഫാസിസത്തിന്റെ വ്യാപനം എന്നു പറയുന്നത് ഫാസിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ നിന്നും പ്രക്ഷോഭത്തിൽ നിന്നും അനുദിനം പിറകോട്ട് പോവുന്ന മനുഷ്യരുടെ ചെലവിൽ അതിന് നേടാൻ കഴിയുന്ന വലിയൊരു മേൽക്കോയ്മയാണ്. ജനങ്ങളുടെ മൗനത്തിന്റെ നിശബ്ദതയുടെ ചെലവിൽ തന്നെയാണ് ഫാസിസം തടിച്ചുകൊഴുത്ത് വളർന്നുകൊണ്ടിരിക്കുന്നത്. അഭിപ്രായം പറയാൻ ഭയമുള്ളവരുടെ എണ്ണംകൂടുമ്പോൾ ആണ് മത, സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഏകാധിപത്യം വളരുന്നത്. അതിനാൽ ഒരോ ചെറിയ സംഭവങ്ങളിലേക്കും കണ്ണ് തുറന്നുവച്ച് പ്രതികരിക്കുന്ന ഒരു ജനത രൂപപ്പെട്ടുവരിക എന്നതാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള ഏറ്റവും വലിയ മാർഗം.
മനുഷ്യസ്വഭാവമായി മാറിയിരിക്കുന്നു, കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പൂർവസൂരികളെയും ചരിത്രം കുറിച്ചവരെയും അവരുടെ മഹത്തായ പ്രവർത്തനങ്ങളെയും വിസ്മരിക്കുക എന്നത്. അവർ ജീവിതത്തിലുടനീളം പ്രകടിപ്പിച്ച ത്യാഗങ്ങൾ വിസ്മരിക്കരുത്. അവരുടെ കാലഘട്ടത്തിലും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും ഏകാധിപത്യത്തിനും വർഗീയതയ്ക്കുമെതിരെ ജീവൻ ബലികഴിച്ച് പോരാടി. അവർ നമുക്ക് ആവേശമാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യ ജീവിതം ഒരു രാഷ്ട്രത്തിൽ നിലനിൽക്കണൊ വേണ്ടയൊ എന്ന ഒരു നിർണായക ചോദ്യത്തിന്റെ മുന്നിലാണ് നാം വന്നുനിൽക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഭിന്നാഭിപ്രായങ്ങൾ പുലർത്തുന്ന മുഴുവൻ പേര്‍ക്കും മനുഷ്യരെപോലെ ജീവിക്കാൻ കഴിയണമെങ്കിൽ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം ഫാസിസത്തിനെതിരെ ഒന്നിച്ചു നിൽക്കാനാവണം. മനുഷ്യരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കലാണ് ഇടതുപക്ഷ കടമ.


ഇതുകൂടി വായിക്കൂ: പേര് മനോഹരം ലക്ഷ്യം ഫാസിസം


സ്മരണ സമസ്തമാണ്. ജീവിതത്തിന്റെ അന്തരാർത്ഥം അസാധ്യമാക്കും സ്മൃതിനാശം. വിശ്വ പ്രശസ്തനായ മാർകേസ് പറയുന്നുണ്ട്, ഓർമ്മിക്കുന്നതും ഓർത്തെടുത്ത് പറയാനാവുന്നതും മാത്രമാണ് യഥാർത്ഥ ജീവിതമെന്നും അല്ലാത്തത് ജീവിതമല്ലെന്നും. സ്മരണകളില്ലെങ്കിൽ പിന്നെ എന്തു മനുഷ്യൻ. ഫാസിസം ആഗ്രഹിക്കുന്നത് ഒന്നും ഓർക്കാത്ത മനുഷ്യൻ മാത്രം മതി എന്നതാണ്. അങ്ങനെയുണ്ടായാൽ സർവവും അജ്ഞാതങ്ങളിലേക്ക് പിൻവാങ്ങും. ഏതു മേഖലകളിലും ഉള്ള ഏകാധിപതികളും അതാണ് ആഗ്രഹിക്കുന്നത്. സ്വജനപക്ഷപാതികളെ, സ്തുതിപാഠകരെ അവർ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. അത്തരക്കാർക്ക് വർത്തമാനകാല യാഥാർത്ഥ്യവുമായി ഒരു തരത്തിലും ബന്ധമുണ്ടാകില്ല.
ഓർക്കുക, സ്മരണകൾ നമുക്ക് ഊർജം തരുന്നു. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രം നഷ്ടപ്പെടാൻ നാം അനുവദിക്കരുത്. സ്വാതന്ത്ര്യം നിലനിർത്തണമെങ്കിൽ ചരിത്രം നശിക്കാതെ സംരക്ഷിക്കണം. എപ്പോഴും ഒരു ജനതയുടെ സ്വാതന്ത്ര്യം എന്നത് ആ ജനതയുടെ സ്മരണകളും സ്വപ്നങ്ങളും സംഗമിക്കുന്ന സന്ദർഭങ്ങളാണ്. ഒരു സമൂഹത്തിന്റെ സ്മരണ എപ്പോഴും സജീവമായി നിലനിന്നാൽ ഫാസിസത്തിനെതിരെ, ഏത് രംഗത്തുമുള്ള സ്വേച്ഛാധിപതികൾക്കെതിരെ പ്രതിരോധം വികസിപ്പിക്കാൻ സാധിക്കും. സംവാദവും സംഭാഷണവും ആശയവിനിമയവും ഉണ്ടാകാൻ സ്മരണകൾ വേണം. ഓർമ്മകളുണ്ടായിരിക്കണം എന്നു പറയുന്നത് ഒരലങ്കാരമല്ല. സ്മരണകൾ മനുഷ്യനെ ബന്ധിപ്പിക്കും. ഇല്ലെങ്കിൽ പരസ്പര ബന്ധത്തിന്റെ കണ്ണികൾ മുറിഞ്ഞു പോകും. ജനാധിപത്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, മനുഷ്യ മോചനത്തിനുള്ള പോരാട്ടങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മാനവികത എന്നതൊന്നും വെറും വാക്കുകളല്ല.
ഇവിടെ വേണ്ടത് മാനവരാശിയെ മുന്നോട്ടുനയിച്ച സ്മരണകളാണ്. അല്ലാതെ മനുഷ്യകുലത്തെ നശിപ്പിച്ച സ്മരണകളല്ല. മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിച്ച് പുതിയ മനുഷ്യനെ സൃഷ്ടിച്ച ഒരുണർവിന്റെ കാലഘട്ടത്തെ സൃഷ്ടിച്ച പൂർവസൂരികളെ വിസ്മരിക്കണ്ട. മാനവികതാ സങ്കല്പം കാണിച്ചു തന്ന ചരിത്രത്തെ സ്മരിക്കുകയും അതിനെ എന്നും ചേർത്തുപിടിക്കലും ആണ് ഫാസിസത്തിനെതിരെ പ്രതിരോധിക്കാനുള്ള മാർഗം. അത്തരം സ്മരണകളാണ്, അപ്രമാദിത്വത്തിനെതിരെ, സങ്കുചിതത്വത്തിനെതിരെ, സമത്വത്തിൽ അധിഷ്ഠിതമായ മനുഷ്യ സമൂഹസൃഷ്ടിക്കുവേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.