24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 20, 2025
April 16, 2025
April 14, 2025

വിടവാങ്ങിയത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യം..

Janayugom Webdesk
മൂവാറ്റുപുഴ
December 23, 2021 10:58 am

മുതിര്‍ന്ന സി പി ഐ നേതാവും മുന്‍എറണാകുളം ജില്ലാ സെക്രട്ടറിയുമായ ഇ.എ.കുമാരന് വിട. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന ഇ.എ.കുമാരന്‍ കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തൊഴിലാളി വര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇ.എ.കുമാരന്‍ മൂവാറ്റുപുഴയിലെ ശാന്തിനികേതന്‍ ആശുപത്രി ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എട്ട് ദിവസം നിരാഹാര സമരം കിടന്നു. തൊഴില്‍ അല്ലങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് നടത്തിയ സമരത്തില്‍ നേതൃത്വനിരയില്‍ ഇ.എ.കുമാരനുമുണ്ടായിരുന്നു. ആയവന പഞ്ചായത്തിലെ ഏനാനല്ലൂരില്‍ ഇടക്കുടിയില്‍ പരേതരായ അച്ചുതന്റെയും കാളിയുടെയും മകനായി ജനിച്ച ഇ.എ.കുമാരന്‍ ആയവന സ്‌കൂളില്‍ പത്താം ക്ലാസ് പാസായി. തുടര്‍പഠനത്തിനായി പറവൂര്‍ മാല്യംകര എസ്.എന്‍.ടീച്ചേഴ്‌സ് ട്രൈനിംഗ് കോളേജില്‍ ടി.ടി.സിയ്ക്ക് മാല്യകരയില്‍ കമ്മ്യൂണിസ്റ്റായ എം.സി പ്രഭാകരന്റെ വസതിയില്‍ താമസിച്ച് പഠിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആക്രഷ്ഠനായി വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

E.A.kumaran

 

ടി.ടി.സി.പഠനത്തിന് ശേഷം തിരികെയെത്തിയ കുമാരന്‍ ഏനാനല്ലൂരില്‍ നടന്ന ടാപ്പിംഗ് തൊഴിലാളി സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് മൂവാറ്റുപുഴയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 1969ല്‍ മൂവാറ്റുപുഴയില്‍ ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് സെക്രട്ടറിയായ കുമാരന്‍ പിന്നീട് എഐവൈഎഫിന്റെ പ്രവര്‍ത്തകനായി മാറി. എഐവൈഎഫ് മൂവാറ്റുപുഴ ഡിവിഷന്‍ അംഗമായി തുടര്‍ന്ന് എഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റായി. എഐവൈഎഫ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടി വിദ്യാഭ്യാസത്തിനായി മോസ്‌കോയിലേയ്ക്ക് പോയി. അവിടെ നിന്നും മടങ്ങിയെത്തിയ കുമാരനെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

 

 

മൂവാറ്റുപുഴ താലൂക്കിലെ ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറിപ്രസിഡന്റായും പ്രവര്‍ത്തിച്ചു. ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സി.കെ.കേശവന്റെ നിര്യാണത്തെ തുടര്‍ന്ന് ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും ഇ.എ.കുമരാനെ തെരഞ്ഞെടുത്തു. എഐടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് സിപിഐസംസ്ഥാന കൗണ്‍സില്‍ അംഗം മൂവാറ്റുപുഴ താലൂക്ക് ടോഡി ഷോപ്പ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി, ചെത്ത് തൊഴിലാളി മിനിമം വേജസ് കമ്മറ്റി അംഗം, എറണാകുളം ജില്ലാ വികസന സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ മുന്‍എം.എല്‍.എ മാറാടി പാലക്കാട്ട് വീട്ടില്‍ പി.വി.അബ്രാഹത്തിന്റെ രണ്ടാമത്തെ മകള്‍ പരേതയായ ഐഷാമ്മയാണ് ഭാര്യ.  തനൂജ കുമാര്‍, സാനിയ കുമാര്‍(ഗസ്റ്റ് ലക്ചറര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം) എന്നിവര്‍ മക്കളാണ്. തിരുവന്തപുരത്ത് പൈലിംഗ് കമ്പനിയിലെ കോണ്‍ട്രാക്ടറായ പ്രശാന്ത് രവിയാണ് മരുമകന്‍.

 

അദ്ധ്യാപകനാകാൻ പറവൂരിലെത്തി, ഉറച്ച കമ്യൂണിസ്റ്റായി മടങ്ങി

 

എം ബി പ്രസാദ്

പറവൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐയുടെ മുതിർന്ന നേതാവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എ കുമാരൻ്റെ രാഷ്ട്രീയ പ്രവർത്തന പഥത്തിൽ  പറവൂരിൻ്റെ സ്വാധീനം ഏറെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നത് പറവൂരിൽ നിന്നായിരുന്നെന്ന് സഖാവ് ഇ എ കുമാരൻ പറഞ്ഞിട്ടുണ്ട്. .1970–72 കാലഘട്ടത്തിലാണ് സഖാവ് മൂവാറ്റുപുഴയിൽ നിന്ന് പറവൂരിൽ എത്തുന്നത്. മൂത്തകുന്നം എസ്എൻഎം ട്രെയിനിംഗ് കോളെജിൽ ടിടിസിക്ക് അഡ്മിഷൻ കിട്ടിയതോടെയാണ് പറവൂരിലേക്കുള്ള സഖാവിൻ്റെ ആദ്യവരവ്.അക്കാലത്ത് താമസിച്ച് പഠിക്കുക എന്നത് വലിയ ഒരു കടമ്പതന്നെയായിരുന്നു. അതിന് കാരണം കോളെജ് ഹോസ്റ്റലിൻ്റ അപര്യാപ്തതയും മുവാറ്റുപുഴക്കാരനായ ഇ എക്ക് പറവൂരിലോ മൂത്തകുന്നത്തോ ബന്ധുക്കളായി ആരുമുണ്ടായിരിന്നില്ലെന്നതുമായിരുന്നു പ്രധാന കാരണം.അക്കാലത്ത്  ആൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെയും യുവജന ഫെഡറേഷൻ പ്രവർത്തകനുമായിരുന്നു ഇ എ കുമാരൻ. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറുള്ള പറവൂരിലെ നേതാക്കളോട് സഖാവ് ഇ എ കുമാരൻ തനിക്ക് മൂത്തകുന്നത്ത് അഡ്മിഷൻ ലഭിച്ചിട്ടുണ്ടെന്നും താമസിക്കാൻ സൗകര്യം ഏർപ്പാടാക്കി തരണമെന്നും ആവശ്യപ്പെട്ടു.അക്കാലത്ത് പറവൂരും വടക്കേക്കരയും രണ്ട് മണ്ഡലങ്ങളായിട്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ.
ഇതോടെ എൻ ശിവൻ പിള്ള ഇടപെട്ട് വടക്കേക്കര മണ്ഡലം നേതാവായിരുന്ന കെ എ ബാലൻ വക്കീലിനെ ചുമതലപ്പെടുത്തിക്കൊടുക്കുകയും അത് മൂലും വടക്കേക്കര മണ്ഡലത്തിലെ പ്രമുഖ നേതാവായിരുന്ന എം സി പ്രഭാകരൻ്റെ വീട്ടിൽ താമസിച്ച് പഠിക്കാനുള്ള ഏർപ്പാടുകളും ചെയ്ത് കൊടുക്കുകയായിരന്നു.

സ്ഥല മാറ്റവും പഠനവുമൊന്നും ഇ എ കുമാരനെ തെല്ലും ബാധിച്ചിരുന്നില്ല.കോളെജ് കഴിഞ്ഞാൽ വടക്കേക്കര മണ്ഡലത്തിലെ അന്നത്തെ യുവജന ഫെഡറേഷൻ പ്രവർത്തകരായ സലിം കുമാറും ഭരത് കുട്ടനും പറവൂരിലെ എസ് രണദിവെയും പി രാജുവും വി എ നാരായണനും മറ്റുമൊക്കെയായി യുവജന ഫെഡറേഷൻ്റെ പ്രവർത്തനങ്ങളിൽ മുഴുകി നടക്കും.
പറവൂർ,വടക്കേക്കര മണ്ഡലങ്ങളിലെ എല്ലാ ലോക്കൽ പ്രദേശങ്ങളിലും ഇ എ കുമാരൻ യുവജനങ്ങളെ സംഘടിപ്പിക്കാനും പറവൂരിലെ പ്രവർത്തകരോടൊപ്പം മുൻപന്തിയിലുണ്ടായിരുന്നു.
ഈ കാലഘട്ടത്തിൽ പാർട്ടി പ്രവർത്തനങ്ങളിലും ട്രേഡ് യൂണിയൻ പ്രവത്തനങ്ങളിലും എൻ ശിവൻ പിള്ളയും ഐസക്ക് തോമാസും കെ എ ബാലൻ വക്കീലുമുൾപ്പെടെ പറവൂരിലെ മുതിർന്ന നേതാക്കളോടൊപ്പം പ്രവർത്തിക്കാനായത് തൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൽ കരുത്തും കൂടുതൽ ആത്മവിശ്വാസവും കിട്ടിയതായി പിൽക്കാലത്ത് ട്രേഡ് യൂണിയൻ നേതാവായും പാർട്ടിയുടെ ജില്ലാ അമരക്കാരനായും പ്രവർത്തിപഥത്തിലെത്തിയ സഖാവ് ഇ എ കുമാരൻ പറവൂരിലെത്തിയ ഘട്ടങ്ങളിലെല്ലാം ഓർമിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Mem­o­ry of E A Kumaran

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.