24 April 2024, Wednesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡാനന്തരം മാനസികരോഗങ്ങള്‍

കെ രംഗനാഥ്
തിരുവനന്തപുരം
July 25, 2022 11:27 pm

സംസ്ഥാനത്തെ കോവിഡ് വിമുക്തരുടെ മാനസികതാളം തെറ്റുന്നുവെന്ന് പഠനങ്ങള്‍. കോവിഡാനന്തര മാനസികരോഗങ്ങള്‍ ഏറ്റവുമധികം ദൃശ്യമാകുന്നത് ചെറുപ്പക്കാരിലാണെന്നതും ആശങ്കാജനകം. മസ്തിഷ്കബന്ധിയായ അസുഖങ്ങളാണ് കോവിഡ് ഭേദമായവരില്‍ കണ്ടുവരുന്നത്.
കോവിഡിനു മുമ്പ് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നവരിലാണ് മാനസിക രോഗലക്ഷണങ്ങള്‍ വ്യാപകമാവുന്നത്. ഉറക്കമില്ലായ്മ, ഉന്മാദാവസ്ഥ, വിഷാദരോഗം, ഓര്‍മ്മക്കുറവ് എന്നിവയാണ് കോവിഡാനന്തര മാനസികരോഗങ്ങളില്‍ മുഖ്യമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നല്ല വായനാശീലമുള്ളവര്‍ പുസ്തകങ്ങളില്‍ തിരിഞ്ഞുനോക്കാതായി. കമ്പ്യൂട്ടര്‍ ഗെയിമുകളും സമൂഹമാധ്യമ ഇടപെടലുകളും തീരെയില്ല. ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നവരില്‍ പലരും ക്രമേണ മറവിരോഗത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതകളും ഏറെയാണ്.
കോവിഡ് മുക്തരില്‍ പകുതിപേര്‍ക്കും ഇത്തരം മാനസികാസ്വാസ്ഥ്യങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മനഃശാസ്ത്ര വിദഗ്ധനായ ഡോ. അരുണ്‍ ബി നായര്‍ വെളിപ്പെടുത്തുന്നത്. ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവരില്‍ ശരീരവേദന, തളര്‍ച്ച എന്നിവയും രോഗലക്ഷണങ്ങളായി കാണുന്നു. യുവാക്കളിലാണ് കോവിഡാനന്തര മാനസികരോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നതെന്ന് മറ്റൊരു മാനസികരോഗ വിദഗ്ധനായ ഡോ. കിരണ്‍ നായരും വിലയിരുത്തുന്നു. രണ്ടാംതവണ കോവിഡ് ബാധിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു ഐടി വിദഗ്ധനെ കലശലായ ഭയവും ഉത്ക്കണ്ഠയുമാണ് പിടികൂടിയിരിക്കുന്നതെന്നും പഠനത്തിനിടെ കണ്ടെത്തി. ഇയാള്‍ക്ക് ജോലിക്കു പോകാനും പണിചെയ്യാനുമുള്ള ഊര്‍ജസ്വലതതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പണിക്കുപോയാല്‍ വീണ്ടും കോവിഡുണ്ടാകുമെന്ന ആധിയാണ് ഈ യുവാവിനെ വേട്ടയാടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. വീട്ടിലിരുന്നുതന്നെ ജോലി ചെയ്യാന്‍ അദ്ദേഹത്തിന്റെ സ്ഥാപനം അനുവദിച്ചിട്ടും ജോലിയോടു കടുത്ത വിരക്തിയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന മനഃശാസ്ത്ര വിദഗ്ധന്‍ വെളിപ്പെടുത്തുന്നു.
പത്തൊന്‍പതുകാരനായ ഒരു വിദ്യാര്‍ത്ഥി മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് രണ്ടാമതും കോവിഡ് രോഗിയായത്. ഏപ്രിലില്‍ രോഗമുക്തനായ ശേഷം ഭയവും ഉത്ക്കണ്ഠയും ഇയാളെ ഗ്രസിച്ചതിനാല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനെപ്പോലും പേടിക്കുന്നു. കൂടെക്കൂടെ അക്രമാസക്തനാകുന്ന ഈ കുട്ടി പരീക്ഷയെഴുതാന്‍ തന്നെ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാരോട് ഭീഷണി മുഴക്കുന്നുവെന്നും പഠനത്തിനിടെ കണ്ടെത്തി. കോവിഡാനന്തര മാനസികാരോഗ്യ തകര്‍ച്ചയ്ക്കിടെ ഇത്തരം രോഗികള്‍ ആശ്വാസം ലഭിക്കാന്‍ മദ്യത്തെയും മയക്കുമരുന്നുകളെയും ആശ്രയിക്കുന്ന പ്രവണതയും ഏറുന്നുവെന്നും കോവിഡാനന്തര മാനസികരോഗികളുടെ കണക്കെടുപ്പു നടത്തി അവരുടെ ചികിത്സയ്ക്കായി മാത്രം പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

Eng­lish Sum­ma­ry: Men­tal ill­ness after covid

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.