ലോകം മുഴുവന്‍ ഒരാളുടെ നേട്ടത്തില്‍ കയ്യടിച്ചാലും അവരുടെ കഴിഞ്ഞുപോയ കാലം ചുരണ്ടിയെടുക്കാനുള്ള തത്രപ്പാട് പലര്‍ക്കും കൂടുതലാണ്. ഇതൊരു തോന്നലല്ല എന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി(ബിഎച്ച്‌യു)യിൽ നിന്നുമുള്ള പുതിയ വാര്‍ത്ത പറയുന്നത്. കരിയറിന്റെ സ്വപ്നലോകത്ത് എത്തി നില്‍ക്കുന്ന ദീപിക പദുകോണ്‍ എന്ന വ്യക്തിയെ, സ്ത്രീയെ, അവരുടെ സ്വകാര്യ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ പരസ്യമായി അധിക്ഷേപിക്കാന്‍ ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയത്. താരം മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ‘തനിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ കുറ്റബോധം തോന്നേണ്ട അവസ്ഥയിലാണ് സ്ത്രീകൾ ഇന്നുള്ളത്’.
ഒരാളുടെ വ്യക്തിജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ‘ഷോ‘യ്ക്ക് കയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹനം നല്‍കുന്നവരുടെ എണ്ണം കൂടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ദീപികയുടെ മുൻ കാമുകന്മാരെന്ന് പറഞ്ഞാണ് പല പ്രമുഖരുടെയും പ്രച്ഛന്നവേഷത്തില്‍ വേദിയിൽ യുവാക്കൾ അണിനിരക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ രൂക്ഷ വിമർശനങ്ങള്‍ നേരിടുന്നുണ്ട്. ‘കോഫി വിത്ത് കരൺ’ എന്ന ടിവി ഷോയിലെ ദീപികയുടെ ഡേറ്റിങ് ചരിത്രത്തെക്കുറിച്ചുള്ള പരാമർശം പുതുതലമുറയിലെ സദാചാരവാദികളെ ചൊടിപ്പിച്ചിട്ടുണ്ടെന്നത് വ്യക്തം.
‘പരാജയപ്പെട്ട ബന്ധങ്ങളില്‍ നിന്നും പുറത്തുവന്ന താന്‍ കുറച്ചുകാലം തനിച്ചായിരിക്കാൻ ആഗ്രഹിച്ചുവെന്നും രൺവീർ സിങ് വിവാഹാഭ്യർത്ഥന നടത്തുന്നതുവരെ ആ ജീവിതം താന്‍ ആസ്വദിച്ചുവെന്നും’ ദീപിക പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച തികച്ചും വ്യക്തിപരമായ അനുഭവമാണ് ദീപിക തുറന്നുപറഞ്ഞത്. അതിനെ പരസ്യമായി പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട ആവശ്യമില്ല. ബിഎച്ച്‌യുവിലെ വിദ്യാർത്ഥികളുടെ സദാചാര പൊതുബോധമാണ് ഇവിടെ പ്രശ്നം. സ്ത്രീകളുടെ കരിയറിലെ ഉയര്‍ച്ചയ്ക്കപ്പുറം വ്യക്തിജീവിതത്തില്‍ അവര്‍ ‘പതിവ്രത’യായിരിക്കണമെന്ന ചിന്തയും അതിനെ പിന്തുണയ്ക്കുന്ന സദാചാരചിന്തയുമാണ് ഇതിന് പിന്നില്‍. ‘ദീപിക കി കഹാനി, ബിഎച്ച്‌യു കി സുബാനി’ എന്ന തലക്കെട്ടോടു കൂടിയ വീഡിയോയിൽ പ്രമുഖ വ്യക്തിത്വങ്ങളെ ബിഎച്ച്‌യു വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു. കൂടാതെ വലിയ സ്ക്രീനിൽ ദീപികയ്ക്ക് ഒപ്പമുള്ള അവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.
ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി കാര്യങ്ങളുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതാ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കേണ്ടതുണ്ട്. സമൂഹം കല്പിച്ചതുപോലെയാകണം സ്ത്രീകള്‍ എന്ന ചിന്താഗതിയെ പൊളിച്ചെഴുതാന്‍ നാം തയ്യാറായേ മതിയാകൂ. അതിനൊപ്പം താരങ്ങളും മനുഷ്യരാണെന്നും അവരുടെ സ്വകാര്യജീവിതം തോന്നുംപോലെ ആഘോഷിക്കാനുള്ളതല്ലെന്ന തിരിച്ചറിവും ഉണ്ടാകണം.
16 വർഷത്തെ അധ്വാനം കൊണ്ട് ദീപിക പടുത്തുയർത്തിയ കരിയര്‍ ഏതൊരു വ്യക്തികൾക്കും പ്രചോദനമാക്കാവുന്നതാണ്. ഇന്ത്യൻ സിനിമയിലെ ഉയര്‍ന്ന തുക പ്രതിഫലമായി വാങ്ങുന്ന താരം, ആക്ഷൻ സിനിമകളിൽ നായകനൊപ്പം മാസ് കാണിക്കുന്ന ഹീറോയിൻ എന്നതിനൊക്കെ പുല്ലുവില കല്പിച്ച് വ്യക്തിജീവിതത്തെ സ്കാന്‍ ചെയ്യുന്നത് നിര്‍ത്താന്‍ യുവതലമുറ തയ്യാറാകണം.
2005ൽ പുറത്തുവന്ന ഹിമേഷ് രഷമ്യയുടെ നാം ഹേ തേരാ എന്ന മ്യൂസിക് വീഡിയോയിലൂടെ സ്ക്രീനിലെത്തിയ അവരുടെ യാത്ര അത്ര എളുപ്പമല്ലായിരുന്നു. കന്നഡ ചിത്രമായ ഐശ്വര്യയിൽ ഉപേന്ദ്ര റാവോയുടെ നായികയായാണ് ദീപികയുടെ സിനിമാ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ ഓം ശാന്തി ഓമാണ് താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. 2012ൽ പുറത്ത് വന്ന കോക്ടെയ്‌ലിന്റെ വിജയമാണ് ദീപികയുടെ കരിയറിലെ തിളക്കമായി മാറിയത്. പിന്നാലെ നിരവധി ഹിറ്റുകൾ. എക്സ്എക്സ്എക്സ്: റിട്ടേൺ ഓഫ് ദിവ സാൻഡർ കേജ് എന്ന ചിത്രത്തിലൂടെ താരം ഹോളിവുഡിലെത്തി. കരിയറിന്റെ ഉന്നതങ്ങളില്‍ നിൽക്കുമ്പോൾ വിഷാദരോഗം ബാധിച്ച ദീപിക തകർന്ന ഹൃദയം നന്നാക്കാൻ വളരെയധികം ശക്തി ആവശ്യമാണെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് മാനസിക ആരോഗ്യത്തെ പറ്റി അവബോധം സൃഷ്ടിക്കുന്ന ദി ലിവ് ലവ് ലാഫ് എന്ന ഫൗണ്ടേഷന്‍ സ്ഥാപിച്ചു.
നെപ്പോട്ടിസം അടക്കിവാഴുന്ന ബോളിവുഡിൽ സിനിമാ പശ്ചാത്തലമില്ലാതെ വന്ന ദീപിക നിരവധി പ്രതിസന്ധികള്‍ നേരിട്ടു. സ്ത്രീകളുടെ കരിയറിന് പുരുഷന്മാരോളം സ്ഥിരതയില്ലാത്ത മേഖലയിൽ ചിരിച്ചുകൊണ്ട് മുന്നേറി. 2020ൽ പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ദീപിക സംഘ്പരിവാറിന്റെ കണ്ണിലെ കരടായി. പത്മാവത് എന്ന അവരുടെ ചിത്രത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ടുയർന്ന വിവാദവും ചിത്രത്തിന്റെ സെറ്റിലേക്ക് രജ്പുത് കർണി സേന ആക്രമണമഴിച്ചുവിട്ടതും പത്താനിൽ ദീപികയുടെ കാവി ബിക്കിനിയുമൊക്കെ രാജ്യമാകെ പിടിച്ചു കുലുക്കിയ വിവാദപരമ്പരകളായിരുന്നു.
ഇതിനിടയ്ക്ക് ഫുട്ബോൾ ലോകകപ്പ് വേദിയിലേക്ക് കിരീടം സൂക്ഷിക്കുന്ന ട്രാവൽ കേസിന്റെ നിർമ്മാതാക്കളായ ലൂയി വിറ്റൺസിന്റെ ബ്രാൻഡ് അംബാസിഡറായി ദീപിക ലോകകപ്പിനെ അനുഗമിച്ചത് അസൂയാലുക്കള്‍ക്കുള്ള അടിയായി.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.