ജമൈക്കൻ സുന്ദരി ടോണി ആൻസിങ് ഇക്കൊല്ലത്തെ ലോകസുന്ദരി, ഇന്ത്യന്‍ സുന്ദരി സുമൻ റാവുവിന് മൂന്നാംസ്ഥാനം

Web Desk
Posted on December 15, 2019, 11:27 am

ലണ്ടൻ: ജമൈക്കൻ സുന്ദരി ടോണി ആൻസിങിനെ ഇക്കൊല്ലത്തെ ലോകസുന്ദരിയായി തെരഞ്ഞെടുത്തു. ഫ്രഞ്ച്, ഇന്ത്യൻ സുന്ദരിമാരോടായിരുന്നു അവസാന റൗണ്ടിൽ പോരാടി ടോണി ആൻസിങ് കിരീടം ചൂടിയത്.

ഇന്ത്യൻ സുന്ദരി സുമൻറാവുവിന് മൂന്നാംസ്ഥാനം നേടാനായി. ഫ്രാൻസിന്റെ ടോണി ആൻസിങിനാണ് രണ്ടാംസ്ഥാനം.

ഇരുപത്തിമൂന്നുകാരിയായ ടോണി ആൻസിങ് അമേരിക്കയിലെ ഫ്ളോറിഡ സർവകലാശാലയിലെ മനഃശാസ്ത്ര വിദ്യാർഥിയാണ്. ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഇവർ നേരത്തെ കരീബിയൻ വിദ്യാർഥി അസോസിയേഷൻ അധ്യക്ഷയുമായിരുന്നു.

ഇത് നാലാം തവണയാണ് ജമൈക്ക ലോകസുന്ദരി പട്ടം നേടുന്നത്. സംഗീതം, പാചകം, വ്ലോഗിംഗ് എന്നിവയിൽ അതീവ തൽപ്പരയാണ് ടോണി ആൻസിങ്. തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ അമ്മ നൽകിയ പിന്തുണയാണ് ഈ നേട്ടത്തിന് തന്നെ അർഹയാക്കിയതെന്നും ഈ പെൺകുട്ടി പറഞ്ഞു. 1993ലാണ് ജമൈക്ക അവസാനം ലോകസുന്ദരി പട്ടം സ്വന്തമാക്കിയത്. ലിസ ഹന്നയാണ് അന്ന് ജമൈക്കയ്ക്ക് വേണ്ടി സുന്ദരി പട്ടം സ്വന്തമാക്കിയത്.

2017ലാണ് മാനുഷി ചില്ലാർ ഇന്ത്യയ്ക്ക് വേണ്ടി അവസാനം ലോകസുന്ദരി പട്ടം നേടിയത്. പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി 17 വർഷം പിന്നിട്ടപ്പോഴാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയെ പ്രതിനിധീകരിച്ച സുമൻറാവു ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ആയ്ദന ഗ്രാമത്തിൽ നിന്നുള്ള ഇരുപതുകാരിയായ ഈ പെൺകുട്ടി മോഡലും നർത്തകിയുമാണ്. സിഎ വിദ്യാർഥി കൂടിയാണ്.