26 July 2024, Friday
KSFE Galaxy Chits Banner 2

എംഎംഡിആർ നിയമ ഭേദഗതി; ധാതുസമ്പത്ത് കുത്തകകൾക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 11:30 pm

1957‑ലെ മൈൻസ് ആന്റ് മിനറൽസ് (എംഎംഡിആർ) നിയമം ഭേദഗതി ചെയ്യുന്നത് ലക്ഷക്കണക്കിന് കോടികളുടെ ധാതുസമ്പത്ത് നഷ്ടപ്പെടുത്താനിടയാക്കുമെന്ന് വിദഗ്ധർ. സംസ്ഥാനങ്ങൾക്കും രാജ്യത്തിനും ജനങ്ങൾക്കും ലഭിക്കേണ്ട സഹസ്രകോടികൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നതാണ് നിയമഭേദഗതി. സംസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും ഉള്ളവ വളച്ചൊടിക്കുകയും ചെയ്യുകയാണ് കേന്ദ്രം.
കേന്ദ്ര നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തില്‍ നാളെ പാർലമെന്റ് മാർച്ച് നടത്തും. എഐടിയുസി, സിഐടിയു, ഐഎൻടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച്.
1957ലെ നിയമപ്രകാരം തീരപ്രദേശത്തെ ധാതുക്കളുടെ ഖനനാധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. കേരള തീരത്തെ കരിമണലിൽ നിന്നുള്ള ധാതുക്കളുടെ ഖനനാവകാശം പൊതുമേഖലാ കമ്പനികൾക്ക് മാത്രവും. മറ്റു ഖനികൾ പ്രവർത്തിക്കുന്നതും 1957ലെ നിയമമനുസരിച്ചാണ്. നിയമഭേദഗതിയിലൂടെ ഖനനം പൊതുമേഖലയിൽ വേണമെന്ന നയത്തിൽ മാറ്റംവരും.
2019 മാർച്ച് ഒന്നിന് ഖനി മന്ത്രാലയം ദേശീയ സുരക്ഷിതത്വത്തെ ബാധിക്കുന്ന അറ്റോമിക ധാതുക്കളുടെ ഖനനത്തിൽനിന്ന് സ്വകാര്യമേഖലയെ ഒഴിവാക്കിയിരുന്നു. മേയിൽ നിര്‍ദ്ദേശിച്ച എംഎംഡിആർ ആക്ട് ഭേദഗതിയനുസരിച്ച് പാർട്ട് ബിയിലുള്ള 12 അറ്റോമിക ധാതുക്കളിൽ എട്ടെണ്ണം മാറ്റി പാർട്ട് ‑ഡി എന്ന പുതിയ ഗ്രൂപ്പ് ഉണ്ടാക്കും. ഈ ഗ്രൂപ്പിലേക്ക് മാറ്റുന്ന ധാതുക്കളിൽ ഇൽമനൈറ്റ്, റൂട്ടൽ, ലൂക്കോസിൻ, ഗാർനെറ്റ്, മോണോസൈറ്റ്, സിർക്കോൺ, സിലിമനൈറ്റ് തുടങ്ങിയവ ബീച്ച് സാൻഡ് മിനറൽസ് എന്നിവയിലായിരിക്കും.
ഈ ധാതുക്കളുടെ ഖനനപ്രദേശങ്ങൾ ലേലത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാകും. ഇതോടെ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകുകയും സ്വകാര്യ കുത്തകകൾക്ക് കടന്നുവരാൻ വഴിയൊരുങ്ങുകയും ചെയ്യും. തോറിയം, യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയ ആണവോർജ മൂലകങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ മോണോസൈറ്റിന്റെ ദുരുപയോഗത്തിനുള്ള സാധ്യതയുമുണ്ട്. ഇത് രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്.
ബന്ധപ്പെട്ട വകുപ്പ്/മന്ത്രാലയം കരട് നിയമം പ്രസിദ്ധീകരിക്കുകയും പൊതുവായി പ്രദർശിപ്പിക്കുകയും വേണം. പൊതുജനങ്ങൾക്കുൾപ്പെടെ ആക്ഷേപാഭിപ്രായങ്ങൾ പങ്കിടുന്നതിന് 30 ദിവസങ്ങളെങ്കിലും നല്കുകയും വേണം. ഇതാെന്നും പാലിക്കാതെയാണ് നിയമ ദേഭദഗതി.

കൂടുതൽ ഭീഷണി കേരളത്തിന് 

നിയമ ഭേദഗതിയിലൂടെ കേരളത്തിലെ തീരദേശ മേഖലയിലെ കരിമണൽ ഖനനം പൂർണമായും സ്വകാര്യവല്കരിക്കപ്പെടും. നീണ്ടകര മുതൽ കൊച്ചി വരെയുള്ള തീരമേഖല മൊണോസൈറ്റ്, ഇൽമനൈറ്റ്, സിർക്കോൺ, സാലിമിനൈറ്റ് തുടങ്ങിയ അപൂർവ ധാതുക്കളാൽ സമൃദ്ധമാണ്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ തോറിയം അടങ്ങിയ മൊണോസൈറ്റിന്റെ നിക്ഷേപം കേരള തീരത്ത് 19 ലക്ഷം ടൺ ആണ്.
ഇന്ത്യൻ റെയർ എർത്ത്‍സ് ലിമിറ്റഡ് (ഐആർഇ), കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശാസ്ത്രീയവും നിയന്ത്രിതവുമായ ഖനനം നടത്തിയിട്ടും പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാകാറുണ്ട്. തീരമേഖല സ്വകാര്യ മൂലധന ശക്തികൾക്കു കൈമാറിയാൽ ആവാസ വ്യവസ്ഥ തകരും. ആയിരക്കണക്കിനു പേര്‍ പണിയെടുക്കുന്ന ഐആർഇ, കെഎംഎംഎൽ, ട്രാവൻകൂർ ടെെറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്പും അപകടത്തിലാകും.

Eng­lish Sum­ma­ry: MMDR Act Amend­ment; For min­er­al monopolies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.