ഇന്ത്യന്‍ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും നിര്‍ണായകവുമായ ഇടപെടലാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇറക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയതിലൂടെ നടത്തിയത്. 2024 ഫെബ്രുവരി 15ന് നടത്തിയ ഈ വിധിപ്രസ്താവത്തിലൂടെ നടത്തിയിരിക്കുന്നത്, ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും സ്ഥാപിതമായ ഗുണമേന്മ അതിന്റെ സുതാര്യതയാണെന്ന തത്വം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു എന്നതുതന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത്കാല്‍ ആഘോഷിക്കുന്ന നമ്മുടെ ജനാധിപത്യ ഭാരതത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കളങ്കം ചാര്‍ത്തിയിരുന്ന കള്ളപ്പണ ഒഴുക്കിന്റെയും അഴിമതിയുടെയും ഈ സ്രോതസുകള്‍ക്കാണ് ഇപ്പോള്‍ പൂട്ടിട്ടിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടിലൂടെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്ന പണത്തിന്റെ 60 ശതമാനവും വന്നെത്തിയിരുന്നത് ഭരണകക്ഷിയായ ബിജെപിയുടെയും കൂട്ടാളികളുടെയും കെെകളിലായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാളിതുവരെയായി വിശ്വസനീയമായ വിധം പൊതുജന ശ്രദ്ധയിലെത്തിയിരുന്നില്ല. സുപ്രീം കോടതി വിധി പ്രാബല്യത്തില്‍ വന്നതോടെ, ഭരണകൂടവും കോര്‍പറേറ്റുകളും സമൂഹത്തിലെ അതിസമ്പന്നരും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടാണ് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു കൂട്ടുകെട്ട് ക്രമേണ ദേശീയതലത്തില്‍ നിന്നും സംസ്ഥാനതലങ്ങളിലേക്കും പ്രാദേശിക ഭരണകൂടങ്ങളിലേക്കും അതിവേഗം പടര്‍ന്നുവരികയാണെന്നതിന്റെ സൂചനകളും ഉണ്ട്. ഇത്തരം അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി പ്രതികരണവുമായെത്തുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തി സെെബര്‍വിദ്യകളിലൂടെ ആക്രമിക്കുകയും വകവരുത്തുകയും ചെയ്യുന്ന നടപടികളും വിരളമല്ല. ഇതിലേക്കായി സാധാരണ ജനങ്ങളുടെ മൗലികാവകാശങ്ങളും അറിയാനുള്ള അവകാശവും റദ്ദാക്കാനും നിഷേധിക്കാനും ഫാസിസ്റ്റ് പ്രത്യയശാസ്ത്ര വിശ്വാസികളായ ഭരണകൂടങ്ങള്‍ പലപ്പോഴും പരിശ്രമിച്ചതായ അനുഭവങ്ങളും നമുക്കുണ്ട്.
സുപ്രീം കോടതി ഏതായാലും ഇലക്ടറല്‍ ബോണ്ട് പദ്ധതി തന്നെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബോണ്ട് വാങ്ങലിലൂടെ ഉദാരമായ സംഭാവന ചെയ്യുന്ന വ്യക്തിയുടെയോ, സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ പേരുവിവരങ്ങള്‍ അജ്ഞാതമായിരുന്നു എന്നതാണ് ഈ സംവിധാനത്തെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നത്. സാമൂഹ്യമേഖലയിലെ ആക്ടിവിസ്റ്റുകളുടെ വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദുവും മറ്റൊന്നായിരുന്നില്ല. ഇന്നിപ്പോള്‍, ഈ സ്ഥിതിയാണ് മാറിയിരിക്കുന്നത്. ഈ രഹസ്വസ്വഭാവം ഇന്ത്യന്‍ പൗരന്റെ അറിയാനുള്ള അവകാശമാണ് ഈവിധത്തില്‍ നിഷേധിക്കപ്പെട്ടിരുന്നത്.
ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും നിയമകുരുക്കുകളുണ്ട്. ഒന്ന്, ഏതെങ്കിലും ഒരു കോര്‍പറേറ്റ് സ്ഥാപനമോ, സംഘടനയോ നല്കുന്ന സംഭാവനയ്ക്ക് ഉപരി പരിധിയുണ്ട്. ഈ പരിധി നിര്‍ണയത്തിന്റെ ലക്ഷ്യം സംഭാവന നല്കുന്ന ഏജന്‍സിയോ, വ്യക്തിയോ ആരായാലും ഏതായാലും അത് ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ നയരൂപീകരണത്തിനുമേല്‍ ചെലുത്താന്‍ കഴിയുന്നതിലേക്ക് നയിക്കുന്ന അവിഹിത സ്വാധീനം ഒഴിവാക്കുകയാണ്. ഇന്ത്യയില്‍, ഈ പുതിയ ധനസമാഹരണമാര്‍ഗം 2018ല്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഒരു പരിധിവരെ ഇത്തരമൊരു സുതാര്യത നിലവിലുണ്ടായിരുന്നു. 2017ലെ ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇലക്ടറല്‍ ബോണ്ട് എന്ന ഈ ആശയം രാഷ്ട്രീയ പാര്‍ട്ടികളിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് എന്ന വ്യാജേന മുന്നോട്ടുവച്ചത്. ഒരു വര്‍ഷത്തിനകം ഇതുസംബന്ധമായ വിജ്ഞാപനം പുറത്തുവന്നതോടെ എസ്ബിഐയെ ഇത് കെെകാര്യം ചെയ്യാനുള്ള ഏജന്‍സിയായി നിയോഗിക്കുക കൂടി ചെയ്തു. നിലവിലിരുന്ന ആര്‍ബിഐ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംവിധാനം നിയമത്തിന്റെ പിന്‍ബലത്തോടെ നടക്കുമായിരുന്നില്ല. ഈ നിയമം ഭേദഗതി ചെയ്യണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണമായിരുന്നു. അതത്ര എളുപ്പമായിരുന്നില്ല. കാരണം, മോഡി സര്‍ക്കാരിന് ഇതിനാവശ്യമായ ഭൂരിപക്ഷം രാജ്യസഭയിലുണ്ടായിരുന്നില്ല. ലോക്‌സഭയോടൊപ്പം രാജ്യസഭയും കൂടി അംഗീകരിച്ചാല്‍ മാത്രമേ ആര്‍ബിഐ നിയമഭേദഗതി നടപ്പാക്കാന്‍ കഴിയൂ. അതിബുദ്ധിമാനായ ജെയ്റ്റ്ലി ചെയ്തത് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാതിരുന്ന ബജറ്റിന്റെ ഫെെനാന്‍സ് ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനോടൊപ്പം ഏറെയൊന്നും ശ്രദ്ധിക്കപ്പെടാത്തവിധം ആര്‍ബിഐ നിയമത്തില്‍ ബോണ്ട് പദ്ധതി സംബന്ധമായ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തി ഫിനാന്‍സ് ബില്‍ പാസാക്കിയെടുക്കുകയായിരുന്നു. എന്നാല്‍, നിലവിലുള്ള പാര്‍ലമെന്ററി നിയമവ്യവസ്ഥ അനുശാസിക്കുന്നതിന് വിരുദ്ധമായി ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഒന്നാം മോഡി സര്‍ക്കാരിന്റെ ശ്രമത്തിന് താല്‍ക്കാലിക വിജയം മാത്രമേ കെെവരിക്കാന്‍ കഴിഞ്ഞുള്ളു എന്നതാണ് സുപ്രീം കോടതിയുടെ തിരുത്തല്‍ വിധി വന്നതോടെ വെളിവാക്കപ്പെട്ടിരിക്കുന്നത്.
ഇലക്ടറല്‍ ബോണ്ടുകള്‍ വ്യാപകമായതോടെ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തിന്റെ ഏതളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കണമെന്നതിനുള്ള പരിധികളും അപ്രത്യക്ഷമായി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ബോണ്ടുകള്‍ വാങ്ങാമെന്ന സ്ഥിതി നിലവില്‍ വന്നു. അങ്ങനെ ഷെല്‍ കമ്പനികളുടെ ഒരു പരമ്പര തന്നെ രൂപപ്പെടുകയുണ്ടായി. ഇവയിലൂടെയാണ് ഏതാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ധനസമാഹരണം നടത്തിവന്നത്. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ആശങ്ക പ്രകടമാക്കുന്ന ഒരു പ്രസ്താവന പുറത്തുവന്നിരുന്നു. കമ്മിഷന്റെ അഭിപ്രായത്തില്‍ ഷെല്‍ കമ്പനികള്‍ ജന്മമെടുത്തതുതന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയായിരുന്നു എന്നാണ്. പുതിയ സുപ്രീം കോടതിവിധി വന്നതോടെ ഈ തന്ത്രവും പാളി. പിന്നിട്ട ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ, കോര്‍പറേറ്റോക്രസിയിലൂടെ ‘ക്രോണിക്യാപ്പിറ്റലിസ’( ചങ്ങാത്ത മുതലാളിത്ത) ത്തിലേക്കും അവിടന്നങ്ങോട്ട്, രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നിര്‍വഹിച്ചതോടെ ‘തിയോക്രസി‘യിലേക്കും നീങ്ങിയിരിക്കുകയാണ്. 2024 ഫെബ്രുവരി മധ്യത്തോടെ മാധ്യമങ്ങളില്‍ ഇടം കണ്ടെത്തിയ വിചിത്രവും ശ്രദ്ധേയവുമായൊരു വാര്‍ത്തയാണ് സീത എന്ന പേരുള്ള പെണ്‍സിംഹത്തെയും അക്ബര്‍ എന്ന പേരുള്ള ആണ്‍സിംഹത്തെയും ഒരേ കൂട്ടില്‍ത്തന്നെ കഴിയാന്‍ അനുവദിക്കുന്നത് ആപത്തായിരിക്കുമെന്ന ആശങ്ക ഒരു സംഘ്പരിവാര്‍ സംഘടനയുടേതായി പുറത്തുവന്നത്. ഹാ കഷ്ടം. അല്ലാതെന്ത് പറയാന്‍. ഏതായാലും നീതിപീഠത്തിന്റെ നിര്‍ണായകമായ തിരുത്തല്‍ വിധക്കാധാരമായ പരാതി സമര്‍പ്പിച്ച സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) നേതൃത്വത്തിന് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതില്‍ ഒന്നിലേറെ കാരണങ്ങളാല്‍ വിജയം അവകാശപ്പെടാന്‍ കഴിയും. ഒന്ന്, രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് അനധികൃതമായ സ്രോതസുകള്‍ വഴി പണം നല്കി രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കാനുള്ള ഇടം കുറിക്കാന്‍ സഹായിച്ചിരിക്കുന്നു. രണ്ടാമതായി, കേന്ദ്ര ബാങ്കെന്ന നിലയില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ മര്‍മ്മപ്രധാനമായ സ്ഥാനം വഹിക്കുന്ന ആര്‍ബിഐയുടെ അധികാരം കേവലം ഒരു ഫെെനാന്‍സ് ബില്‍ വഴി നിഷേധിക്കാന്‍ രാഷ്ട്രീയ ഭരണകൂടത്തിന് കഴിയില്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. ആര്‍ബിഐയുടെ അനുമതിയില്ലാതെ കേന്ദ്രസര്‍ക്കാരിന് പോലും പുറത്തിറക്കാനോ, കെെപ്പറ്റാനോ, കെെമാറാനോ, കെെവശം സൂക്ഷിക്കാനോ ഒരു കറന്‍സി നോട്ടോ, കടപ്പത്രമോ ഇടപാടുകള്‍ക്കായി വിനിയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന നിയമം ബലപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ഈ നിയമം അലംഘനീയവുമാക്കിയിരിക്കുന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് സ്വമേധയാ സ്വീകരിച്ചൊരു നടപടിയായിരുന്നില്ല ഇതെന്നോര്‍ക്കുക. മോഡി സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടിയാണ് സുപ്രീം കോടതിയുടെ ഇടപെടലിലേക്ക് നയിച്ചത്. എന്നാല്‍ നിയമഭേദഗതി 31 (3) അതനുസരിച്ചായിരുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടിറക്കല്‍ പദ്ധതി നിയമാനുസൃതമാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ഒരു കമേര്‍സ്യല്‍ ബാങ്കായ എസ്ബിഐ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നടത്തിപ്പ് സ്ഥാപനമാക്കിയ തീരുമാനവും ഇതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ രൂപം നല്കി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളുടെ അംഗീകാരത്തോടെ പാസാക്കിയെടുക്കുന്ന ഫിനാന്‍സ് ബില്ലുകള്‍ക്ക് പരിമിതമായ അധികാരം മാത്രമേ നിയമനിര്‍മ്മാണത്തില്‍ അനുവദിക്കപ്പെടുന്നുള്ളു എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചാണ് രാജ്യസഭയുടെ അനുമതി ലഭ്യമാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആര്‍ബിഐ നിയമത്തെ സ്പര്‍ശിക്കാതെ തടിതപ്പാന്‍ ഫെെനാന്‍സ് ബില്ലിലൂടെ ആര്‍ബിഐയുടെ അധികാര പരിധീയില്‍ വരുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി മുന്നോട്ടുപോയതും ഇപ്പോള്‍ കുരുക്കില്‍ അകപ്പെട്ടിരിക്കുന്നതും. സമാനമായ നിലയില്‍ത്തന്നെയാണ് 1934ലെ ആര്‍ബിഐ നിയമത്തിന് പുറമെ 1951ലെ ജനപ്രാതിനിധ്യ നിയമവും 1961ലെ വരുമാന നികുതിനിയമവും 2013ലെ കമ്പനി നിയമവും ധനകാര്യ ബില്‍ ഭേദഗതിയുടെ മറവില്‍ കെെകാര്യം ചെയ്തത് വളരെ ശ്രദ്ധാപൂര്‍വമായിരുന്നു, ഏതുവിധേനയും ഇലക്ടറല്‍ ബോണ്ട് പദ്ധതി നടപ്പാക്കണമെന്ന് ഉറപ്പാക്കിയിരുന്ന മോഡി ഭരണം അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയിലൂടെ സാധിച്ചെടുത്തത്. എന്നാല്‍, ഈ പദ്ധതി അപ്പാടെ തകര്‍ന്നടിഞ്ഞിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെ, കേന്ദ്ര ആര്‍ടിഐ സംവിധാനത്തിന്റെ തീര്‍പ്പും ബോണ്ട് പദ്ധതിയെ തകിടംമറിക്കുന്നതിന് സഹായിച്ചു. കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സിഐസി) ഇതിനിടെ നടത്തിയ ഒരു വിധിപ്രസ്താവത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഫണ്ട് കെെകാര്യം ചെയ്യുന്നതില്‍ പരമാവധി സുതാര്യത ഉറപ്പാക്കണമെന്നാണ് വ്യക്തമാക്കിയത്. ഈ വിധിയെ മറികടക്കാന്‍ കുടില ലക്ഷ്യമിട്ടാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് അവസാന മിനുക്കുപണികള്‍ കൂടി സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാണ്. ഇത്തരമൊരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിരോധത്തിലാക്കുന്നവിധം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരുവിധം എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുതാര്യതയെ ഭയപ്പെടുന്നതെന്തിനാണെന്ന ചോദ്യത്തിന് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്കാനും സാധ്യമാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.