30 April 2024, Tuesday

Related news

April 28, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024

പച്ചക്കള്ളങ്ങൾ പറയുകയും വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോഡി പ്രച്ഛന്ന വേഷധാരി: മുഖ്യമന്ത്രി

Janayugom Webdesk
തൃശൂര്‍
April 15, 2024 10:44 pm

കേരളത്തിൽ വന്ന് പച്ചക്കള്ളങ്ങൾ പറയുകയും ഡൽഹിയിലെത്തുമ്പോൾ വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രച്ഛന്ന വേഷധാരിയാണ് മോഡിയെന്ന് മുഖ്യമന്ത്രി. നട്ടാല്‍ കിളിര്‍ക്കാത്ത നുണകളും വിദ്വേഷ പ്രസംഗവുമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. രാമായണത്തിലെ മാരീച വേഷത്തിൽ വന്ന് കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ച് കളയാം എന്ന് കരുതരുതെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി എസ് സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലും പുസ്തകപ്രകാശനം നിര്‍വഹിച്ച് തൃശൂരിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടതുകൊള്ളയുടെ ഉദാഹരണമെന്നായിരുന്നു കുന്ദംകുളത്തെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ കള്ളപ്രചരണം. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ച മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുകയാണെന്ന് പറഞ്ഞ മോഡി താനാണ് നടപടി എടുത്തതെന്നും തട്ടിവിട്ടു. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകുമെന്ന് പറഞ്ഞ അദ്ദേഹം അതിന് തടസം ഇഡിയുടെ നടപടിയാണെന്ന കാര്യം ബോധപൂര്‍വം മറച്ചുവച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കരുവന്നൂര്‍ വിഷയം ഉയര്‍ത്തി മുതലെടുപ്പ് നടത്താനാണ് മോഡി സര്‍ക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തു തന്നെയായാലും ക്രമക്കേട് കാണിച്ചവരുമായി യാതൊരു ഒത്തുതീര്‍പ്പിനും സംസ്ഥാന സര്‍ക്കാരോ സഹകരണ മേഖലയോ തയ്യാറല്ല. കരുവന്നൂര്‍ സഹകരണ ബാങ്ക് അതിന്റെ സാധാരണ അവസ്ഥയിലേക്ക് വരികയാണ്. സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുന്നതിനായി ഇഡിയെ കൂട്ട് പിടിച്ച് ഫയലുകള്‍ എടുത്തുകൊണ്ട് പോയെങ്കിലും ബാങ്കിന് അനുകൂലമായി ഹൈക്കോടതി വിധി വരികയായിരുന്നു. 

കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്നത് കണ്ടെത്തിയപ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാരില്‍ നിന്ന് ബാങ്കിന് നഷ്ടം വരുത്തിയ തുക പിടിച്ചെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ബാങ്ക് ക്രമക്കേടില്‍ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കും. എന്നാല്‍ ഇതുകൊണ്ട് സഹകരണമേഖല ഒട്ടാകെ കുഴപ്പമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയില്ല. സഹകരണ മേഖലയെ സംരക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു സംസാരിച്ചു. വി എസ് സുനില്‍കുമാറിനെ കുറിച്ച് കേരളത്തിലെ 58 സാംസ്കാരിക‑സാമൂഹിക പ്രവര്‍ത്തകര്‍ എഴുതി അശോകന്‍ ചരുവില്‍ എഡിറ്റ് ചെയ്ത ‘മ്മടെ സുനിച്ചേട്ടന്‍’ എന്ന പുസ്തകമാണ് തൃശൂരില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തത്. എം കെ കണ്ണന്‍ അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: Modi who tells lies and does the oppo­site: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.