27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
July 8, 2024
July 7, 2024
July 4, 2024
July 4, 2024
June 29, 2024
June 26, 2024
June 22, 2024
June 19, 2024
June 18, 2024

മൂന്നാമൂഴം എന്ന മോഡിയുടെ അവകാശവാദം പരാജിതന്റെ ജല്പനം: ബിനോയ് വിശ്വം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
April 11, 2024 10:44 pm

മൂന്നാമൂഴം എന്ന നരേന്ദ്ര മോഡിയുടെ അവകാശവാദം പരാജയം മണക്കുന്ന ഒരാളുടെ ജല്പനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോഡിക്കും ബിജെപിക്കും മൂന്നാമൂഴം ഒരു കാരണവശാലും നല്‍കില്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ആ വിധിയെഴുത്തില്‍ സവിശേഷമായ ഒരു പങ്ക് കേരളത്തില്‍ നിന്നുണ്ടാകും. മുഴുവന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളും വന്‍ വിജയം നേടുമെന്ന് കെയുഡബ്ല്യുജെ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ എംപിമാരായിരിക്കും ലോക്‌സഭയില്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ പോകുന്ന ഘടകം. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ പോകുന്നത് എല്‍ഡിഎഫ് എംപിമാരായിരിക്കും. ഇവിടെ നിന്ന് വിജയിച്ച് പോയാല്‍ ആര്‍ക്കുവേണ്ടി കൈപൊക്കുമെന്ന ചോദ്യത്തിലൂടെ ഇടതുപക്ഷത്തിന്റെ ഉത്തരം മുട്ടിച്ചുവെന്നാണ് ചിലര്‍ ധരിക്കുന്നത്. ആര്‍എസ്എസ്-ബിജെപി സംഘത്തെ ചെറുക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് പ്രതിനിധികള്‍ പോകുന്നത്. 

തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൂക്ക് പാര്‍ലമെന്റ് ഉണ്ടായാല്‍ അഡാനിമാര്‍ ചാക്ക് നിറയെ പണവുമായി എംപിമാരെ സമീപിക്കും. കോടിക്കണക്കിന് പണം നല്‍കുന്ന പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയുന്ന എത്ര പേരുണ്ട് ഇന്ന് കോണ്‍ഗ്രസില്‍? ഇഡിയും ഐടിയും റവന്യു ഇന്റലിജന്‍സും വാതിലില്‍ മുട്ടുമ്പോള്‍ മുട്ട് കൂട്ടിയിടിക്കാതെ ആ രാത്രിയെ മറികടക്കാന്‍ സാധിക്കുന്നവരും ആ പാര്‍ട്ടിയിലില്ല. ഗാന്ധിജിയുടെ പാര്‍ട്ടിയില്‍ നിന്ന് ഗോഡ്സെയുടെ പാര്‍ട്ടിയിലേക്ക് പോകാന്‍ ഒരു മടിയുമില്ലാതായി. രാവിലെ 10.30ന് കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുത്ത നേതാക്കളും എംഎല്‍എമാരും 11 മണിക്ക് ബിജെപിയാകുന്നു. കോണ്‍ഗ്രസിന്റെ ഗതികെട്ട അവസ്ഥയില്‍ സന്തോഷിക്കുന്നില്ലെങ്കിലും യാഥാര്‍ത്ഥ്യം അതാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ബാബ്റി മസ്ജിദ് മുസ്ലിങ്ങള്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതായിരുന്നുവെന്നും, ഇസ്രയേലും ഹമാസും തുല്യരാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റേതാണോ എന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നും, തോന്നിയാല്‍ താന്‍ ബിജെപിയില്‍ പോകുമെന്നും പറഞ്ഞയാളാണ് കണ്ണൂരിലെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ദൂരമില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. 

ഈ നയങ്ങളോട് വിയോജിപ്പുള്ള ഒരുപാടുപേര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ ഇത്തവണ വോട്ട് ചെയ്യാന്‍ പോകുന്നത് ഇടതുപക്ഷത്തിനായിരിക്കും. ആരാണ് തങ്ങളെ സംരക്ഷിക്കുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മതേതര മനസുള്ള ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കും.
രാജ്യത്തെ വലിയ പണക്കാരനാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നേരായി നേടിയ സമ്പത്താണെങ്കില്‍ ആ പണത്തിന്റെ കണക്ക് എല്ലാം പറയേണ്ടതല്ലേ? സത്യവാങ്മൂലത്തില്‍ നല്‍കിയ കണക്ക് സത്യമല്ലെന്ന ആരോപണത്തില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പറയുന്നത് കോണ്‍ഗ്രസ്-ബിജെപി ചങ്ങാത്തം മറച്ചുപിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ദൂരക്കാഴ്ചയില്ലായ്മയാണ് കാണിക്കുന്നത്. ആര്‍എസ്എസാണ് മുഖ്യ എതിരാളിയെങ്കില്‍ അവരുള്ളിടത്താണ് മത്സരിക്കേണ്ടത്. മൂക്കിനപ്പുറം കാണാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, സെക്രട്ടറി അനുപമ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Mod­i’s claim of third year is a loser’s jal­panam: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.