23 June 2024, Sunday

Related news

June 20, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024
June 8, 2024
June 7, 2024
June 7, 2024
June 7, 2024

മോഡിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍, വിദ്വേഷ പ്രചരണം

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2024 11:55 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അഞ്ച് ദിവസത്തെ പ്രസ്താവനകള്‍ മുഴുവന്‍ ശുദ്ധ നുണകള്‍. ഏപ്രില്‍ 24ന് രാജസ്ഥാനിലെ ബന്‍സ്വാര വിവാദ പ്രസംഗം മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രസ്താവനകളിലാണ് കടുത്തവിദ്വേഷവും പെരുംനുണകളും മോഡി കുത്തിനിറച്ചത്. ദി സ്ക്രോള്‍ നടത്തിയ വസ്തുതാന്വേഷണത്തില്‍ മോഡിയുടെ പ്രസ്താവനകള്‍ പെരുംനുണകളാണെന്ന് കണ്ടെത്തി. അതേസമയം ഇതിനെതിരെ നടപടിയെടുക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിസംഗത തുടരുന്നു. മുസ്ലിം വിരുദ്ധതയും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയാത്ത കാര്യങ്ങളുമാണ് മോഡി ദിനംപ്രതി ആവര്‍ത്തിക്കുന്നതെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈമാസം 21നാണ് മോഡി ആദ്യമായി മത‑ജാതി കാര്‍ഡ് തെരഞ്ഞെടുപ്പ് ആയുധമാക്കിയത്. മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍‍ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നും പ്രസംഗിച്ചു. കൂടാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്തും അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണവുമുള്‍പ്പെടെ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും തട്ടിവിട്ടു. എന്നാല്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടേയില്ലായിരുന്നു. 

രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2009ല്‍ മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നു മോഡി. പിറ്റേദിവസം അലിഗഢില്‍ നടത്തിയ പ്രസംഗത്തില്‍ സ്വകാര്യ സ്വത്ത് പിടിച്ചെടുക്കുമെന്ന മോഡി വാദവും പച്ചക്കള്ളമായിരുന്നു. സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും ഭൂപരിധി നിയമം അനുസരിച്ച് പാവപ്പെട്ട ജനങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനമാണ് മോഡി നാണമില്ലാതെ വളച്ചൊടിച്ചത്. 

ഏപ്രില്‍ 23 ന് രാജസ്ഥാനിലെ ടോങ്ക്-സവായ് മധേപൂരില്‍ രാഹുല്‍ ഗാന്ധിയുടെ എക്സ്റേ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയായിരുന്നു മോഡിയുടെ നുണ പ്രചരണം. നിങ്ങളുടെ വീട്ടില്‍ ബജ്റ ധാന്യം സൂക്ഷിക്കുന്ന പെട്ടിയുണ്ടെങ്കില്‍ അത് പോലും പരിശോധിക്കുമെന്നായിരുന്നു പ്രസ്താവന. രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്ന മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നു ഇവിടെയും മോഡി.
ഏപ്രില്‍ 24 ന് കര്‍ണാടകയിലെ സാഗറില്‍, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ മുസ്ലിം സംവരണത്തെയാണ് മോഡി കൂട്ടുപിടിച്ചത്. 1962ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിം സമുദായത്തിലെ ചില ജാതികളെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത് മോഡി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. 

അതേ ദിവസം ചത്തീസ്ഗഢിലെ സര്‍ഗുജയിലും മോഡി നുണ പറച്ചില്‍ ആവര്‍ത്തിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാന്‍ നീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍ 2005ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം ഹൈക്കോടതി റദ്ദാക്കിയ കാര്യം മോഡി വിട്ടുകളഞ്ഞു.
മധ്യപ്രദേശിലെ ബേതുല്‍, മൊറേന, യുപിയിലെ ആഗ്ര എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളിലും മോഡി പച്ചക്കള്ളങ്ങളും മുസ്ലിം വിരുദ്ധതയും ആവര്‍ത്തിക്കുകയായിരുന്നുവെന്ന് സ്ക്രോള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയും മോഡി വിദ്വേഷ പരാമർശങ്ങള്‍ തുടര്‍ന്നു. രാജ്യത്തെ സ്വത്ത് പ്രിയപ്പെട്ട വോട്ട് ബാങ്കിന് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോഡി കർണാടകയിലെ ബെലഗാവിയില്‍ നടത്തിയ പ്രസംഗത്തിൽ ആവര്‍ത്തിച്ചു. സുൽത്താന്മാരും ബാദുഷമാരും നടത്തിയ ക്രൂരതകളെക്കുറിച്ച് കോൺഗ്രസ്‌ മിണ്ടുന്നില്ല എന്നും ശിവജി ഉൾപ്പെടെയുള്ള രാജാക്കന്മാരെ കോൺഗ്രസ് ക്രൂരന്മാരെന്ന് വിളിച്ചുവെന്നും മോഡി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ 2019 മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് 27 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 12പരാതികളും വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിനെതിരെയാണ്. എന്നാല്‍ ഈ പരാതികളിലൊന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന മോഡിയുടെ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം പേരിനൊരു നോട്ടീസ് അയച്ചിരുന്നു. 

Eng­lish Sum­ma­ry: Mod­i’s elec­tion speech­es, hate propaganda

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.