6 May 2024, Monday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം, ഇന്നത്തെ 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
July 1, 2023 8:30 pm

1. പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്റ്റർമാരുടെ യോഗം ചേർന്നു. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. മഴക്കാലത്ത് പകർച്ചപ്പനി തടയുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആമുഖമായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 

2. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരേ യുജിസി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധി സംബന്ധിച്ചു യുജിസി നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു യുജിസി ആവശ്യപ്പെട്ടേക്കും.

3. സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി.

4. കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് ഹൈക്കോടതി സർക്കാരിന്‍റെയും പൊലീസിന്‍റെയും വിശദീകരണം തേടിയിട്ടുണ്ട്. 

5. കാസര്‍കോട് കരിന്തളം കോളജില്‍ ഗസ്ററ് അധ്യാപികയായി ചേരാന്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന കേസില്‍ ഹോസ്ദുര്‍ഗ് കോടതയില്‍ നിന്നും കെ വിദ്യക്ക് ജാമ്യം ലഭിച്ചു. അട്ടപ്പാടി ഗവ കോളജിലേക്കായി മഹാരാജാസ് കോളജിന്‍റെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലാണ് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന കെ വിദ്യയെ അറസ്റ്റ് ചെയ്തത്. 

6. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്ത ഉടൻ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യവും ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു. വ്യാജ തെളിവുകളുണ്ടാക്കി, സാക്ഷികളെകൊണ്ട് അത് പറയിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഉത്തരവ്. 

7. ആഗോള ഭീകര സംഘടനയായ ഐഎസ്ഐഎസിലെ ഒമ്പത് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തുടനീളം ഭീകരാക്രമണം നടത്താൻ ഐഎസ്ഐഎസ് നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് വെള്ളിയാഴ്ച കുറ്റപത്രം നല്‍ക്കിയത്. മുഹമ്മദ് ഷാരിഖ്, മാസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ , റീഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബെയ്ഗ്, മാസിൻ അബ്ദുൾ റഹ്മാൻ (22), നദീം അഹമ്മദ് കെ എ, സബിയുള്ള, നദീം ഫൈസൽ എൻ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

8. മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 26 പേർ മരിച്ചു. ബുൽദാന ജില്ലയിലെ സമൃദ്ധി മഹാമാഗ് എക്‌സ്പ്രസ്‌വേയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. യമത്മാൻ പൂനെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഡീസല്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടയര്‍പൊട്ടി നിയന്ത്രണംവിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 

9. കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതിനു പിന്നാലെ പാരിസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തില്‍ 1300 പേര്‍ അറസ്റ്റില്‍. നാല് ദിവസം പിന്നിട്ടിട്ടും തലസ്ഥാന നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഫ്രഞ്ച് പൊലീസിനായില്ല. കലാപത്തെ നേരിടാന്‍ പ്രത്യേക സേനയുള്‍പ്പെടെ 45,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചത്. 

10. കെനിയയില്‍ ട്രക്ക് അപകടത്തില്‍ 48 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്കും കാല്‍നടയാത്രക്കാരിലേക്കും ഇടിച്ച് കയറുകയായിരുന്നു. കെറിച്ചോയിലേക്ക് പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.