27 April 2024, Saturday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

തൃശൂര്‍ പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
September 5, 2023 7:28 pm

1. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. 73.05 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഒടുവിലെ വിവരം. പോളിങ് അവസാന മണിക്കൂറുകളിലേക്കു കടന്നപ്പോഴാണ് കൂടുതല്‍ പേര്‍ എത്തിയത്. സമയം കഴിഞ്ഞതിനാല്‍ പലര്‍ക്കും വോട്ടുചെയ്യാനായില്ല. പലയിടങ്ങളിലും ശക്തമായ മഴ പെയ്തതും പോളിങ്ങിനെ ബാധിച്ചു. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. അതിനിടെ പോളിങ് വൈകിയെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

2. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസിൽ അറസ്റ്റ് നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സതീഷ് കുമാർ, പി പി കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇഡി അന്വേഷണം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്. കരുവന്നൂരിലെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയർന്ന ബിനാമി ആരോപണങ്ങളിൽ പ്രധാനിയാണ് സതീഷ് കുമാർ.

3. തൃശൂര്‍ പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. വാണിയംപാറ പുള്ളിക്കാട് സ്വദേശികളായ അജിത്, വിപിൻ, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് എൻഡിആർഎഫും ഫയർഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു മൂവർസംഘം സഞ്ചരിച്ച തോണി അപകടത്തില്‍പ്പെട്ടത്.

4. സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഉയര്‍ന്ന താപനില കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

5. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ വരുത്തി ചർച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് സംഭവം.

6. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി നല്‍കിയ വ്യക്തിയടക്കം നാലു പേരും അറസ്റ്റിലായി. ഗെയില്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി സിങ് കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ ആരോപണം. ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

7. ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തൽ വിജയം. ഭൂമിയോട് അടുത്ത ദൂരം 282 കിലോമീറ്ററും അകലെയുള്ള ദൂരം 40,225 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ ഉയർത്തിയത്. ബംഗളൂരുവിലെ മിഷൻ ഓപറേഷൻസ് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തലിന് നേതൃത്വം നല്‍കിയത്. അടുത്ത ഘട്ടം ഭ്രമണപഥം ഉയർത്തൽ പത്തിന് പുലര്‍ച്ചെ 2.30ന് നടക്കും.

8. രണ്ടു ലക്ഷത്തോളം ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിര്‍മിച്ച രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഡാറ്റ ഉപയോഗിച്ചാണ് വന്‍ വ്യാജരേഖാ നിര്‍മാണം. രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി സംഭവമെന്ന് ഗുജറാത്ത് പൊലിസ് പ്രതികരിച്ചു. 15 മുതല്‍ 200 രൂപയ്ക്കു വരെയാണ് ഇവ വില്‍പ്പന നടത്തിയത്. രണ്ടു ലക്ഷത്തോളം വ്യാജരേഖകള്‍ നിര്‍മിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

9. മണിപ്പൂർ വർഗീയ കലാപത്തിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി (യുഎന്‍എച്ച്ആര്‍സി). ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പൂരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യ നടപടി സ്വീകരിക്കുന്നില്ലെന്ന് യുഎൻ പ്രതിനിധികളുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

10. ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരുക്കില്‍ വലയുന്ന കെ.എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തി. ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കാറാണ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.