6 May 2024, Monday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

അനില്‍ ആന്റണി ബിജെപിയില്‍, തീരുമാനം വേദനിപ്പിച്ചെന്ന് എകെ ആന്റണി; പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍

Janayugom Webdesk
April 6, 2023 11:22 pm

1.എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ സെല്ലിന്റെ ചുമതലക്കാരനായിരുന്നു അനില്‍. അനിലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. അനിലിന്റെ തീരുമാനം തെറ്റാണെന്നും വേദനിപ്പിച്ചെന്നും എ കെ ആന്റണി പ്രതികരിച്ചു. 

2. എലത്തൂരില്‍ ട്രെയിൻ തീവെച്ച സംഭവത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽക്കാന്ത്. അതേസമയം പ്രതി ഷാറൂഖിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ഷാറൂഖിനെ കോഴിക്കോട് മെഡിക്കൽകോളേജിൽ അഡ്മിറ്റ് ചെയ്തു. 

3. നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജപ്തി നടപടികളിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രസർക്കാരിന്റെ സഹായം. കള്ളക്കടത്തുകാരുടെയും വിദേശ നാണ്യതട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമം (സഫേമ) അനുസരിച്ച് തന്റെ സ്വത്ത് കണ്ടുകെട്ടാൻ അധികാരമില്ലെന്ന് വാദിച്ച് സ്വപ്ന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവേ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

4. സംസ്ഥാനത്ത് പത്തുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 

5. കൊച്ചിയില്‍ 15 വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ ദീപയാണ് കാക്കനാട് ടിവി സെന്ററിനു സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പരിചയക്കാരന്‍ ഒഡിഷ സ്വദേശി ചക്രധര്‍ മാലിക്കിനെ (40) തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്രധര്‍ ചിറ്റേത്തുകര വ്യവസായ മേഖലയിലെ ജീവനക്കാരനാണ്.

6. പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്ഐ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ എസ്ഐ കെ പി ഷാജിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.രാത്രിയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെ എസ് ഐ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ ഏതാനും പേര്‍ നൃത്തം മൊബൈലില്‍ വീഡിയോ പിടിച്ചതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

7. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ അറിയിച്ചു. അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

8. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 4.47 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 

9. രാജ്യത്ത് റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ. പണനയ സമിതി ഐക്യകണ്ഠ്യേന നിരക്ക് വര്‍ധന തല്‍ക്കാലം വേണ്ടെന്ന തീരുമാനമെടുത്തതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും. റിപ്പോ നിരക്കില്‍ 25 ബിപിഎസിന്റെ വര്‍ധന പ്രഖ്യാപിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ തെറ്റിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ആര്‍ബിഐയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. 

10. കാനഡയിലെ ഒന്റാറിയോയിലെ ഒരു ഹിന്ദു ക്ഷേത്രം കൂടി നശിപ്പിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ ചുവരുകള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചാണ് നശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് ക്ഷേത്രത്തിന്റെ ചുവരുകളില്‍ പെയിന്റ് സ്പ്രേ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ‘ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്’, ‘മോഡിയെ തീവ്രവാദിയായി പ്രഖ്യാപിക്കൂ’ എന്നിങ്ങനെ സ്പ്രേ കൊണ്ട് എഴുതിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.