6 May 2024, Monday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍, മഴ കടുക്കും: 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
May 1, 2023 10:28 pm

1. തൃശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത വർഷം ഏപ്രിൽ 19 നാണ് പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്. 

2. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

3. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ച് പേർക്ക് 1000 രൂപ വീതം പിഴ ഈടാക്കി. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോർകുമാർ (34) എന്നിവരെ പോസ്റ്റർ പതിച്ച കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു. 

4. മെയ്ദിനത്തിൽ വിവാദ ഫാക്ടറി നിയമഭേദഗതി പിൻവലിച്ച് സ്റ്റാലിൻ സർക്കാർ. വിവിധ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യപ്രകാരമാണ് സർക്കാരിന്റെ നടപടി. വിവിധ മേഖലകളിൽ തൊഴിൽസമയങ്ങളിലെ നിയന്ത്രണങ്ങൾ ഇല്ലാതാക്കാനായുള്ള ഭേദഗതികളാണ് പിന്‍വലിച്ച ബില്ലില്‍ ഉണ്ടായിരുന്നത്. തൊഴിലാളികൾക്ക് സ്വയം ഏത് രീതി വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. 

5. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. രണ്ട് മൃതദേഹങ്ങളാണ് തിങ്കളാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.10 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് മുകളിൽ അടുത്തിടെ സ്ഥാപിച്ച മൊബൈൽ ടവറിന്റെ ഭാരം എടുക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

6. കർണാടക പൊലീസിനെതിരായ ഹർജിയിൽ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹ‍ർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

7. ബാർകോഴ കേസ് സുപ്രീംകോടതി ഉത്തരവിട്ടാൽ അന്വേഷിക്കാമെന്ന് സിബിഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സിബിഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പി എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

8. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെതാണ് വിധി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. വീണ്ടെടുക്കാനാവത്ത വിധം തകർന്ന വിവാഹബന്ധങ്ങൾ ഈ വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വേർപ്പെടുത്താമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

9. പഞ്ചാബ് ലുധിയാനയിലെ വാതകച്ചോര്‍ച്ചയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് പുറമെ എസ്‌ഐടി ( സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) അന്വേഷണവും പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ചംഗ സംഘമാകും അന്വേഷിക്കുക. ഗിയാസ്പുരയില്‍ ഇന്നലെയുണ്ടായ വാതകച്ചോര്‍ച്ചയില്‍ മൂന്ന് കുട്ടികളടക്കം 11 പേരാണ് മരിച്ചത്. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിയിത്സയിലുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും എന്‍ഡിആര്‍എഫും പ്രദേശത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചു. 

10. പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബസ് മലഞ്ചെരിവില്‍ നിന്ന് വീണ് 18 പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ടെപിക്കിനെയും വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. വാഹനം ഏകദേശം 15 മീറ്റര്‍ (49.21 അടി) താഴ്വരയില്‍ വീണാണ് അപകടമുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.