30 April 2024, Tuesday

തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; ഇതുവരെ പിടിച്ചെടുത്തത് 4,650 കോടി

* പ്രതിദിനം ശരാശരി 100 കോടി 
* ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്ക് 
Janayugom Webdesk
ന്യൂഡൽഹി
April 15, 2024 9:34 pm

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത തരത്തില്‍ പണമൊഴുകുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ രാജ്യത്ത് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണത്തിന്റെയും മറ്റ് വസ്തുക്കളുടെയും മൂല്യം 4650 കോടി കടന്നു. പൊതു തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഇപ്പാള്‍ പിടിച്ചെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനിയും ഒരുമാസത്തിലധികം അവശേഷിക്കെ, പിടിച്ചെടുക്കുന്ന വസ്തുക്കളുടെ മൂല്യവും കുത്തനെ ഉയരാനാണ് സാധ്യത. 2019ല്‍ തെരഞ്ഞടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത് പണം ഉള്‍പ്പടെ ആകെ 3,475 കോടിയുടെ വസ്തുക്കളായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ 2,069 കോടി രൂപയുടെ മയക്കുമരുന്ന് ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ നടത്തിയ പരിശോധനയില്‍ പ്രതിദിനം 100 കോടി മൂല്യമുള്ള പണവും വസ്തുക്കളും പിടികൂടി. വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, പണം തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് ഇവയുടെ ഒഴുക്ക് വ്യക്തമാക്കുന്നത്. 

മാര്‍ച്ച് 16 നാണ് ഏഴ് ഘട്ടങ്ങളിലായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആദ്യഘട്ടം ഈ മാസം 19നും അവസാനഘട്ട തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനുമാണ്. മാര്‍ച്ച് ഒന്നുമുതല്‍ പിടിച്ചെടുത്തതില്‍ 395 കോടിയിലധികം പണമാണ്. 489 കോടി രൂപയിലധികം വരുന്ന മദ്യവും പിടിച്ചു.
സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, അതിര്‍ത്തി ചെക്കുപോസ്റ്റുകളിലായി 24 മണിക്കൂറും ഫ്ലയിങ് സ്‌ക്വാഡുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി കമ്മിഷന്‍ അറിയിച്ചു. നിയമവിരുദ്ധമായി പ്രചാരണത്തിൽ രാഷ്ട്രീയക്കാരെ സഹായിച്ച 106 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. 2023ല്‍ ഗുജറാത്ത്, പഞ്ചാബ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന സമയത്തും കണക്കില്‍പ്പെടാത്ത പണം പിടികൂടിയിരുന്നു. 

Eng­lish Sum­ma­ry: Mon­ey flows into elec­tions; 4,650 crores seized so far
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.