January 30, 2023 Monday

Related news

January 27, 2023
January 18, 2023
January 13, 2023
January 13, 2023
January 12, 2023
January 9, 2023
January 7, 2023
December 15, 2022
December 15, 2022
December 14, 2022

കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത സംഭവം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് മാർച്ച്

Janayugom Webdesk
കോഴിക്കോട്
December 2, 2022 9:22 pm

കോർപ്പറേഷന്റെ പണം തിരിമറി നടത്തിയ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലേക്ക് എൽഡിഎഫ് സിറ്റി കമ്മിറ്റി നേതൃത്വത്തി മാർച്ച് നടത്തി. കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും മാര്‍ച്ചില്‍ പങ്കെടുത്തു. കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത തുക 24 മണിയ്ക്കൂറിനകം തിരിച്ചു നൽകിയില്ലെങ്കിൽ പിഎൻബിയുടെ മുഴുവൻ ശാഖകളുടെയും പ്രവർത്തനം സ്തംഭിപ്പിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് പൊലീസും ബാങ്ക് അധികൃതരും സമഗ്രാന്വേഷണം നടത്തണം. ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടും പരിശോധിക്കണം. തട്ടിപ്പ് നടന്നിട്ടില്ലെന്നും ആർക്കും നഷ്ടങ്ങളുണ്ടായില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. 

അതിനായി ഏതറ്റം വരെ പോകുന്നതിലും എൽഡിഎഫ് വിട്ട് വീഴ്ച ചെയ്യില്ല. ബാങ്ക് മുൻ മാനേജറാണ് തട്ടിപ്പ് നടത്തിയതെന്നും കോർപ്പറേഷന് പിഴവില്ലെന്നും വ്യക്തമായതാണ്. എന്നിട്ടും യുഡിഎഫും ചില മാധ്യമങ്ങളും ഭരണസമിതിയ്ക്കും എൽഡിഎഫിനും എതിരായി പ്രചാരണങ്ങൾ നടത്താനുള്ള അവസരമാക്കുകയാണ്. പണം നഷ്ടപ്പെട്ടാൽ അത് തിരിച്ചു പിടിക്കുന്നതിന് കൂടെ നിൽക്കുകയാണ് വേണ്ടത്. പക്ഷെ യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും കുത്തിതിരിപ്പും കള്ളപ്രചാരണങ്ങളും ഇവിടെ വിലപ്പോവില്ല. ജനങ്ങൾ അതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് സ്വാഗതം പറഞ്ഞു. നികുതി അപ്പീൽ സമിതി ചെയർമാൻ പി കെ നാസർ അധ്യക്ഷനായി. കൗൺസിലർ എൻ സി മോയിൻകുട്ടി, പി ടി ആസാദ്, കരുണാകരൻ, ഫിറോസ് എന്നിവർ സംസാരിച്ചു. 

കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2,53,59,556 രൂപ അനധികൃതമായി പിൻവലിച്ചതായി സെക്രട്ടറി കെ യു ബിനി കഴിഞ്ഞ ദിവസം ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. 98 ലക്ഷം രൂപയേ കവർന്നിട്ടുള്ളുവെന്നായിരുന്നു ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. എന്നാൽ രണ്ട് കോടി 53 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കോർപ്പറേഷൻ വ്യക്തമാക്കി. തുടർന്നാണ് രണ്ടരക്കടി രൂപ മുൻ മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഒക്ടോബർ 12,14,20, 25,നവംബർ 1,11,25 തിയ്യതികളിലായാണ് പണം പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് കോർപ്പറേഷന് നഷ്ടമായ മുഴുവൻ തുകയും തിരിച്ചു നൽകിയത്. എം പി റിജിൽ മാനേജരായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്. 

വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ടൗൺ പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാങ്കിലെത്തി അക്കൗണ്ട് ട്രാൻസാക്ഷന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. റിജിനെ ബാങ്ക് അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. കോർപ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിലുള്ളത്. ഇതിൽ പൂരക പോഷകാഹാര പദ്ധതിയിൽ നിന്ന് പണം പിൻവലിക്കാൻ കഴിഞ്ഞ മാസം കോർപ്പറേഷൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടെന്ന് മനസിലായത്. കോർപ്പറേഷന്റെ അക്കൗണ്ടുകളിൽ നിന്ന് മുൻ മാനേജർ അനധികൃതമായി പിൻവലിച്ച 2.5 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ മുൻ മാനേജർ എം പി റിജിൽ തട്ടിയെടുത്ത തുകയാണ് ബാങ്ക് നൽകിയത്. ഈ തുക കോർപ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ മാറ്റി നൽകുകയായിരുന്നു. ഇത്രയും തുക ബാങ്കിന്റെ മുൻ ശാഖാ മാനേജർ റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 

Eng­lish Summary:money was stolen from the cor­po­ra­tion’s account; LDF march
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.