23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 7, 2023
March 28, 2023
December 23, 2022
October 14, 2022
June 6, 2022
May 22, 2022
March 26, 2022
March 20, 2022

പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍

റെജി കുര്യൻ
ന്യൂഡൽഹി
June 6, 2022 10:58 pm

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ മുഖം രക്ഷിക്കാനും രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാനും തിരക്കിട്ട നീക്കവുമായി ഇന്ത്യ രം​ഗത്തിറങ്ങിയെങ്കിലും ഇസ്‍ലാമിക രാജ്യങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി.
നൂപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ പരാമർശങ്ങൾ സർക്കാർ നിലപാടല്ലെന്ന വിശദീകരണമാണ് ഇന്ത്യന്‍ സ്ഥാനപതിമാർ അറബ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഈ നിലപാടില്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ തൃപ്തരല്ലെന്ന് വര്‍ധിച്ചുവരുന്ന പ്രതിഷേധം വ്യക്തമാക്കുന്നു. 

ഖത്തർ, കുവൈറ്റ്, ഇറാൻ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ മുന്‍കൂട്ടി നിശ്ചയിച്ച അത്താഴവിരുന്ന് റദ്ദാക്കി. ഇന്നലെ പാകിസ്ഥാനും ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു. 57 ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറ്റപ്പെടുത്തി. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധമറിയിച്ച് രംഗത്തെത്തി. ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം പ്രതികരണം അനാവശ്യവും സങ്കുചിതവുമാണെന്ന് കുറ്റപ്പെടുത്തി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 

സ്ഥിരമായി ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്ന പാകിസ്ഥാൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെകുറിച്ച് ആക്ഷേപം ഉയർത്തുന്നത് അപഹാസ്യമാണെന്നും ബാഗ്ചി വ്യക്തമാക്കി.
രാജ്യത്ത് ഉയരുന്ന മുസ്‍ലിം വിരുദ്ധ വികാരത്തോട് പുതിയ സാഹചര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ തീരുമാനം എന്നത് സാമ്പത്തിക സഹകരണ രംഗത്ത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യയിൽ ഇസ്‌ലാമിനെതിരെ വെറുപ്പും വിദ്വേഷവും അപകീർത്തിപരമായ പ്രസ്താവനകളും വർധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ ഭരണകൂടം സ്വീകരിക്കണമെന്നാണ് ഒഐസി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Eng­lish Sum­ma­ry: More coun­tries in protest

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.