7 May 2024, Tuesday

മദര്‍തെരേസ കരുണയുടെ മുഖം

സി എ ഫ്രാന്‍സീസ്
August 28, 2022 5:30 am

ഗതികളുടെ അമ്മ എന്ന് പ്രകീര്‍ത്തിതയായ മദർതെരേസയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികം 2022 സെപ്റ്റംബർ അഞ്ചിന് ലോകമെങ്ങും ആചരിക്കുകയാണ്. കേരളത്തിലടക്കം അഞ്ചാം തീയതി വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി. മദർതെരേസ പാവപ്പെട്ടവരുടെയും അനാഥരുടെയും ആലംബഹീനരുടെയും കരുണയുടെ വേറിട്ട മുഖമായിരുന്നു. 1910 ഓഗസ്റ്റ് 26ന് യുഗോസ്ലാവിയായിലെ സ്കോപ്ജെ എന്ന സ്ഥലത്ത് ജനിച്ച ആഗ്നസ്, സന്യാസിനി ആകണമെന്ന ആഗ്രഹത്തിൽ 1928ൽ അയർലന്‍ഡിലെ ലൊറേറ്റോ മഠത്തിൽ ചേർന്നുവെങ്കിലും പാവപ്പെട്ടവരെയും സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരെയും സേവിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് അവരെ കൽക്കത്തയിൽ എത്തിച്ചത്. 1931ൽ വ്രതവാഗ്ദാനം നടത്തി തെരേസ എന്ന പേര് സ്വീകരിച്ച് അധ്യാപകവൃത്തി തിരഞ്ഞെടുത്തു. എന്നാൽ കൽക്കത്തയിലെ തെരുവീഥികളിലെ പട്ടിണി പാവങ്ങളുടെയും ആരോരുമില്ലാതെ കഷ്ടത അനുഭവിക്കുന്ന രോഗികളുടെയും ദീനരോദനം കേട്ട് മഠത്തിൽ കഴിയാൻ അവർക്ക് ആയില്ല. മദർ തെരുവിലേക്കിറങ്ങി അവരുടെ കണ്ണീരൊപ്പാൻ സ്വയം തീരുമാനിക്കുകയായിരുന്നു. മദറിന്റെ വിപ്ലവകരമായ ഈ തീരുമാനത്തിന്റെ ഫലമാണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സമൂഹത്തിന്റെ ഉത്ഭവം.


ഇതുകൂടി വായിക്കൂ: പരിവർത്തനത്തിന്റെ സന്ദേശകൻ!


കൊടും ദാരിദ്യ്രം അനുഭവിക്കുന്നവർ അനാഥരായ രോഗികൾ പ്രത്യേകിച്ചു സമൂഹം ഭ്രഷ്ട് കല്പിച്ച കുഷ്ഠരോഗികൾ, ദളിതർ, സമൂഹത്തിൽ പാർശ്വവല്ക്കരിക്കപ്പെട്ടവർ ഇവർക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മദറിന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. മതമോ രാഷ്ട്രീയമോ കീഴ്‌വഴക്കങ്ങളോ അവരുടെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായിരുന്നില്ല. ഭൂമി തറയും ആകാശം മേൽക്കൂരയുമായി പാതയോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന ദരിദ്രരെയും രോഗികളെയും തെരുവുകളിൽ വലിച്ചെറിയപ്പെട്ട ചോരക്കുഞ്ഞുങ്ങളെയും വാരിപുണർന്ന് കൂട്ടികൊണ്ടുവന്ന് അവരെ തന്റെ കുടുംബത്തിലെ അംഗങ്ങളാക്കുന്ന ആ മാനവികത അധികാരികളുടെ ഉറക്കം കെടുത്തി. അഴിമതിക്കാരുടെയും ബൂർഷകളുടെയും വർഗീയവാദികളുടെയും കണ്ണിലെ കരടായിരുന്നു മദർ. ഇന്ത്യൻ പൗരത്വം എടുത്ത ഒരു വിദേശ വനിതയുടെ കരുണയുടെ മുഖം ചിലർക്കൊക്കെ അരോചകമായിരുന്നുവെങ്കിലും വിപ്ലവകരമായ ആ കാരുണ്യസ്പർശത്തിന്റെ വേലിയേറ്റത്തെ തടഞ്ഞു നിർത്താൻ ആർക്കും കഴിഞ്ഞില്ല. ക്രമേണ മദർതെരേസയെ ലോകം അംഗീകരിക്കുകയായിരുന്നു. മദറിന്റെ പ്രവർത്തനങ്ങൾ ലോകം തന്നെ ഏറ്റെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മദറിന്റെ കാരുണ്യസ്പർശത്തിന്റെ ഭവനങ്ങൾ ആരംഭിക്കാൻ തുടങ്ങി. ഇത്രയധികം ഇന്ത്യയുടെ മഹത്വത്തിനായി പ്രവർത്തിച്ച മറ്റൊരു വിദേശ വനിത അത്യപൂര്‍വമാണ്. അതുതന്നെയാണ് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ “ഭാരതരത്നം” മദറിനെ തേടിയെത്തിയത്.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം, മാഗ്സാസെ അവാർഡ്, ടെമ്പിൾട്ടൻ അവാർഡ് തുടങ്ങി അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും മദറിനെ തേടിയെത്തി. “പാവങ്ങളുടെയും അവശത അനുഭവിക്കുന്നവരുടെയും പ്രാർത്ഥനയുടെ രോദനമായിരുന്നു മദർതെരേസ” എന്നാണ് മദർതെരേസയെക്കുറിച്ചുള്ള ഫ്രാൻസീസ് മാർപ്പാപ്പയുടെ വാക്കുകൾ. ഐക്യരാഷ്ട്രസഭയുടെ നാല്പതാം വാർഷിക സമ്മേളന ജാവിയർപെരേസ് ഡി കുള്ളർ അമ്മയെ ലോകത്തിന് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ‘ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെ ഞാൻ നിങ്ങൾക്ക് അവതരിപ്പിക്കുന്നു’. നന്മയിലും സ്നേഹത്തിലും വിശ്വസിക്കാൻ മദർതെരേസ എല്ലാവർക്കും പ്രചോദനമായി.


ഇതുകൂടി വായിക്കൂ:  സൗന്ദര്യം നഷ്ടപ്പെടുന്ന മനസുകൾ


മദർതെരേസ മരിക്കുന്നതിന് മൂന്ന് വർഷം മുമ്പ് 1994 ജൂലൈ ആദ്യവാരത്തിൽ കൽക്കത്തയിൽ വച്ച് അവരുമായി ലേഖകൻ യാദൃച്ഛികമായി നടത്തിയ കൂടിക്കാഴ്ചയും അനുഭവങ്ങളും വിവരണാതീതമാണ്. ഡോൺബോസ്ക്കൊ സലേഷ്യൻ സഭ അഖിലേന്ത്യതലത്തിൽ നടത്തിയ യുവജന ക്യാമ്പിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം പേരിൽ ഒരാളായാണ് ലേഖകൻ കൽക്കത്തയിൽ എത്തുന്നത്. ക്യാമ്പിലെ ഒരു ക്ലാസ് മദർതെരേസയുടെതായിരുന്നു. എന്നാൽ അനാരോഗ്യം മൂലം ക്ലാസെടുക്കാൻ മദറിനെ ഡോക്ടർമാർ വിലക്കിയെങ്കിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളെ കാണാതിരിക്കാൻ മദറിന്റെ മനസ് സമ്മതിച്ചില്ല. വാർധക്യവും അനാരോഗ്യവും വകവയ്ക്കാതെ എൺപത്തിനാലു വയസുള്ള മദർ കൃത്യസമയത്തു തന്നെ ക്യാമ്പിൽ എത്തി. പ്രാർത്ഥനയെക്കുറിച്ചാണ് ഒരു മണിക്കൂർ നേരം ഒരേ നില്പിൽ നിന്നുകൊണ്ട് മദർ സംസാരിച്ചത്. ക്ലാസിനു ശേഷം മദർ പറഞ്ഞു “ഞാൻ കുറച്ച് പ്രാർത്ഥന കാർഡുകൾ കൊണ്ടുവന്നിട്ടുണ്ട് നിങ്ങൾക്കായി. എല്ലാവർക്കും തികയുമെന്ന് തോന്നുന്നില്ല. എങ്കിലും കാർഡ് തീരുന്നതു വരെ ഞാൻ തന്നെ വിതരണം ചെയ്യും. ഓരോരുത്തരും ക്രമമനുസരിച്ച് എന്റെ അടുത്തേക്ക് വരിക’ ഞാനെന്റെ ഊഴവും കാത്തിരിപ്പാണ്. എന്റെ സമയമെത്തിയപ്പോൾ ഏറേ സന്തോഷത്തോടെ മദറിന്റെ അടുത്തെത്തി കാർഡു വാങ്ങാനായി മദറിനു നേരെ കൈനീട്ടി. നിർഭാഗ്യമെന്ന് പറയട്ടെ കൊണ്ടുവന്ന കാർഡുകൾ തീർന്നുപോയി. വലിയ നിരാശയോടെ മദറിന്റെ മുഖത്ത് നോക്കി നില്ക്കുമ്പോൾ എന്റെ വിഷമം കണ്ട് മദർ എന്റെ തോളിൽ തട്ടി പറഞ്ഞു. “ആകുലനാകേണ്ട മകനെ, കാർഡ് തീർന്നുപോയി പകരം ഇത് കെട്ടികൊണ്ടു വന്ന ഈ റബ്ബർ ബാൻഡ് സ്വീകരിച്ചോളൂ, എന്റെ ഓർമ്മയ്ക്കായി.” ഏറെ സന്തോഷത്തോടെ അത് മദറിൽ നിന്നും സ്വീകരിക്കുമ്പോൾ ഹാളിൽ കരഘോഷം ഉയർന്നു. ഇതുകണ്ട് മദറും കുലുങ്ങി ചിരിച്ചു. ക്ലാസുകഴിഞ്ഞ് വിവിധ ഗ്രൂപ്പുകളുടെ കൂടെ മദർ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം മദറിനെ കാറിൽ കയറ്റി മടക്കി അയയ്ക്കുമ്പോൾ മദറിന്റെ വാക്കുകൾ മനസിൽ പ്രതിഫലിച്ചുകൊണ്ടേയിരുന്നു. “ആകുലനാകേണ്ട മകനെ.…” ഇളംമഞ്ഞ നിറത്തിലുള്ള ആ റബ്ബർ ബാൻഡ്, അതേ, കൽക്കത്തയിലെ വിശുദ്ധ തെരേസ സമ്മാനിച്ച തിരുശേഷിപ്പ്, ഇന്നും വീട്ടിൽ ഭദ്രമായി കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.