അപകീർത്തിക്കുറ്റത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതും അതിന്റെ പേരില്‍ പാർലമെന്റിൽ നിന്ന് തിടുക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതും ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ച സംഭവമാണ്. ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിപിഐ, സിപിഐ(എം) തുടങ്ങിയ ഇടതുപാര്‍ട്ടികളാണ് ഫാസിസത്തെ ആദ്യം അപലപിച്ചത്. കേരളം, തമിഴ്‌നാട്, ഝാർഖണ്ഡ്, ഡൽഹി, തെലങ്കാന, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരും ഫാസിസ്റ്റ് നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡിയുടെ മനോജ് ഝാ എന്നിവരും ഇതിനെതിരെ രംഗത്തുവന്നു. ഇതില്‍ എഎപി നേതാവ് അരവിന്ദ് കെജ്‍രിവാള്‍, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി എന്നിവര്‍ തൊട്ടുമുമ്പുള്ള ദിവസം വരെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചിരുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസുമായി യാതൊരു സഖ്യവുമില്ലെന്നും അവര്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണെടുക്കുന്നതെന്നും തലേന്ന് വരെ വിമര്‍ശിച്ച മമത, രാഹുലിനെതിരെയുണ്ടായ നടപടിയെ ‘ഇന്ത്യൻ ജനാധിപത്യം അധഃപതിക്കുന്നു’ എന്നാണ് വിലയിരുത്തിയത്. പ്രതിപക്ഷ പാർട്ടികള്‍ രാഹുലിനൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ജനാധിപത്യം സംരക്ഷിക്കാൻ ഒപ്പം നിന്നതിന് നന്ദി പറയുന്നുവെന്നും അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതുകൊണ്ടായില്ല ഇവിടെ വലിയൊരു പാഠം കോണ്‍ഗ്രസ് പഠിക്കാനുണ്ട്.
ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച പാര്‍ട്ടി മതേതരത്വത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും അകലുകയും അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ പ്രീണനം അവലംബിക്കുകയും ചെയ്തപ്പോഴാണ് ജനം അവരെ തള്ളിക്കളഞ്ഞത്. കോണ്‍ഗ്രസ് വളര്‍ത്തിയ മൃദുഹിന്ദുത്വം തീവ്രമാക്കിയ ബിജെപിക്ക് അധികാരത്തിലെത്താനും കഴിഞ്ഞു. കോണ്‍ഗ്രസ് തുടക്കമിട്ട ജനവിരുദ്ധമായ ഉദാരവല്‍ക്കരണനയം ശക്തമാക്കുകയും ചങ്ങാത്തമുതലാളിത്തം ദൃഢപ്പെടുത്തുകയും വഴി കഴിഞ്ഞ ഒമ്പതുകൊല്ലം കൊണ്ട് ശതകോടികള്‍ സമ്പാദിച്ച ബിജെപി ആ പണം ഉപയോഗിച്ച് അധികാരം വിലയ്ക്ക് വാങ്ങുകയാണിപ്പോള്‍. ഹിന്ദുരാഷ്ട്രമെന്ന അവരുടെ വര്‍ഗീയ അജണ്ടയിലേക്കെത്താന്‍ എതിര്‍ശബ്ദങ്ങളെ മുഴുവന്‍ ഏതുവിധത്തിലും ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നു. കേരളമുള്‍പ്പെടെ ബിജെപി വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ഫെഡറലിസത്തെ ചവിട്ടിമെതിക്കുന്ന നിലപാടുകളും ന യങ്ങളും മോഡി ഭരണകൂടം കെെക്കൊള്ളുമ്പോള്‍ മൗനംപാലിക്കുകയോ കേന്ദ്രത്തിന് അനുകൂലമായ നിലപാടെടുക്കുകയോ ആണ് നിലവില്‍ കോണ്‍ഗ്രസ് ചെയ്തുവന്നത്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആം ആദ്മി പാർട്ടിയുടെ മന്ത്രി സത്യേന്ദർ ജെയിൻ 15 മാസമായി വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണ്. ഇതിനെതിരെ എട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ രാഷ്ട്രപതിയെ പ്രതിഷേധം അറിയിച്ചു, എന്നാൽ അതില്‍ കോൺഗ്രസ് ഇല്ലായിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ മനീഷ് സിസോദിയയും കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ അനിൽ ദേശ്‍മുഖ്, നവാബ് മാലിക്, സഞ്ജയ് റാവത്ത് എന്നീ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലായി. ഈ സംഭവങ്ങളിലൊന്നും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉണ്ടായിരുന്നില്ല.
2024ലെ പൊതുതെരഞ്ഞെടുപ്പ് കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മാത്രമുള്ളതല്ല. രാജ്യത്തിന്റെ തകര്‍ന്ന ജനാധിപത്യത്തെ തിരിച്ചെടുക്കാനും വര്‍ഗീയഫാസിസത്തില്‍ നിന്ന് മതേതരത്വത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള ഒരുപക്ഷേ അവസാനത്തെ അവസരമായിരിക്കും. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, തകരുന്ന വിദ്യാഭ്യാസം, പെരുകുന്ന പട്ടിണി എന്നിവ ജനങ്ങളിലുണ്ടാക്കിയ വിദ്വേഷം മറികടന്ന് അധികാരം നിലനിര്‍ത്താന്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഏതു നീചമാര്‍ഗവും സ്വീകരിക്കും. അതിനെതിരെ ചിതറിക്കിടക്കുന്ന ഭൂരിപക്ഷംവരുന്ന പ്രതിപക്ഷ വോട്ടുകള്‍ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ മുന്‍കയ്യെടുക്കാനുള്ള ഉത്തരവാദിത്തവും ഒപ്പം വിട്ടുവീഴ്ച ചെയ്യാനുള്ള കടമയും ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ട്. ‘കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ബിഗ് ബോസ് ആയി പെരുമാറരുത് എന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദ്യോപാധ്യായയുടെ വാക്കുകള്‍ പ്രസക്തമാണ്. കഴിഞ്ഞ മാസം നടന്ന റായ്‍പൂര്‍ പ്ലീനറി സമ്മേളനത്തിലുണ്ടായ സമാന പാര്‍ട്ടികളുമായി സഹകരിക്കണമെന്ന തീരുമാനം ക്രിയാത്മകമായി നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. രാഹുല്‍ സംഭവം ഐക്യത്തിനുള്ള ഹേതുവായി മാറണം. ഇപ്പോള്‍ പഠിച്ചില്ലെങ്കില്‍ ഇനി പഠിക്കാന്‍ പാഠങ്ങള്‍ പോലും ബാക്കിയുണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.