10 January 2025, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
March 21, 2024
December 15, 2023
December 13, 2023
December 10, 2023
December 6, 2023
December 3, 2023
October 9, 2023

കേരളത്തിലെ പദ്ധതികള്‍ക്കെതിരെ കേന്ദ്രം കൈക്കൊള്ളുന്നത് നിഷേധാത്മക നിലപാടെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 26, 2022 6:45 pm

കേന്ദ്ര ബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിച്ചു. എംപിമാരുടെ കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല.

എറണാകുളത്തിനും ഷോര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും റെയില്‍വെയുടെ ഭാഗത്തുനിന്ന് അവഗണനയാണുള്ളത്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ തീവണ്ടി അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ് റെയില്‍വക്കുള്ളത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍.എച്ച്.ബി കോച്ചുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം, കൊല്ലം, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡ്ഡിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ കാര്യങ്ങളിലും നിഷേധാത്മക നിലപാടാണ് റെയില്‍വെ കൈക്കാള്ളുന്നത്.

എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയോട് ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഈ ബജറ്റിലും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലൈക്ക് ശേഷവും തുടർന്നുള്ള 5 വർഷങ്ങളിലും ലഭിക്കണം. ധന കമ്മീഷൻ ശുപാർശ ചെയ്ത 2022 — 23 ലേക്കുള്ള 3.5 ശതമാനം ധന കമ്മിക്ക് പകരം നിബന്ധനകൾ ഇല്ലാതെ 4.5 ശതമാനം അനുവദിക്കണം.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസുകൾ അടിയന്തരമായി അനുവദിക്കണം. പ്രതിവർഷം ഒമ്പത് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിധമാണ് ഇവിടത്തെ പാസഞ്ചർ ടെർമിനൽ കെട്ടിടം.

എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഖത്തർ എയർവെയ്സ്, ഒമാൻ എയർ, സൗദി അറേബ്യൻ / സൗദിയ, ഗൾഫ് എയർ, എയർ ഏഷ്യ, സിൽക്ക് എയർ, ശ്രീലങ്കൻ എയർ എന്നീ വിമാനകമ്പനികൾ സർവീസ് നടത്താൻ ഇതിനകംതന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കയറ്റുമതിയും വിദേശ വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംയോജിത എയർ കാർഗോ കോംപ്ലക്സും പണികഴിപ്പിച്ചിട്ടുണ്ട്. എന്നാൽ പോയിൻറ് ഓഫ് കോൾ, ഓപ്പൺ സ്കൈ പോളിസി എന്നിവയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. വിദേശ വിമാന കമ്പനികളെ പ്രവേശിക്കാൻ അനുവദിക്കാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും.

കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 152.5 ഏക്കർ ഭൂമി എയർപോർട്ട് സ്വകാര്യവൽക്കരിക്കില്ല എന്ന നിബന്ധനയോടെ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുറമുഖ ബിൽ, സഹകരണനിയമം, ഡാം സുരക്ഷാ ബിൽ, കന്റോൺമെൻറ് ബിൽ, ഫാക്ടറീസ് റീ- ഓർഗനൈസേഷൻ മുതലായ സമാവർത്തി ലിസ്റ്റിലുള്ള പല വിഷയങ്ങളിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ നിയമനിർമാണം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ പാർലമെന്റിൽ ശക്തമായി എതിർക്കണം.

കോവിഡ് പ്രതിസന്ധിക്ക് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ആയിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ ഉത്തമ താൽപര്യം മുൻനിർത്തി ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി ഇടപെടണം. എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ യും ഇടപെടേണ്ടതുണ്ട്.

കേന്ദ്രം എച്ച്എൽഎൽ ഉടമസ്ഥത കയ്യൊഴിയാൻ അന്തിമമായി തീരുമാനിക്കുകയാണെങ്കിൽ പ്രസ്തുത ഉടമസ്ഥാവകാശം മത്സരാധിഷ്ഠിത ടെൻഡർ ഒഴിവാക്കി സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ആവശ്യം പാർലമെൻറിൽ ശക്തമായി ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, എംപിമാർ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

 

Eng­lish Sum­ma­ry: The CM said that the Cen­tre’s stand against the projects in Ker­ala is negative

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.