21 April 2024, Sunday

മുലായം സിങ്ങിന് വിട

Janayugom Webdesk
October 11, 2022 5:00 am

കഴിഞ്ഞ കുറച്ചു ദശകങ്ങളായി ഹിന്ദി രാഷ്ട്രീയത്തിന്റെ രംഗഭൂമിക നിര്‍ണയിക്കുന്നതില്‍ മുലായം സിങ്ങിനുണ്ടായിരുന്ന പങ്ക് വലുതായിരുന്നു. ഒരുപക്ഷേ രാജ്യം-പ്രത്യേകിച്ച് ഹിന്ദി മേഖല-ഉറ്റുനോക്കുന്ന ഒരു പൊതുതെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം അകലെ നില്ക്കേ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ നിര്യാണം വല്ലാത്ത വിടവ് അവശേഷിപ്പിക്കുമെന്നതില്‍ സംശയത്തിന് വകയില്ല. പിന്നാക്ക‑സാമുദായിക അടിത്തറയിലാണ് മുലായം സിങ്ങിന്റെ രാഷ്ട്രീയ പടയോട്ടമുണ്ടായതെങ്കിലും ആദ്യകാലത്തെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടും പിന്നാക്ക വിഭാഗങ്ങളോടുള്ള പ്രതിപത്തിയും അവസാനകാലം വരെ കാത്തുസൂക്ഷിച്ചുവെന്നത് അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളില്‍ ഒന്നാണ്. ഗുസ്തിപ്പോരാട്ട വേദിയില്‍ നിന്ന് രാഷ്ട്രീയ ഗോദയിലെത്തിയ വ്യക്തിയായിരുന്നു മുലായം സിങ് യാദവ്. നത്തുസിങ് എന്ന രാഷ്ട്രീയ ഗുരുനാഥന്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ മുലായം സിങ് യാദവെന്ന ഗുസ്തി താരത്തെയാകും നാടിന് ലഭ്യമായിട്ടുണ്ടാവുകയെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പരമ്പരാഗത കുടുംബ പാശ്ചാത്തലത്തില്‍ പിതാവ് ആഗ്രഹിച്ചിരുന്നതും മുലായം എന്ന ഗുസ്തിക്കാരനെയായിരുന്നു. പക്ഷേ ഗുസ്തിപ്പോരാട്ട ഭൂമികയില്‍ നിന്ന് രാഷ്ട്രീയ പോരാട്ടത്തിനെത്തിയ മുലായം രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ ആശയങ്ങളിലായിരുന്നു വിദ്യാര്‍ത്ഥിയായിരിക്കേ ആകൃഷ്ടനായത്.

അതിലൂടെ സോഷ്യലിസ്റ്റ് ആശയത്തിലേക്കെത്തി. അതുകൊണ്ടുതന്നെ സാമുദായിക രാഷ്ട്രീയത്തിന്റെ അടിത്തറയിലും അദ്ദേഹത്തെ സോഷ്യലിസ്റ്റ് ചിന്തയാണ് മുന്നോട്ടു നയിച്ചത്. വിദ്യാര്‍ത്ഥിയായി ഇറ്റാവയിലെ കോളജിലെത്തിയപ്പോഴേയ്ക്കും മുലായം എന്ന വിദ്യാര്‍ത്ഥി ലോഹ്യയുടെ ചിന്താധാരകളോട് കൂടുതല്‍ അടുത്തു. രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന ‘ജന്‍’ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതോടെ മുലായത്തിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ബോധ്യം അടിയുറച്ചതാകുകയും ചെയ്തു. രാഷ്ട്രീയ ഭിക്ഷാംദേഹിയായപ്പോഴും അദ്ദേഹം പ്രസ്തുത ആശയത്തിന് വലിയ പോറലേല്ക്കാത്ത നിലപാടുകളാണ് സ്വീകരിച്ചത്. യുപിയിലെ അധികാരം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ വൈരികളുമായി പോലും അദ്ദേഹം ബാന്ധവമുണ്ടാക്കി. വര്‍ഗീയ‑പ്രതിലോമ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അധികാരത്തിനു പുറത്തിരുത്താനെന്നായിരുന്നു അതിന് അദ്ദേഹത്തിനുള്ള ന്യായവാദം. അല്പായുസുകളായിരുന്നു പല ഭരണകാലവും. എങ്കിലും ഗോദയില്‍ മല്പിടുത്തം ശീലിച്ച മുലായം രാഷ്ട്രീയ എതിരാളികളെ മലര്‍ത്തിയടിച്ചു മുന്നേറി. യുപിയുടെ അടിത്തറയിലാണ് ഉറച്ചുനിന്നതെങ്കിലും ഹിന്ദി രാഷ്ട്രീയത്തിലും ദേശീയതലത്തിലും അദ്ദേഹം പലപ്പോഴും നിര്‍ണായക വ്യക്തിയായി. അരനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കൊണ്ടും കൊടുത്തും നേടിയും കളഞ്ഞുമാണ് അദ്ദേഹം അടയാളപ്പെട്ടത്.


ഇതുകൂടി വായിക്കൂ:  സാങ്കല്പിക ഭീഷണികളും വാചാടോപവും 


1960കളുടെ അവസാനം രാഷ്ട്രീയം തുടങ്ങിയ മുലായം 67ല്‍ വളരെ ചെറുപ്രായത്തില്‍ തന്നെ യുപി നിയമസഭാംഗമായി. 60കളുടെ അവസാനവും 70കളുടെ ആരംഭത്തിലും ലോഹ്യയുടെയും രാജ് നാരായണന്റെയും നേതൃത്വത്തില്‍ ശക്തിപ്രാപിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്താഗതികളുടെ ഭാഗമായി യുപി രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരികയും ചെയ്തു. ഒരു പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ച ആ കാലഘട്ടത്തിന്റെ സന്തതിയായിരുന്നു മുലായം എന്നു പറഞ്ഞാലും തെറ്റാവില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന സമരങ്ങളുടെ പേരില്‍ ജയിലിലായ നിരവധി നേതാക്കളില്‍ മുലായവുമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അരിയിട്ടു വാഴ്ചയ്ക്ക് അന്ത്യം കുറിച്ച 1977ലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ജനതാപാര്‍ട്ടി പ്രതിനിധിയായി നിയമസഭാംഗമായ മുലായം അവിടെ മന്ത്രിസഭയിലും അംഗമായി. പക്ഷേ രാഷ്ട്രീയ ചിത്രം പെട്ടെന്നാണ് തിരിച്ചടിച്ചത്. 1980ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി പരാജയപ്പെട്ടു. ജനതാപാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചു തുടങ്ങുകയും പല ഘടകങ്ങളായി പിരിയുകയും ചെയ്തു തുടങ്ങിയപ്പോള്‍ ലോക്ദളായും ക്രാന്തികാരി മോര്‍ച്ചയായും സോഷ്യലിസ്റ്റ് ജനതാദളായും ഒടുവില്‍ 1991ല്‍ സമാജ് വാദി പാര്‍ട്ടിയായും മുലായം സിങ് രാഷ്ട്രീയ ഗോദയില്‍ നിറഞ്ഞു കളിച്ചു.

സാമുദായിക രാഷ്ട്രീയത്തില്‍ നില്ക്കുമ്പോഴും മതഭ്രാന്തിനും വര്‍ഗീയതയ്ക്കുമെതിരെ പലപ്പോഴും അദ്ദേഹം നിലയുറപ്പിച്ചു. യുപി മുഖ്യമന്ത്രിയായിരിക്കേ അയോധ്യയുടെ പേരില്‍ ആര്‍എസ്എസ് ആരംഭിച്ച കലാപനീക്കങ്ങളെ നേരിടുന്നതില്‍ അദ്ദേഹം ധൈര്യം കാട്ടി. കര്‍സേവകര്‍ക്കെതിരെ വെടിവയ്പുള്‍പ്പെടെ നടത്തുന്നതിന് അദ്ദേഹം നിര്‍ദ്ദേശം നല്കി. യുപി രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങളെ തിരുത്തിയ സംഭവമായിരുന്നു അത്. ഹൈന്ദവ തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് പലപ്പോഴും അദ്ദേഹം സ്വീകരിച്ചു. മണ്ഡല്‍ കമ്മിഷൻ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരുവപ്പെട്ട രാഷ്ട്രീയ പരിസരമാണ് മുലായത്തെ രാജ്യ ശ്രദ്ധയിലേക്ക് എത്തിച്ചത്. അവിടെയും അദ്ദേഹം തന്റെ ശരിയായ ആശയത്തെ തന്നെ മുറുകെ പിടിക്കുവാന്‍ ശ്രമിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം വേറിട്ടതായി. പത്തുവര്‍ഷം മുമ്പ് യുപിയില്‍ വീണ്ടും അധികാരം ലഭിച്ചപ്പോള്‍ മകന്‍ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കി അദ്ദേഹം അധികാരക്കസേരയില്‍ നിന്നുമാറി. പിന്നാക്ക‑സാമുദായിക രാഷ്ട്രീയത്തിന്റെ അടിത്തറയിലാണെങ്കിലും അരനൂറ്റാണ്ടുകാലം തന്റെ ആശയധാരകളെ വിടാതെ പിന്തുടര്‍ന്ന നേതാവായാണ് മുലായം സിങ് എന്ന പേര് അവശേഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.