20 October 2024, Sunday
KSFE Galaxy Chits Banner 2

ശരീരംകൊണ്ട് പറ്റില്ലെങ്കിൽ ശാരീരംകൊണ്ട് ‘ഞാനായ്’ മാറുന്ന മുല്ലനേഴി

22ന് മുല്ലനേഴിയുടെ ഓര്‍മ്മദിനം
ഡോ. അജയ് നാരായണൻ
October 20, 2024 7:15 am

”അച്ഛന്നു ശീലായ്മയൊഴിഞ്ഞൊരില്ലം
റിഹേഴ്സലാ വാർഷികനാടകത്തിൽ
നീലാണ്ടനെന്നാലൊരു തോൽവി പറ്റാ
നിരാശ്രയർക്കീശ്വരനുണ്ടു കുഞ്ഞേ!”

അരുമശിഷ്യന് വൈലോപ്പിള്ളി ഓട്ടോഗ്രാഫിൽ എഴുതിക്കൊടുത്ത ഈ വാക്കുകളുടെ ബലത്താലോ ഈശ്വരാനുഗ്രഹത്താലോ കവിത്വം ആത്മാവിലേക്കാഴ്ന്നിറങ്ങിയ ഒരു കവിയുണ്ട് നമുക്ക്, അവിണിശേരയിലെ മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി എന്ന മുല്ലനേഴി. വൈലോപ്പിള്ളി പ്രവചിച്ച ഈശ്വരന്റെ സാമീപ്യത്താൽ മർത്യത്വം സത്യമാക്കിയ കവി. ജീവിതം ലഹരിയാക്കിയ കവി. അനുഭവത്തിന്റെ തെളിച്ചത്തിൽ സൗഹൃദഭാഷണങ്ങളിലും അപരസംവേദനങ്ങളിലും കാണിച്ച സമദർശിത്വം മുല്ലനേഴിക്കു ആർജിതമായത് ഭാരതസാഹിത്യലോകത്തിന്റെ സത്തയിൽനിന്നോ പൈതൃകമായി കരസ്ഥമാക്കിയ ജീവിതമൂല്യങ്ങളിൽനിന്നോ വർത്തമാനകാലത്തിലെ നവമായ ആശയങ്ങളിലൂടെയോ ആവാം. അതിന്റെ പൊരുൾ തേടേണ്ടത് ഒരു കവിത മാത്രമെടുത്തും അതിലെ ആന്തരാർത്ഥങ്ങളിൽ മാത്രം ഒതുങ്ങിയുമല്ല. മുല്ലനേഴിയുടെ കാവ്യസമീക്ഷ അതിലും എത്രയോ വിപുലമാണ്, ആഴത്തിലാണ്. 

എങ്കിലും, ‘ഞാൻ’ എന്ന ചെറുകവിതയിലെ ദർശനങ്ങൾ, കടകോലുകൊണ്ട് വെണ്ണ കടഞ്ഞെടുക്കുമ്പോലെ കവിയുടെ ചിന്തയിൽ കടഞ്ഞെടുത്ത വെളിപാടുകളാണ്. വെണ്ണപോലെ ശുഭ്രവും ശുദ്ധിയും തികഞ്ഞതാണ് എന്നതുമാത്രമല്ല, അനുവാചകന്റെ ആത്മതാപത്തിൽ കല്പനയുടെ വെണ്ണയുരുകി നറുനെയ് ആകുമ്പോൾ കിട്ടുന്ന അനുഭവം അനുവാചകനെ സംബന്ധിച്ചിടത്തോളം അനിർവചനീയവും ആണ്. 

”എനിക്കു തിരിയാ ചില കാര്യങ്ങൾ തനിക്കു തിരിയുന്നു
തനിക്കു തിരിയാ ചില കാര്യങ്ങൾ എനിക്കു തിരിയുന്നു
ഞാനും താനും കൂടിച്ചേർന്നാൽ നാമായ് മാറുന്നു
നമ്മൾ പരസ്പരമിണങ്ങിനിന്നാൽ നന്മകൾ വിളയുന്നു…

ഞാനും ഞാനും ഞാനും ചേർന്നാൽ വലിയൊരു ഞാനാകും
ആ ഞാനല്ലോ പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്നു
അവന്റെ പാദം പിറന്ന മണ്ണിൽ നൃത്തം വയ്ക്കുന്നു
അവന്റെ തലയിൽ വെളുത്ത മാനം കുടയായ്ത്തീരുന്നു” (ഞാൻ).

ഞാനും ഞാനും ചേർന്നാൽ വലിയ ഒന്നാകുന്ന സത്യം ഭാരതസംസ്കാരത്തെ രൂപപ്പെടുത്തിയ സാരോപദേശങ്ങളുടെ അന്തസത്തയാണ്. പൂന്താനത്തിലും എഴുത്തച്ഛനിലും എത്തുമ്പോൾ അവ തികച്ചും കേരളീയമാകുന്നുണ്ട്. ഭാഷയുടെ പരിണാമദശയിൽ ഈ ദർശനങ്ങളുടെ കാമ്പിലാണ് അടിത്തറ നമ്മൾ പാകിയതും.
ഈ ദർശനം കാലത്തിന്റെ അനിവാര്യതയെന്നു മനസ്സിലാക്കാൻ അതീന്ദ്രിയജ്ഞാനമൊന്നും വേണ്ട! ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ബഷീർ ദർശിച്ചതും ഇതേ തത്വമല്ലേ?
ഏതു ബിന്ദുവിൽനിന്നാവുമീ ജ്ഞാനത്തിന്റെ ഉറവിടം എന്നതിനു മുല്ലനേഴിയുടെ മറ്റൊരു കവിത തെളിവാണ്. 

”അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തതാം ജീവിതത്തിൽ നമ്മൾ
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല… (അമ്മ).
ഈ ദർശനം അമ്മയിലോ ഒരു ബിന്ദുവിലോ ഒതുക്കിനിർത്താതെ വിശ്വമാകെ പടർത്തുന്നതും കാണാം,
ഒന്നു മറ്റൊന്നിൻ തുടർച്ചയല്ലോ എന്ന കാഴ്ച ‘ഞാൻ’ എന്ന കവിതയിൽ എത്തുമ്പോൾ, 

”എനിക്കു ഭ്രാന്താണാകാശങ്ങൾ കറുത്തുനിൽക്കുമ്പോൾ
എനിക്കു ഭ്രാന്താണാചാരങ്ങൾ തടുത്തുനിൽക്കുമ്പോൾ”
ദുരാചാരങ്ങളുടെ കൂരിരുൾ ചൂഴ്ന്ന മനസുകൾ, തകർന്ന മൂല്യങ്ങൾ, നിലമറന്ന ബന്ധങ്ങള്‍ തന്റെ മാനം കറുത്തുപോയാൽ ഭ്രാന്ത് പിടിക്കാതെന്തുചെയ്യാൻ? 

എന്നിട്ടും സുന്ദരമായൊരു ലോകം, നന്മ നിറഞ്ഞ അന്തരീക്ഷം സ്വപ്നം കാണുകയും അതിലൂടെ മർത്യതയ്ക്ക് പുത്തൻ നിർവചനം കൊടുക്കുകയും ചെയ്യുമ്പോൾ ‘ഞാൻ’ എന്ന അവസ്ഥയുടെ പൂർണത നിന്നിലാണ് എന്നും നമ്മൾ സോദരരാണെന്നും വെട്ടപ്പെടുന്നു കവി.
ഞാനും താനും കൂടിച്ചേരുമ്പോഴുള്ള അതിമോഹനമായ ലോകത്തെ വരച്ചും അതിലേക്ക് പരനെ അടുപ്പിച്ചും കവി വാനോളം ഉയരുമ്പോൾ വാത്സല്യം, കരുണ, നന്മ തുടങ്ങിയ വികാരങ്ങളുടെ ഘോഷമാണ് ‘ഞാൻ’ എന്ന മഹത്ചിന്തയിൽ വിരിയുന്നത്. ഈ ഘോഷമാണ് കവിയുടെ ലഹരി. ഇവിടെയാണ് കവി ശാരീരമായി അനുവാചകന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നത്.
ഈ കവിതയിൽ എടുത്തുകാട്ടുന്ന നിറഭേദങ്ങൾ ജാതിയുടെയും മതത്തിന്റെയും മാത്രമല്ല, വർത്തമാനകാലത്തിൽ അത് രാഷ്ട്രീയത്തിന്റെയുമാണ്. ഇവിടെ, മുമ്പേ സൂചിപ്പിച്ച ഭ്രാന്തും ആകാശകറുപ്പും വീണ്ടും കടന്നുവരുന്നത് കാണാം. 

”മതിലുകൾ കെട്ടിയുയർത്തുമ്പോൾ നാം കറുത്തുപോകുന്നു
മതിലുകളില്ലാതാകുമ്പോൾ നാം മനുഷ്യരാകുന്നു…”
നോക്കൂ, മർത്യത എന്നതിന്റെ നിലപാട് ഉറപ്പിക്കുകയാണ് ഇവിടെ ‘ഞാൻ.’
മനുഷ്യനാകാനുള്ള മൂലമന്ത്രവും ഇതിലുണ്ട്.
”ഒരൊറ്റൊരാകാശത്തിനു കീഴിൽ ഒരട്ടി മണ്ണുണ്ട്
ഒരട്ടി മണ്ണിൽ തമ്മിലിണങ്ങിയ മൺതരികളുമുണ്ട്
ആത്തരിയീത്തരിയേതോ തരിയുടെ മഹത്വമാർ കണ്ടൂ
ആത്തരമുള്ളൊരു കാഴ്ചയിലേക്കേ നമ്മൾ വളരേണ്ടൂ…”

തൂണിലും തുരുമ്പിലും സൗരയൂഥത്തിലും അതിനും അപ്പുറത്തുമുള്ള പ്രപഞ്ചത്തിന്റെ രസതന്ത്രം തന്നെയല്ലേ ജീവന്റെ ജനിതകത്തിലും അതിലൂടെ ഉരുത്തിരിയുന്ന മർത്യത്വത്തിലും എന്ന് ചൂണ്ടിക്കാട്ടുകയാണ് ‘ഞാൻ.’
വിശ്വത്തോളം പടർന്നു നിൽക്കുന്ന രസതന്ത്രമന്ത്രം ഒരു കണികയിൽനിന്നും തുടങ്ങുന്നു എന്ന ദർശനം ഭൂമിയെ, മനുഷ്യനെ, സർവചരാചരങ്ങളെ പ്രപഞ്ചത്തോളം പടർത്തുന്നു, പരസ്പരം ചങ്ങലയാൽ ബന്ധിപ്പിച്ചു ഞാനും നീയും എന്ന സത്തയെ മനുഷ്യനിൽനിന്നും സർവചരാചരങ്ങളിലേക്കും അതിലും അപ്പുറത്തേക്കും പല ഡൈമെൻഷനിലേക്ക് വളർത്തുന്നു. അതാണ് മുല്ലനേഴിയുടെ ഞാൻ. അതാണ് മുല്ലനേഴിക്കവിതകളുടെ ദർശനം. അതിന്റെ കേന്ദ്രബിന്ദുവാണ് നന്മ എന്ന വികാരവും അതിന്റെ മൂലമായ അമ്മയും. മുല്ലനേഴിയിയുടെ അമ്മയെന്ന വികാരം വെറും ജൈവീകമല്ല, അതിനും അപ്പുറം അത് പടരുന്നുണ്ട്. ഓർമ്മകളിലൂടെ നമുക്കും ആഘോഷിക്കാം മുല്ലനേഴി എന്ന പ്രതിഭയെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.